യുഎസ് ഭരണസ്തംഭനം നീങ്ങി; വിപണികള്‍ ഉണര്‍വില്‍; ചില്ലറവിലക്കയറ്റത്തില്‍ റെക്കോര്‍ഡ് ഇടിവ്; ബുള്ളുകള്‍ പ്രതീക്ഷയോടെ; സ്വര്‍ണം താഴുന്നു

ബിഹാര്‍ തെരഞ്ഞെടുപ്പുഫലം നാളെ രാവിലെ അറിഞ്ഞു തുടങ്ങും. എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്കു വന്‍വിജയം പ്രവചിച്ചെങ്കിലും റിസല്‍ട്ട് വരും വരെ അനിശ്ചിതത്വവും ആശങ്കയും തുടരും
TCM, Morning Business News
Morning business newscanva
Published on

അമേരിക്കയിലെ ഏറ്റവും ദീര്‍ഘമായ ഭരണസ്തംഭനം 43-ാം ദിവസം അവസാനിച്ചു. ഇതിനുള്ള ബില്‍ കോണ്‍ഗ്രസിന്റെ രണ്ടു സഭകളും പാസാക്കിയതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇതു യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്‌സിനു നല്ല കയറ്റം നല്‍കി. സ്വര്‍ണവില താഴുകയും ക്രിപ്‌റ്റോ കറന്‍സികള്‍ ഉയരുകയും ചെയ്തു. ഏഷ്യന്‍ വിപണികളില്‍ ആദ്യത്തെ ദൗര്‍ബല്യം ഒട്ടൊന്നു മാറി. ഇന്ത്യന്‍ വിപണിക്കും ഇതിന്റെ നേട്ടം ഉണ്ടാകാം.

ഇന്ത്യയില്‍ ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം 0.25 ശതമാനമായി ഇടിഞ്ഞു. 13 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അടുത്ത പണനയ കമ്മിറ്റി യോഗത്തില്‍ പലിശ കുറയ്ക്കാന്‍ തീരുമാനിക്കും എന്ന പ്രതീക്ഷ ബലപ്പെട്ടു. ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 4.50 ശതമാനത്തില്‍ തുടരുന്നതു കാര്യങ്ങള്‍ അത്ര മെച്ചമല്ല എന്നു കാണിക്കുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പുഫലം നാളെ രാവിലെ അറിഞ്ഞു തുടങ്ങും. എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്കു വന്‍വിജയം പ്രവചിച്ചെങ്കിലും റിസല്‍ട്ട് വരും വരെ അനിശ്ചിതത്വവും ആശങ്കയും തുടരും. എക്‌സിറ്റ് പോളിനു വിപരീതമായി റിസല്‍ട്ട് വന്നാല്‍ വിപണി അഞ്ചു ശതമാനത്തിലധികം ഇടിയുമെന്നു ചില ബ്രോക്കറേജുകള്‍ പറയുന്നു. പരാജയം എന്‍ഡിഎയില്‍ ഉലച്ചില്‍ ഉണ്ടാക്കാം എന്നതു കൊണ്ടാണിത്. വിപണിയിലെ ബുള്ളുകള്‍ വിപരീതഫലം പ്രതീക്ഷിക്കുന്നില്ല.

ഡെറിവേറ്റീവ് വിപണിയില്‍ നിഫ്റ്റി ബുധനാഴ്ച രാത്രി 25,942.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,960 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഉയര്‍ന്നു

യുകെ ഒഴികെയുള്ള യൂറോപ്യന്‍ വിപണികള്‍ ഇന്നലെ നല്ല മുന്നേറ്റം നടത്തി. യുകെയില്‍ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമര്‍ക്ക് എതിരേ ലേബര്‍ പാര്‍ട്ടിയില്‍ നീക്കം നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി. ഈ മാസം 26 നു ധനമന്ത്രി റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കുന്ന ബജറ്റ് ജോലിക്കാരുടെ നികുതിഭാരം വര്‍ധിപ്പിച്ചാല്‍ സ്റ്റാമറെ മറിച്ചിടാനാണു നീക്കം. ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിംഗ്, ഊര്‍ജ മന്ത്രി എഡ് മിലിബാന്‍ഡ്, ആഭ്യന്തര മന്ത്രി ഷബാന മഹമൂദ് തുടങ്ങിയവരാണ് പ്രധാനമന്ത്രി പദം നോട്ടമിടുന്നവര്‍. രാഷ്ടീയ നീക്കങ്ങള്‍ യുകെ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വില താഴ്ത്തി.

ഡൗ റെക്കോര്‍ഡില്‍, നാസ്ഡാക് ദുര്‍ബലം

ഭരണസ്തംഭന ആശങ്ക മാറി വന്നതോടെ യുഎസ് വിപണികള്‍ ഭിന്ന ദിശകളിലായി. ഡൗ ജോണ്‍സ് സൂചിക ആദ്യമായി 48,000 നു മുകളില്‍ ക്ലോസ് ചെയ്തു. അതേ സമയം ടെക് ഓഹരികളുടെ ദൗര്‍ബല്യത്തില്‍ നാസ്ഡാക് സൂചിക രണ്ടാം ദിവസവും ചെറിയ നഷ്ടത്തില്‍ അവസാനിച്ചു. ചിപ്പ് നിര്‍മാണ കമ്പനി എഎംഡി വലിയ വളര്‍ച്ച പ്രതീക്ഷകള്‍ അവതരിപ്പിച്ച് ഒന്‍പതു ശതമാനം കുതിച്ചു. ആമസോണും ആപ്പിളും ടെസ്ലയും താഴ്ന്നു. എന്‍വിഡിയ വിപണി സമയത്തു നാമമാത്രമായി ഉയര്‍ന്നെങ്കിലും പിന്നീടു താഴ്ന്നു.

വിപണിസമയത്തിനു ശേഷം മികച്ച വളര്‍ച്ച കാണിക്കുന്ന റിസല്‍ട്ട് സിസ്‌കോ പ്രസിദ്ധീകരിച്ചു. വിപണിസമയത്തു 3.14% ഉയര്‍ന്ന സിസ്‌കോ പിന്നീട് 7.4 ശതമാനം കുതിച്ചു.

ഡൗവും എസ് ആന്‍ഡ് പിയും വ്യാപാരത്തിനിടെ എത്തിയ ഉയരത്തില്‍ നിന്നു ഗണ്യമായി താഴ്ന്നും നാസ്ഡാക് താഴ്ചയില്‍ നിന്നു കാര്യമായി ഉയര്‍ന്നുമാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് സൂചിക ബുധനാഴ്ച 326.86 പോയിന്റ് (0.68%) ഉയര്‍ന്ന് 48,254.82 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 4.31 പോയിന്റ് (0.06%) നേട്ടത്തോടെ 6850.92 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 61.84 പോയിന്റ് (0.26%) താഴ്ന്ന് 23,406.46 ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.18 ഉം എസ് ആന്‍ഡ് പി 0.16 ഉം നാസ്ഡാക് 0.34 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.

ഏഷ്യന്‍ വിപണികള്‍ ദുര്‍ബലം

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ നിക്കൈ 0.50 ശതമാനം ഉയര്‍ന്നു. ഇന്നലെ 10 ശതമാനം ഇടിഞ്ഞ സോഫ്റ്റ് ബാങ്ക് ഇന്ന് അഞ്ചു ശതമാനം കൂടി താഴ്ന്നു. ഓസ്‌ട്രേലിയന്‍ വിപണി 0.75 ശതമാനം താഴ്ന്നു. ഹോങ് കോങ്, ചൈനീസ് സൂചികകളും താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യന്‍ വിപണി കുതിപ്പില്‍

ബിഹാര്‍ എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്കു വന്‍വിജയം പ്രവചിച്ചത് ഇന്നലെ ഇന്ത്യന്‍ വിപണിയെ നല്ല നേട്ടത്തിലേക്കു നയിച്ചു. മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതല്‍ നേട്ടം ഉണ്ടാക്കി. ഉച്ചയ്ക്കു ശേഷം ഏഷ്യന്‍ പെയിന്റ്‌സ് പ്രതീക്ഷയേക്കാള്‍ മെച്ചപ്പെട്ട റിസല്‍ട്ട് പുറത്തുവിട്ടതും വിപണിക്ക് ഊര്‍ജമായി. എന്നാല്‍ വില്‍പന സമ്മര്‍ദം മൂലം മുഖ്യസൂചികകള്‍ ആദ്യം എത്തിയ ഉയരത്തില്‍ നിന്നു കുറേ താഴ്ന്നാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 25,900 നും സെന്‍സെക്‌സ് 84,600 നും മുകളില്‍ കയറിയെങ്കിലും അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. വിപണിക്ക് ആശങ്കകള്‍ തുടരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു. വിദേശ നിക്ഷേപകര്‍ വലിയ വില്‍പന തുടരുകയാണ്. ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലധികം ഇടിഞ്ഞതും ടാറ്റാ സ്റ്റീലിന്റെ മികച്ച റിസല്‍ട്ടും ഇന്നു വിപണിയെ സഹായിക്കും.

ഐടി, ഓട്ടോ, ഫാര്‍മ, മീഡിയ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ എന്നിവയാണ് ഇന്നലെ വിപണിയെ ഉയര്‍ത്തിയത്. റിയല്‍റ്റിയും മെറ്റലും താഴ്ന്നു. ബാങ്ക്, ധനകാര്യ ഓഹരികള്‍ വിപണിയേക്കാള്‍ താഴ്ന്ന മുന്നേറ്റമേ നടത്തിയുള്ളൂ. വിശാലവിപണിയും നല്ല കയറ്റം കാഴ്ചവച്ചു.

ബുധനാഴ്ച നിഫ്റ്റി 180.85 പോയിന്റ് (0.70%) ഉയര്‍ന്ന് 25,875.80 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 595.19 പോയിന്റ് (0.71%) കയറി 84,466.51 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 136.50 പോയിന്റ് (0.23%) നേട്ടത്തോടെ 58,274.65 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 475.30 പോയിന്റ് (0.79%) ഉയര്‍ന്ന് 60,902.30 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 149.05 പോയിന്റ് (0.82%) കുതിച്ച് 18,250.45 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിനൊപ്പം ആയി. ബിഎസ്ഇയില്‍ 2447 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1764 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1918 എണ്ണം. താഴ്ന്നത് 1174 ഓഹരികള്‍.

എന്‍എസ്ഇയില്‍ 104 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 97 എണ്ണമാണ്. ആറ് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ മൂന്നെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ ബുധനാഴ്ചയും വില്‍പന തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 1750.03 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 5127.12 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വിപണി വീണ്ടും ബുള്‍ നിയന്ത്രണത്തിലായി. നിഫ്റ്റി 26,100 - 26,200 മേഖല ലക്ഷ്യമിട്ടു നീങ്ങും എന്നാണ് അവരുടെ പ്രതീക്ഷ. 25,700ലെ പിന്തുണ ശക്തമാണ്. ഇന്നു നിഫ്റ്റിക്ക് 25,800 ലും 25,755 ലും പിന്തുണ ഉണ്ടാകും. 25,925 ഉം 26,000 വും തടസമാകാം.

റിസല്‍ട്ടുകള്‍ ഇന്ന്

ഇന്നു റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്ന ചില കമ്പനികള്‍: ആഥര്‍ ഇന്‍ഡ്, ആല്‍കെം ലാബ്‌സ്, അപ്പോളോ ടയേഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാന്യൂള്‍സ് ഇന്ത്യ, ഹീറോ മോട്ടോ കോര്‍പ്, ഇപ്കാ ലാബ്, ജൂബിലന്റ് ഫുഡ്, എല്‍ജി ഇലക്ട്രോണിക്‌സ്, സംവര്‍ധന മദര്‍സണ്‍, മുത്തൂറ്റ് ഫിനാന്‍സ്, എന്‍എസ്ഡിഎല്‍, പരസ് ഡിഫന്‍സ്, ശില്‍പ മെഡി, സൊനാറ്റ, ടിറ്റാഗഢ് റെയില്‍, വോള്‍ട്ടാസ്, വിശാല്‍ മെഗാ മാര്‍ട്ട്.

കമ്പനികള്‍, വാര്‍ത്തകള്‍

പ്രമുഖ വാഹന കമ്പനി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മനു ലൈഫുമായി ചേര്‍ന്ന് ലൈഫ് ഇന്‍ഷ്വറന്‍സ് രംഗത്തേക്കു കടക്കുന്നു. രണ്ടു കമ്പനികളും 50:50 സംയുക്ത സംരംഭം ഉണ്ടാക്കാന്‍ കരാര്‍ ആയി. ആദ്യ അഞ്ചു വര്‍ഷം 1250 കോടി രൂപ ഓരോ കമ്പനിയും മൂലധനമായി നിക്ഷേപിക്കും.

വേദാന്ത ലിമിറ്റഡിന്റെ വിഭജന നീക്കത്തെ അനുകൂലിക്കാന്‍ ഗവണ്മെന്റ് ഇനിയും തയാറായിട്ടില്ല. കമ്പനി നിയമ ട്രൈബ്യൂണലിലെ വാദം കേള്‍ക്കല്‍ ഇന്നലെ അവസാനിച്ചു. വിധി തീയതി പറയാതെ അവധിക്കു വച്ചു.

ടാറ്റാ സ്റ്റീല്‍ രണ്ടാം പാദത്തില്‍ വരുമാനം 8.9% വര്‍ധിച്ചപ്പോള്‍ അറ്റാദായം മൂന്നു മടങ്ങായി ഉയര്‍ത്തി. 58,689 കോടി രൂപ വരുമാനത്തില്‍ പ്രവര്‍ത്തനലാഭം 45 ശതമാനം കുതിച്ച് 8897 കോടി രൂപയായി. ലാഭമാര്‍ജിന്‍ 15.2% ആയി. അറ്റദായം പ്രതീക്ഷകളെ മറികടന്ന് 3183 കോടി രൂപയായി.

രണ്ടാം പാദത്തില്‍ സ്‌പൈസ്‌ജെറ്റിന്റെ നഷ്ടം 458 കോടിയില്‍ നിന്ന് 621 കോടി രൂപയായി വര്‍ധിച്ചു. വരുമാനം 13.4 ശതമാനം കുറഞ്ഞു.

വരുമാനം 2.2 ശതമാനം കുറഞ്ഞപ്പോള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ രണ്ടാം പാദ ലാഭം 43 ശതമാനം ഇടിഞ്ഞ് 107.5 കോടി രൂപയായി പ്രവര്‍ത്തനലാഭം 62.7% ശതമാനം കുറഞ്ഞു.

ഐആര്‍സിടിസിയുടെ രണ്ടാം പാദ വരുമാനം 7.7% കൂടിയപ്പോള്‍ പ്രവര്‍ത്തനലാഭം 8.3 ഉം അറ്റാദായം 11 ഉം ശതമാനം ഉയര്‍ന്നു.

രണ്ടാം പാദ വരുമാനം 19.2% കുറഞ്ഞപ്പോള്‍ ഇര്‍കോണ്‍ പ്രവര്‍ത്തനലാഭം 29.6% വും അറ്റാദായം 33.7% വും ഇടിഞ്ഞു.

ഇന്ദ്ര പ്രസ്ഥ ഗ്യാസിന്റെ വരുമാനം 2.8 ശതമാനം കൂടിയപ്പോള്‍ പ്രവര്‍ത്തനലാഭം 13.6% ഇടിഞ്ഞു.

ഓണ്‍ലൈന്‍ ഗെയിമിംഗിനു നിയന്ത്രണം വന്നെങ്കിലും നാസറ ടെക്‌നോളജീസ് വരുമാനം 65% കൂടി. അറ്റാദായം കുതിച്ച് 885 കോടി രൂപയായി. നോഡ്വിന്‍ ഗെയിമിംഗ് കമ്പനിയിലെ ഓഹരി പുനര്‍മൂല്യനിര്‍ണയം നടത്തിയതു വഴിയുള്ള ഒറ്റത്തവണ വരുമാനമാണ് അറ്റാദായ വര്‍ധനയ്ക്കു പിന്നില്‍.

പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് വരുമാനം 5.5% വര്‍ധിച്ചപ്പോള്‍ പ്രവര്‍ത്തന ലാഭം 44.2% വും അറ്റാദായം 124 ശതമാനവും കുതിച്ചു. ലാഭമാര്‍ജിന്‍ 37.4 ശതമാനം ഉണ്ട്.

സ്വര്‍ണം 4200 ഡോളറില്‍ കയറി, പിന്മാറി

യുഎസ് ഭരണസ്തംഭനം അവസാനിച്ചതോടെ സ്വര്‍ണം മറ്റൊരു ബുള്‍ തരംഗത്തിനു വഴി തുറക്കുമോ വില തിരിച്ച് ഇറങ്ങുമോ എന്ന സന്ദേഹത്തിലാണു വിപണി. ഒന്നരമാസം സാമ്പത്തിക സൂചകങ്ങള്‍ കിട്ടാതിരുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കല്‍ തുടരും എന്ന പ്രതീക്ഷ വിപണിയിലെ ബുള്ളുകള്‍ക്കുണ്ട്. പണലഭ്യത കൂട്ടുന്ന ആ നീക്കം സ്വര്‍ണത്തെ കയറ്റും എന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇന്നലെ ഔണ്‍സിന് 4210.50 ഡോളര്‍ വരെ വിലയെ കയറ്റിയത് ഈ പ്രതീക്ഷയാണ്. ഫെഡ് പലിശ കുറച്ചാലും അതിന്റെ ഗുണം ഓഹരി വിപണിക്കു മാത്രമേ ഉണ്ടാകൂ എന്നു കരുതുന്നവര്‍ കുറവല്ല. സ്വര്‍ണത്തിലേക്കുള്ള ചില്ലറ നിക്ഷേപകരുടെ വരവ് ഒക്ടോബറില്‍ കുറഞ്ഞത് ഒരു സൂചനയായി അവര്‍ കാണുന്നു. 4200 ഡോളറിനു താഴേക്കു ക്ലോസിംഗ് വില എത്തിച്ചത് അവരാണ്.

തലേന്നത്തേക്കാള്‍ 68.50 ഡോളര്‍ (1.66%) കുതിച്ച് ഔണ്‍സിന് 4196.40 ഡോളറില്‍ ഇന്നലെ വ്യാപാരം അവസാനിച്ചു. ഇന്നു രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ വില ഔണ്‍സിന് 4210 ഡോളറിലേക്കു കയറിയിട്ടു താഴ്ന്ന് 4180 ഡോളറില്‍ എത്തി. പിന്നീടു 4195 ലേക്ക് ഉയര്‍ന്നു.

സ്വര്‍ണം അവധിവില രണ്ടു ശതമാനത്തിലധികം കയറി 4213.60 ഡോളറിനു മുകളില്‍ ക്ലോസ് ചെയ്തു. ഇന്നുരാവിലെ താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില ഇന്നലെ 240 രൂപ താഴ്ന്ന് 92,040 രൂപയില്‍ എത്തി.

വെള്ളിയുടെ സ്‌പോട്ട് വില അഞ്ചു ശതമാനത്തോളം കുതിച്ച് 53.23 ഡോളറില്‍ എത്തി. ഇന്നു രാവിലെ 53.34 ലേക്കു കയറി. അവധിവില ഇന്ന് 53.46 ല്‍ എത്തി.

പ്ലാറ്റിനം 160 ഡോളര്‍, പല്ലാഡിയം 1453 ഡോളര്‍, റോഡിയം 7925 ഡോളര്‍ എന്നിങ്ങനെയാണു വില.

ലോഹങ്ങള്‍ കുതിപ്പില്‍

നിക്കല്‍ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച മികച്ച മുന്നേറ്റം നടത്തി. ചെമ്പ് 0.52 ശതമാനം ഉയര്‍ന്നു ടണ്ണിന് 10,833.00 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.70 ശതമാനം കുതിച്ച് 2894.50 ഡോള റില്‍ എത്തി. സിങ്കും ലെഡും ടിന്നും ഉയര്‍ന്നപ്പോള്‍ നിക്കല്‍ താഴ്ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.18 ശതമാനം കുറഞ്ഞു കിലോഗ്രാമിന് 170.10 സെന്റില്‍ എത്തി. കൊക്കോ 3.73 ശതമാനം താഴ്ന്നു ടണ്ണിന് 5611.45 ഡോളര്‍ ആയി. കാപ്പി 5.23 ശതമാനം ഇടിഞ്ഞു. തേയില വില മാറ്റമില്ലാതെ തുടര്‍ന്നു. പാം ഓയില്‍ വില 0.34 ശതമാനം താഴ്ന്നു.

ഡോളര്‍ സൂചിക ചാഞ്ചാടുന്നു

ഡോളര്‍ സൂചിക ഇന്നലെ 99.71 വരെ ഉയര്‍ന്നിട്ട് ഇടിഞ്ഞ് 99.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.56 ലേക്കു കയറി.

കറന്‍സി വിപണിയില്‍ ഡോളര്‍ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു. യൂറോ 1.1591 ഡോളറിലേക്കും പൗണ്ട് 1.313 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 154.72 യെന്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.083 ശതമാനം ആയി കൂടി.

ബുധനാഴ്ച ഡോളര്‍ ആറു പൈസ താഴ്ന്ന് 88.63 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെടല്‍ തുടരുകയാണ്.

ചൈനയുടെ കറന്‍സി ഡോളറിന് 7.11 യുവാന്‍ എന്ന നിലയിലേക്കു കയറി.

ക്രൂഡ് ഓയില്‍ ഇടിവില്‍

ക്രൂഡ് ഓയില്‍ വില താഴുകയാണ്. രണ്ടു പ്രമുഖ റഷ്യന്‍ കമ്പനികള്‍ക്കെതിരായ ഉപരോധം വിപണിയില്‍ ലഭ്യത കുറയ്ക്കും എന്നു കരുതിയെങ്കിലും മറിച്ചാണു സംഭവിക്കുന്നത്. വില കുറച്ചു കിട്ടുന്ന റഷ്യന്‍ എണ്ണയെ ഇന്ത്യ ഒരു പരിധിക്കപ്പുറം ഒഴിവാക്കില്ല എന്നാണു സൂചന. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഡിസംബര്‍ ആദ്യം ഇന്ത്യയില്‍ വരുന്നുണ്ട്. അതു വരെ റഷ്യന്‍ എണ്ണയ്‌ക്കെതിരേ ഇന്ത്യ പരസ്യപ്രസ്താവന നടത്താനിടയില്ല.

ബ്രെന്റ് ഇനം ക്രൂഡ് ബുധനാഴ്ച നാലു ശതമാനം ഇടിഞ്ഞു വീപ്പയ്ക്ക് 62.68 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ വില 62.46 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 58.23 ഡോളറിലും മര്‍ബന്‍ ക്രൂഡ് 64.54 ഡോളറിലും ആണ്. പ്രകൃതിവാതക വില 4.55 ഡോളറില്‍ തുടരുന്നു.

ക്രിപ്‌റ്റോകള്‍ കയറി

ക്രിപ്‌റ്റോ കറന്‍സികള്‍ തിരിച്ചു കയറുകയാണ്. യുഎസ് ഭരണസ്തംഭനം തീര്‍ന്നതാണു കാരണം.. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,02,300 ഡോളറിനു തൊട്ടുമുകളിലാണ്. ഈഥര്‍ 3450 ല്‍ നില്‍ക്കുന്നു. സൊലാന 154 ഡോളറിലേക്കു കയറി.

വിപണിസൂചനകള്‍

(2025 നവംബര്‍ 12, ബുധന്‍)

സെന്‍സെക്‌സ്30 84,466.51 +0.71%

നിഫ്റ്റി50 25,875.80 +0.70%

ബാങ്ക് നിഫ്റ്റി 58,274.65 +0.23%

മിഡ് ക്യാപ്100 60,902.30 +0.79%

സ്‌മോള്‍ക്യാപ്100 18,250.45 +0.82%

ഡൗജോണ്‍സ് 48,254.82 +0.68%

എസ്ആന്‍ഡ്പി 6850.92 +0.06%

നാസ്ഡാക് 23,406.46 -0.26%

ഡോളര്‍($) ₹88.63 +₹0.06

സ്വര്‍ണം(ഔണ്‍സ്) $4196.40 +68.50

സ്വര്‍ണം(പവന്‍) ₹92,040 -₹240

ക്രൂഡ്(ബ്രെന്റ്)ഓയില്‍$62.73 -$2.36

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com