നിഫ്റ്റി റിക്കാർഡിൽ; സെൻസെക്സ് 58,500-നു മുകളിൽ

സമ്മർദങ്ങൾ മറികടന്നു മുന്നേറുകയാണു സൂചികകൾ. വ്യാപാരത്തുടക്കത്തിൽ തന്നെ നിഫ്റ്റി 17,400 നു മുകളിലെത്തി. പിന്നീട് 17,443 എന്ന സർവകാല റിക്കാർഡ് മറികടന്ന് 17,450 നു മുകളിലായി. 58,500 കടന്ന സെൻസെക്സും നല്ല നേട്ടത്തിലാണ്.

തുടക്കത്തിൽ ബാങ്ക്, ധനകാര്യ ഓഹരികൾ താഴ്ചയിലായിരുന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോഴേക്ക് അവയും നേട്ടത്തിലായി. ഐടി ഒഴികെയുള്ള മേഖലകൾ ഉയരത്തിലാണ്
പ്രകൃതിവാതക വില വർധിക്കുന്നത് ഗുജറാത്ത് ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഒഎൻജിസി, ഓയിൽ ഇന്ത്യ, എച്ച്ഒഇസി തുടങ്ങിയവയുടെ വില ഉയർത്തി.
നിക്ഷേപകരുടെ ആക്ടിവിസം കൊണ്ട് വാർത്തയിൽ നിറയുന്ന സീ എൻ്റർടെയ്ൻമെൻറും ഗ്രൂപ്പ് കമ്പനിയായ ഡിഷ് ടിവിയും ഇന്ന് ഉയർച്ചയിലാണ്. സുഭാഷ് ചന്ദ്ര നയിക്കുന്ന ഗ്രൂപ്പിൽ വിദേശ നിക്ഷേപകരടക്കമുള്ളവർ മാനേജ്മെൻ്റിൽ സമഗ്ര മാറ്റത്തിനാണ് ശ്രമിക്കുന്നത്.
ഡൽഹി മെട്രോ റെയിൽ കോർപറേഷനിൽ നിന്നുള്ള 7300 കോടി രൂപ കിട്ടുന്നതോടെ അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രായുടെ കടങ്ങൾ മുഴുവൻ തീരുമെന്ന റിപ്പോർട്ട് കമ്പനിയുടെ ഓഹരി അഞ്ചു ശതമാനം ഉയരാൻ ഇടയാക്കി.
പിവിസി റെസീൻ വില കുതിച്ചുയർന്നത് ഫിനോലെക്സ് ഇൻഡസ്ട്രീസിൻ്റെ ഓഹരിവില രണ്ടര ശതമാനത്തോളം കയറ്റി.
സ്പെഷാലിറ്റി കെമിക്കൽസ് കമ്പനിയായ ആമി ഓർഗാനിക്സിൻ്റെ ഒൻപതു ലക്ഷം ഓഹരികൾ പ്രമുഖ നിക്ഷേപക വനജ സുന്ദർ അയ്യർ വാങ്ങിയെന്ന റിപ്പോർട്ടിനെ തുടർന്ന് ആമി ഓഹരിവില 15 ശതമാനം ഉയർന്നു. സമീപകാലത്തു വലിയ നിക്ഷേപ വിജയം നേടിയ വനജ സുന്ദർ പല കമ്പനികളിൽ ഡയറക്ടർ പദവി വഹിക്കുന്നുണ്ട്.
പഴയ തലമുറ സ്വകാര്യ ബാങ്കായ കർണാടക ബാങ്കിൻ്റെ ഓഹരി വില ഇന്നു 12 ശതമാനത്തിലേറെ ഉയർന്നു.
സ്വർണവില രാജ്യാന്തര വിപണിയിൽ 1803 ഡോളറിലാണ് . കേരളത്തിൽ പവന് 240 രൂപ വർധിച്ച് 35,440 രൂപയായി.
ഡോളർ ഇന്നു ചെറിയ നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. മൂന്നു പൈസ ഉയർന്ന് 73.71 രൂപയിലെത്തി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it