ചാഞ്ചാട്ടം താഴ്ചയിലേക്ക്

താഴ്ന്നു തുടങ്ങി. പിന്നെ കയറ്റം, ഇറക്കം. വീണ്ടും കയറ്റം, ഇറക്കം. മേലോട്ടു കയറാനുള്ള ഒരു തള്ള് എവിടെ നിന്നു കിട്ടുമെന്ന നോട്ടത്തിലാണ് വിപണി. വ്യാപാരം ഒരു മണിക്കൂർ കഴിയുമ്പോൾ നിഫ്റ്റി 14,400 നു താഴെ എത്തി.‌. സെൻസെക്സ് 48, 200-നു താഴെയായി.

ബാങ്ക് ഓഹരികൾ അത്ര കണ്ടു താഴോട്ടു പോകുന്നില്ല എന്നതാണ് ഇന്നു രാവിലെ വ്യാപാരത്തിൽ കണ്ട ആശ്വാസഘടകം.
തരക്കേടില്ലാത്ത റിസൽട്ടും ഓഹരി തിരിച്ചു വാങ്ങലും പ്രഖ്യാപിച്ച ഇൻഫോസിസിൻ്റെ വില താഴോട്ടു പോയി. എന്നാൽ ബ്രോക്കറേജുകൾ ഈ ഓഹരിയുടെ വില ഗണ്യമായി ഉയരുമെന്നു പ്രവചിക്കുന്നു.
മിഡ് ക്യാപ് ഓഹരികളിൽ വലിയ വിൽപന സമ്മർദം ഉണ്ട്.
ഏഷ്യൻ വിപണികളിൽ നിന്നുള്ള സൂചനകൾ ആവേശകരമല്ല. ചൈനയും മറ്റും താഴോട്ടാണ്. അമേരിക്കൻ വിപണിയുടെ ഫ്യൂച്ചേഴ്സ് ഉയരത്തിലാണെങ്കിലും വളരെ. ചെറിയ കയറ്റമേ കാണുന്നുള്ളു.
പ്രതിദിന കോവിഡ് വർധന രണ്ടു ലക്ഷം കടന്നതും ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയുടെ താഴ്ചയും വിപണിയെ താഴോട്ടു വലിക്കുന്നു.
ഡോളർ ഇന്നും കയറി. 12 പൈസ ഉയർന്ന് 75.18 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 75.3 രൂപയിലേക്ക് കയറി. 76 രൂപയ്ക്കു മുകളിലേക്കാണു ഡോളർ ഈയാഴ്ച നീങ്ങുന്നതെന്നാണു ഡീലർമാരുടെ പക്ഷം. റിസർവ് ബാങ്ക് പ്രതിദിന മാറ്റം അധികമാകാതെ നോക്കുന്നതേ ഉള്ളുവെന്നാണ് ഔദ്യോഗികമായി പറയുന്നത്. പക്ഷേ രൂപയെ പിടിച്ചു നിർത്താൻ കാര്യമായി ശ്രമിക്കുന്നുണ്ട്. ഈ മാസം രൂപയുടെ മൂല്യത്തിൽ മൂന്നര ശതമാനം ഇടിവുണ്ടായി.
കടപ്പത്ര വില വീണ്ടും താണു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 6.033 ശതമാനം വരെ കയറി. കഴിഞ്ഞ ദിവസം 5.99 ശതമാനം വരെ താണതാണ്.
വിദേശത്തു സ്വർണ വില ഔൺസിന് 1740 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 34,980 രൂപയായി.
ക്രൂഡ് ഓയിൽ വില 66.56 ഡോളറിലേക്കു കയറി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it