നേട്ടത്തിലേക്ക് വിപണി; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ചാഞ്ചാട്ടം, ഇടിഞ്ഞ് എല്‍&ടി
വിപണി ഇന്നു താഴ്ചയില്‍ ആരംഭിച്ചിട്ടു നേട്ടത്തിലേക്കു മാറി. വീണ്ടും താണു. പിന്നീടു നല്ല കയറ്റത്തിലായി. സെന്‍സെക്‌സ് 70,846 വരെ താഴ്ന്നിട്ട് 71,420 വരെ കയറി. നിഫ്റ്റി 21,448 വരെ താഴ്ന്നിട്ട് 21,610 വരെ ഉയര്‍ന്നു.
രാവിലെ ഗണ്യമായി താഴ്ന്ന ബാങ്ക് നിഫ്റ്റി പിന്നീട് 460 പോയിന്റ് കയറി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് മൂന്നാം പാദത്തില്‍ നഷ്ടത്തില്‍ നിന്നു ലാഭത്തിലെത്തി. വരുമാനം 64.7 ശതമാനം വര്‍ധിച്ച് 1,056 കോടി രൂപയായി. 110.4 കോടി നഷ്ടത്തിന്റെ സ്ഥാനത്ത് 244.4 കോടി രൂപയുടെ അറ്റാദായം ഉണ്ടായി. ഓഹരി രാവിലെ രാവിലെ ഏഴര ശതമാനം കയറി 945 രൂപയിലെത്തി. പിന്നീട് താഴ്ന്നു. ഒരു വര്‍ഷം കൊണ്ട് 260 ശതമാനം ഉയര്‍ന്ന ഓഹരിയാണിത്.
പി.ബി ഫിന്‍ടെക് ഓഹരി ഇന്നു 14 ശതമാനത്തിലധികം കയറി ഇഷ്യു വിലയ്ക്കു മുകളിലായി. കമ്പനി ഇതാദ്യമായി ലാഭം ഉണ്ടാക്കി. മൂന്നാം പാദത്തില്‍ വരുമാനം 43 ശതമാനം വര്‍ധിച്ചു. 370 കോടി രൂപ നികുതിക്കു ശേഷം ലാഭമുണ്ട്.
ഇ.പി.എസ് പ്രതീക്ഷയോളം വരാത്തതു കൊണ്ട് എല്‍ ആന്‍ഡ് ടി ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ലാഭ മാര്‍ജിന്‍ അടുത്ത പാദങ്ങളില്‍ വര്‍ധിക്കും എന്നു കരുതുന്ന ബ്രോക്കറേജുകള്‍ ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തി.
മൂന്നാഴ്ച കൊണ്ട് 90 ശതമാനം ഉയര്‍ന്ന് ഇന്ന് 59 രൂപയിലെത്തിയ ധനലക്ഷ്മി ബാങ്ക് ഓഹരി പിന്നീടു താണു. ജനുവരി ആദ്യം മികച്ച റിസള്‍ട്ട് പ്രസിദ്ധീകരിച്ച ബാങ്കില്‍ സി.ഇ.ഒ ശിവന്‍ ജെ.കെ. യുടെ കാലാവധി പിന്‍ഗാമിയെ നിയമിക്കും വരെയാക്കി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു.
രൂപ ഇന്നു മാറ്റമില്ലാതെ തുടക്കമിട്ടു ഡോളര്‍ 83.11 രൂപയില്‍ വ്യാപാരം ആരംഭിച്ചു. സ്വര്‍ണം ലോകവിപണിയില്‍ 2033 ഡോളറില്‍ നില്‍ക്കുന്നു. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ലാതെ 46,400 രൂപയില്‍ തുടരുന്നു. ക്രൂഡ് ഓയില്‍ അല്‍പം താണു. ബ്രെന്റ് ഇനം ക്രൂഡ് 82.50 ഡോളറിലെത്തി.