Begin typing your search above and press return to search.
വിപണിയില്‍ ആശ്വാസ റാലി, അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് ഇന്നും കയറ്റം, ഇന്‍ഷുറന്‍സ് ഓഹരികളും തിരിച്ചു കയറി
വ്യാഴാഴ്ചയിലെ വലിയ തകര്‍ച്ചയ്ക്കു ശേഷം ഇന്നു രാവിലെ ഇന്ത്യന്‍ വിപണി ആശ്വാസ റാലിയിലാണ്. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതല്‍ കയറി. ഒരു മണിക്കൂറിനകം മുഖ്യ സൂചികകള്‍ അര ശതമാനം ഉയര്‍ന്നു. നിഫ്റ്റി 24,072 പോയിന്റും സെന്‍സെക്‌സ് 79,534 പോയിന്റും വരെ എത്തി. പിന്നീട് നിഫ്റ്റി 24,000 നു താഴെയായി.
ഹെല്‍ത്ത് കെയര്‍, ഫാര്‍മ, ഓയില്‍ - ഗ്യാസ്, മീഡിയ, ഓട്ടോ, ഐ.ടി തുടങ്ങിയവ നേട്ടത്തിലാണ്.
മുന്‍ എം.ഡി പവന്‍ ഗോയങ്കയെ ഡയറക്ടര്‍ ആയി വീണ്ടും നിയമിക്കാനുള്ള പ്രമേയം ഓഹരി ഉടമകള്‍ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി ആറു ശതമാനം കയറി.
ഗോള്‍ഡ്മാന്‍ സാക്‌സ് വില്‍പന ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ ഓഹരി 10 ശതമാനം ഇടിഞ്ഞു.
ബാങ്ക് വഴി ഇന്‍ഷ്വറന്‍സ് വില്‍ക്കുന്നതു നിയന്ത്രിക്കും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ ഇടിഞ്ഞ ലൈഫ് ഇന്‍ഷ്വറന്‍സ് ഓഹരികള്‍ ഇന്നു രാവിലെ കയറ്റത്തിലായി. എസ്.ബി.ഐ ലൈഫ്, എച്ച്.ഡി.എഫ്.സി ലൈഫ്, മാക്‌സ്, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ എന്നിവ രണ്ടു ശതമാനം വരെ ഉയര്‍ന്നു. പിന്നീടു നേട്ടം കുറഞ്ഞു. ചിലതു നഷ്ടത്തിലുമായി.
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും കയറ്റത്തിലാണ്. അദാനി ഗ്രീന്‍ 14 ശതമാനവും എനര്‍ജി 12 ശതമാനവും ടോട്ടല്‍ ഗ്യാസ് ഏഴും അദാനി പവര്‍ നാലും ശതമാനം ഉയര്‍ന്നു.
ഫാര്‍മ ഓഹരികള്‍ ഇന്നു കയറി. ആല്‍കെം, സണ്‍, സിപ്ല, ഡിവിസ്, ലോറസ് തുടങ്ങിയവ നേട്ടം ഉണ്ടാക്കി.
രൂപ, സ്വർണം, ക്രൂഡ്
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 84.48 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.50 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ കുതിച്ചുകയറുകയാണ്. ഔണ്‍സിന് 2659 ഡോളര്‍ ആയി. ഇന്നലെ 2637.90 ഡോളറിലാണു ക്ലോസ് ചെയ്തത്. രാവിലെ 21 ഡോളര്‍ കൂടി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 560 രൂപ കൂടി 57,280 രൂപയായി.
ക്രൂഡ് ഓയില്‍ വില ചെറിയ കയറ്റിറക്കങ്ങളിലാണ്. ഇന്നു രാവിലെ ബ്രെന്റ് ഇനം 73.38 ഡോളറില്‍ എത്തി.
Next Story
Videos