അനിശ്ചിതത്വം മൂലം വിപണിയിൽ ചാഞ്ചാട്ടം; സീയുടെ രക്ഷയ്ക്ക് സോണി

വിപണി അനിശ്ചിതത്വം കാണുന്നു.അതനുസരിച്ച ചാഞ്ചാട്ടം രാവിലെ മുതൽ കാണപ്പെട്ടു. ഉയർന്നു വ്യാപാരം തുടങ്ങിയിട്ട് പിന്നെ താഴുകയും ഉയരുകയും ചെയ്തു മുന്നോട്ടു നീങ്ങി. ബാങ്കുകളും ധനകാര്യ കമ്പനികളുമാണു പ്രധാനമായും സൂചികകളെ താഴ്ത്തുന്നത്. മീഡിയയും റിയൽറ്റിയും ഐടി യും കയറ്റത്തിനു നേതൃത്വം നൽകുന്നു.

സീ എൻറർടെയ്ൻമെൻ്റിനെ ഏറ്റെടുക്കാൻ സോണി തയാറെടുക്കുന്നു. 90 ദിവസത്തിനുള്ളിൽ ലയനം നടത്താൻ കമ്പനികൾ കരാർ ഉണ്ടാക്കി. സീയുടെ എംഡിയും സിഇഒയുമായ പുനീത് ഗോയങ്ക സംയുക്ത കമ്പനിയുടെ എം ഡിയും സിഇഒയുമാകും. സോണി എംഡി - സിഇഒ എൻ.പി.സിംഗിൻ്റെ കാര്യം എന്താകുമെന്നറിയില്ല. സംയുക്ത കമ്പനിക്ക് 75 ചാനലുകളും രണ്ടു വീഡിയോ സ്ട്രീമിംഗ് സർവീസും രണ്ടു ഫിലിം സ്റ്റുഡിയോകളും ഒരു ഡിജിറ്റൽ കണ്ടൻ്റ് സ്റ്റുഡിയോയും ഉണ്ട്. സ്റ്റാർ - ഡിസ്നി ഇന്ത്യയേക്കാൾ വലിയ കമ്പനിയാകുന്ന ഇതിന് 27 ശതമാനം വിപണി പങ്ക് ഉണ്ടാകും. 16,000 കോടി രൂപ വരുമാനവും 4000 ജീവനക്കാരുമാണ് രണ്ടു കമ്പനിക്കും കൂടി ഉള്ളത്.
സീ യിലെ ഏറ്റവും വലിയ നിക്ഷേപകരായ ഇൻവെസ്കോ ഗോയങ്കയെ മാറ്റാനായി ഓഹരി ഉടമകളുടെ യോഗം വിളിക്കാൻ നോട്ടീസ് നൽകിയിരിക്കെയാണ് ഈ നീക്കം. ലയനത്തോടെ ഇൻവെസ്കോകോയുടെ ഓഹരി പങ്ക് ചെറുതാകും. കമ്പനിയിൽ വലിയ മൂലധന നിക്ഷേപം വരുന്നത് നല്ലതായതു കൊണ്ട് മറ്റു നിക്ഷേപകർ ഇൻവെസ്കോയെ പിന്തുണയ്ക്കുകയുമില്ല. സീ യുടെ ഓഹരി വില ഈ ദിവസങ്ങളിൽ കുതിച്ചു കയറിയിരുന്നു. ഇന്നു രാവിലെ 20 ശതമാനം ഉയർന്ന ഓഹരി രണ്ടാഴ്ച കൊണ്ട് 76 ശതമാനം കയറിയിരുന്നു.
നികുതി വെട്ടിപ്പ് ആരോപണങ്ങളും സിബിഐ - ഇഡി അന്വേഷണങ്ങളും കേസുകളും നേരിടുന്ന ന്യൂഡൽഹി ടെലിവിഷൻ (എൻഡിടിവി) ഏറ്റെടുക്കാൻ അഡാനി ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഇതേ തുടർന്ന് എൻഡിടിവി ഓഹരി വില ഇന്നും 10 ശതമാനം കയറി. മൂന്നു ദിവസം കൊണ്ട് വില 31 ശതമാനം ഉയർന്നു. എന്നാൽ വിൽപന ആലോചനയിൽ ഇല്ലെന്ന് എൻഡിടിവി പ്രൊമോട്ടർമാരായ പ്രണോയ് റോയിയും ഭാര്യ രാധികാ റോയിയും പറയുന്നു. സിപിഎം നേതാവ് ബൃന്ദാ കാരാട്ടിൻ്റെ സഹോദരിയാണു രാധിക.
വ്യാവസായിക ലോഹങ്ങൾ ഇന്ന് ആശ്വാസ റാലിയിലാണ്. തലേന്നത്തെ വലിയ ഇടിവിനു ശേഷം ചെമ്പും അലൂമിനിയം അടക്കമുള്ള ലോഹങ്ങൾ ഒന്നര ശതമാനത്തോളം ഉയർന്നാണ് എംസിഎക്സിൽ വ്യാപാരം നടക്കുന്നത്.
റബർ വില രാജ്യാന്തര വിപണിയിലും ഇന്ത്യയിലും കുറയുന്നത് അപ്പാേളോ ടയേഴ്സ്, ജെകെ ടയേഴ്സ്, ബാല കൃഷ്ണാ ഇൻഡസ്ട്രീസ്, സിയറ്റ് എംആർഎഫ് തുടങ്ങിയവയുടെ വില അഞ്ചു ശതമാനം വരെ കൂട്ടി.
ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ഇന്നു രാവിലെ ബ്രെൻറ് ഇനത്തിന് 75.15 ഡോളറായി വില.
ഡോളർ ഏഴു പൈസ കൂടി 73.68 രൂപയിലാണ് വ്യാപാരം തുടങ്ങിയത്.
സ്വർണം ലോകവിപണിയിൽ 1777 ഡോളറിലാണ്. കേരളത്തിൽ പവന് 280 രൂപ വർധിച്ച് 35,080 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it