അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ തീവ്രശ്രമം; വിപണി ചാഞ്ചാട്ടത്തിൽ

പ്രതീക്ഷിച്ചതു പോലെ അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ തീവ്രശ്രമം നടക്കുകയാണ്. ഇന്നു രാവിലെ തുടക്കത്തിൽ ഒരു ശതമാനത്തോളം ഇടിഞ്ഞ മുഖ്യ സൂചികകൾ പിന്നീടു നേട്ടത്തിലേക്കു നീങ്ങി. അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനികളുടെ ഓഹരിവില ഉയരുകയും ചെയ്തു. ബാങ്ക് ഓഹരികളും താഴ്ചയിൽ നിന്നു കുതിച്ചു കയറി. ഒന്നര ശതമാനത്തിലധികം ഇടിഞ്ഞ ബാങ്ക് നിഫ്റ്റി നഷ്ടം നികത്തി തിരിച്ചു കയറി.

എന്നാൽ വിദേശ നിക്ഷേപകർ വലിയ തോതിൽ വിൽപന പുനരാരംഭിച്ചതോടെ സൂചികകൾ ഉയരത്തിൽ നിന്നു താഴേക്കു നീങ്ങി. പിന്നീടു സൂചികകൾ നഷ്ടത്തിലായി. വീണ്ടും തിരിച്ചു കയറി. ബാങ്ക് നിഫ്റ്റിയും നഷ്ടത്തിലേക്കു മാറി. വിപണി ചാഞ്ചാട്ടത്തിലുമായി. ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തിൻ്റെ നിലനിൽപ്പിൻ്റെ വിഷയമാണ് ഇപ്പോൾ നടക്കുന്ന അദാനി എൻ്റർപ്രൈസസ് എഫ്പിഒ (ഓഹരി തുടർവിൽപന). വെള്ളിയാഴ്ച ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ തകർച്ച ഇന്നും തുടർന്നാൽ എഫ്പിഒ പൊളിയും. അത് ഒഴിവാക്കാൻ അഡാനി സർവശക്തിയും പ്രയോഗിച്ചു പൊരുതും എന്നു വ്യക്തമായിരുന്നു. അതാണു വിപണിയിൽ കണ്ടത്.

പൊതു ബജറ്റിനു തൊട്ടു മുൻപു വിപണി തകരാൻ അനുവദിക്കുന്നതിനു ഗവണ്മെൻ്റും തയാറല്ല. സ്വാഭാവികമായും അദാനിയെയും വിപണിയെയും ഉയർത്തി നിർത്താൻ എല്ലാ ശക്തികേന്ദ്രങ്ങളും ഉത്സാഹപൂർവം രംഗത്തിറങ്ങി. അതാണ് ഇന്നു വിപണിയിൽ കണ്ടത്. പക്ഷേ രാവിലെ കണ്ട ഉയർച്ചയും നേട്ടവും അത്ര ഭദ്രമാണെന്നു വിപണി കരുതുന്നില്ല.

അദാനി എൻ്റർപ്രൈസസ്, അദാനി പോർട്സ്, അംബുജ സിമൻ്റ്സ് തുടങ്ങിയവ പ്രതിദിന സർക്യൂട്ട് ലെവലായ 10 ശതമാനം വരെ ഉയർന്നു. പിന്നീട് അവയുടെ വില ഇടിഞ്ഞു. തങ്ങൾ ഉന്നയിച്ച 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും ഉത്തരം നൽകാതെയാണ് അദാനി ഗ്രൂപ്പിൻ്റെ നിഷേധ പ്രസ്താവന എന്നു ഹിൻഡൻ ബർഗ് റിസർച്ച് ഇന്നു രാവിലെ പ്രതികരിച്ചു.

സിമൻ്റ് ഓഹരികൾ ഇന്നു വലിയ നേട്ടമുണ്ടാക്കി. രൂപ ഇന്നു ചെറിയ താഴ്ചയിലാണ്. ഡോളർ രാവിലെ 12 പൈസ നേട്ടത്തിൽ 81.64 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 81.72 രൂപയിലേക്കു കയറി. ലോക വിപണിയിൽ സ്വർണം 1925 ഡോളറിലാണ്. കേരളത്തിൽ ഇന്നു വിലയിൽ മാറ്റമില്ല.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it