വിപണി താഴ്ചയിൽ, അദാനി ഗ്രൂപ്പ് ഓഹരികൾ ചാഞ്ചാടുന്നു

ഓഹരിവിപണി ഇന്നു കയറ്റം സൂചിപ്പിച്ചു നേട്ടത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും മിനിറ്റുകൾക്കകം നഷ്ടത്തിലേക്കു മാറി. അദാനി ഗ്രൂപ്പ് ഓഹരികളാകട്ടെ പ്രതീക്ഷിച്ച നേട്ടം തുടക്കത്തിൽ കാണിച്ചില്ല. മുഖ്യ സൂചികകൾ അരശതമാനം വരെ താഴ്ന്നു. പിന്നീടു നഷ്ടം അൽപം കുറച്ചു. എങ്കിലും ഇന്നലത്തെ നേട്ടം മുഴുവൻ നഷ്ടപ്പെട്ട നിലയാണ്.

രാവിലെ 10 വരെ അദാനി എഫ്പിഒയ്ക്ക് ആറു ശതമാനം അപേക്ഷകളാണു ലഭിച്ചിട്ടുള്ളത്. ഫണ്ടുകളും അതിസമ്പന്നരുടെ ഫാമിലി ഓഫീസുകളും നിക്ഷേപ നിധികളും ഉച്ചയ്ക്കു ശേഷം അപേക്ഷിക്കുമെന്നാണു കരുതുന്നത്. അദാനി എന്റർപ്രൈസസ് ഓഹരി ഇന്ന് രാവിലെ നാലു ശതമാനം ഉയർന്നു. എങ്കിലും ഇഷ്യു വിലയിലും താഴെയാണ്. അദാനി ഗ്രീൻ തുടക്കത്തിലെ വലിയ താഴ്ചയിൽ നിന്ന് കയറി. അഡാനി ട്രാൻസ്മിഷൻ, പോർട്സ്, അംബുജ സിമന്റ്സ്, എസിസി എന്നിവ നേട്ടത്തിലായി. അദാനി പവറും അഡാനി വിൽമറും അഞ്ചു ശതമാനം ഇടിവിലാണ്.

ഐടി മേഖലയാണു രാവിലെ സൂചികകളെ വലിച്ചു താഴ്ത്തിയത്. യുഎസിൽ നാസ് ഡാക് സൂചിക രണ്ടു ശതമാനത്താേളം ഇടിഞ്ഞത് ഇവിടെ പ്രതിഫലിക്കുകയായിരുന്നു. മുഖ്യ ഐടി കമ്പനികൾ ഒന്നു മുതൽ മൂന്നു വരെ ശതമാനം ഇടിഞ്ഞു. ടെക്‌ മഹീന്ദ്ര, കാേ ഫോർജ് തുടങ്ങിയവ രണ്ടു ശതമാനത്തിലധികം താഴോട്ടു പോയി. ഹെൽത്ത് കെയർ, ഫാർമ, എഫ്എംസിജി, റിയൽറ്റി തുടങ്ങിയ മേഖലകളും വലിയ നഷ്ടം കാണിച്ചു.

സ്വകാര്യബാങ്കുകൾ ഇന്നും തുടക്കത്തിലെ നേട്ടത്തിൽ നിന്നു നഷ്ടത്തിലേക്കു മാറി. എന്നാൽ എസ്ബിഐയും പിഎൻബിയും അടക്കം പാെതുമേഖലാ ബാങ്കുകൾ മികച്ച നേട്ടത്തിലായി. പിഎൻബിയുടെ മൂന്നാം പാദ ഫലങ്ങൾ പ്രതീക്ഷയിലും മെച്ചമായി.

വാഹന, മെറ്റൽ ഓഹരികൾ ഇന്നു നല്ല കയറ്റത്തിലാണ്. റിസൽട്ട് മികച്ചതായെങ്കിലും എൽ ആൻഡ് ടി ഓഹരി താഴ്ചയിലേക്കു മാറി. ലോകവിപണിയിൽ പഞ്ചസാരവില കയറുകയാണ്. ഇന്ത്യയിൽ കയറ്റുമതി ക്വാേട്ട ഉള്ള പഞ്ചസാര മില്ലുകൾക്കു നേട്ടമാകും. അമരരാജ ബാറ്ററീസിന്റെ ചിറ്റൂരിലെ ഫാക്ടറിയിൽ അഗ്നിബാധ. ആളപായമില്ല. വസ്തുനാശം ഉണ്ട്. ഓഹരിവില അൽപം താണു.

ഇന്നു ഡയറക്ടർ ബോർഡ് യോഗം ചേരുന്ന സാഹചര്യത്തിൽ വോഡഫോൺ ഐഡിയ ഓഹരികളിൽ ചെറിയ ഉയർച്ചയുണ്ട്. ധനസമാഹരണമാണു ചർച്ച. എടിസി ടെലികോമിന് ഓപ്ഷണലി കൺവേർട്ടിബിൾ ഡിബഞ്ചർ നൽകാൻ നവംബറിൽ എടുത്ത തീരുമാനം നടപ്പിലായിരുന്നില്ല. അതു പുതുക്കാനുള്ള നടപടി ഉണ്ടാകും.

ഡോളർ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. 12 പൈസ ഉയർന്ന് 81.60 രൂപയിലാണു ഡോളർ വിനിമയം തുടങ്ങിയത്. പിന്നീട് 81.70 രൂപയിലേക്കു കയറി. ലോക വിപണിയിൽ സ്വർണം 1920 ഡോളറിലായി. കേരളത്തിൽ പവന് 120 രൂപ കുറഞ്ഞ് 42,000 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it