വിൽപനസമ്മർദത്തിൽ വിപണി

കുതിപ്പും ലാഭമെടുക്കലും ഒന്നിച്ചു വരുമ്പോൾ ഓഹരി വിപണി ചാഞ്ചാടുകയേ മാർഗമുള്ളു. അതാണ് ഇന്നും കാണുന്നത്. ഉത്സാഹത്തോടെ തുടങ്ങിയ വിപണി താമസിയാതെ വിലത്തകർച്ച നേരിട്ടു. നിഫ്റ്റി 15,000-നടുത്തു വരെ താണു. സെൻസെക്സ് 51,100-നു താഴെയായി.

കാർ വിപണിയിൽ മാരുതിയുടെ പങ്ക് 50 ശതമാനത്തിനു താഴെയായെന്ന റിപ്പോർട്ട് ഓഹരി വിലയെ ബാധിച്ചു. കമ്പനിക്ക് ഓർഡർ അനുസരിച്ച് കാർ നിർമിച്ചു നൽകാൻ പറ്റുന്നില്ലെന്നും മറ്റും കമ്പനി മാനേജ്മെൻ്റ് വിശദീകരിച്ചെങ്കിലും ഓഹരി വില താഴോട്ടു പോയി.
എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ബാങ്ക് ഓഹരികളിൽ വലിയ വിൽപന സമ്മർദമുണ്ടായി.ഐടി ഓഹരികളിലും വിൽപന കൂടി.
ക്രൂഡ് ഓയിൽ വില കൂടുന്നതിൻ്റെ പേരിൽ സിയറ്റ്, എം ആർ എഫ് തുടങ്ങിയ ടയർ ഓഹരികൾക്കു വില താണു.
മികച്ച റിസൽട്ട് പുറത്തുവിട്ട ടാറ്റാ സ്റ്റീലിനു തുടക്കത്തിൽ വില കയറിയെങ്കിലും ലാഭമെടുക്കലിനെ തുടർന്നു വില കുറഞ്ഞു.റിലയൻസിനും താഴ്ചയാണ്.
മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ച മുത്തൂറ്റ് ഫിനാൻസിനു നാലു ശതമാനത്തിലേറെ വില കയറി. കോവിഡിനു മുമ്പത്തേക്കാൾ ബിസിനസ് വർധിച്ചെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
പെറുവിൽ ഉൽപാദനം 12.5 ശതമാനം കുറഞ്ഞതിനെ തുടർന്നു ലോക വിപണിയിൽ ചെമ്പു വില റിക്കാർഡ് നിലവാരത്തിലെത്തി.
പലിശ താഴ്ത്തി നിർത്താനുള്ള റിസർവ് ബാങ്കിൻ്റെ ശ്രമം വിജയിക്കുന്നതായി തോന്നുന്നു. പത്തു വർഷ കടപ്പത്രത്തിൻ്റെ വില 6.04 ശതമാനം വരുമാനം ഉണ്ടാകത്തക്ക നിലയിലേക്കു കയറി.
ലോകവിപണിയിൽ സ്വർണ വില 1845 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 35,800 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it