തിരുത്തൽ ഇല്ല, വിൽപ്പന സമ്മർദ്ദമില്ല, വിപണി കിതയ്ക്കാതെ മുന്നോട്ട്

തിരുത്തലിനു സമയമില്ല; വിൽപന സമ്മർദ്ദത്തെ ഭയപ്പെടുന്നില്ല. ബുൾ ലഹരിയിലായ ഇന്ത്യൻ ഓഹരി വിപണി ഇങ്ങനെ പറയുന്നതായി വേണം കരുതാൻ. അതുപോലൊരു തുടക്കമാണ് ഇന്നു രാവിലെ വിപണിക്കുണ്ടായത്. സെൻസെക്സ് 60,000 ചാടിക്കടന്നും നിഫ്റ്റി 17,900 നു മുകളിലേക്കു കുതിച്ചും ആണു വ്യാപാരം തുടങ്ങിയത്.

സെൻസെക്സ് 60,333 വരെയും നിഫ്റ്റി 17,947.65 വരെയും കയറിയ ശേഷം അൽപം താണു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും കുതിപ്പിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു ദുർബലമായി. അവ നഷ്ടത്തിലായതോടെ മുഖ്യസൂചികകളും താഴോട്ടു നീങ്ങി. ഐടിയും റിയൽറ്റിയുമാണു നല്ല നേട്ടം കാണിച്ച മേഖലകൾ. ഈ സാമ്പത്തിക വർഷം 12 മുതൽ 15 വരെ ശതമാനം വളർച്ച ഐടി സേവന മേഖലയ്ക്ക് ഉണ്ടാകുമെന്ന ആക്സെഞ്ചറിൻ്റെ പ്രസ്താവന ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവയെ പുതിയ ഉയരങ്ങളിലേക്കു നയിച്ചു.
ക്രൂഡ് ഓയിൽ - പ്രകൃതി വാതക വിലക്കയറ്റം ഓയിൽ‌ - ഗ്യാസ് കമ്പനികളുടെ വില ഉയർത്തി.
ഗൃഹോപകരണങ്ങൾക്കു വില കൂട്ടുമെന്ന റിപ്പോർട്ട് ഗൃഹോപകരണ നിർമാണ കമ്പനികളുടെ വിലയിടിച്ചു. ഉത്സവ സീസണിലെ വിൽപന പ്രതീക്ഷ പോലെ വർധിക്കില്ലെന്ന ആശങ്കയാണു കാരണം. മൈക്രോ ചിപ്പുകൾ, സ്റ്റീൽ അടക്കമുള്ള ഘടകപദാർഥങ്ങൾ, കെമിക്കലുകൾ, പോളിമറുകൾ തുടങ്ങിയവയുടെ വിലവർധനയാണു വില കൂട്ടാൻ കാരണം.
വാഹന നിർമാതാക്കളും അടുത്ത മാസമാദ്യം വില കൂട്ടുമെന്നാണു സൂചന. മിക്ക കമ്പനികളും ഈ വർഷം ഇതിനകം മൂന്നു തവണ വില കൂട്ടിയിരുന്നു.
മൾട്ടിപ്ലെക്സ് കമ്പനിയായ പിവിആറിൻ്റെ ബാങ്ക് വായ്പകളുടെ ക്രെഡിറ്റ് റേറ്റിംഗ് ക്രിസിൽ കുറച്ചത് കമ്പനിയുടെ ഓഹരി വില താഴാനിടയാക്കി. വില രണ്ടു ശതമാനത്തോളം താണു.
ഡിഷ് ടിവിയുടെ എംഡി ജെ.എൽ.ഗോയലിനെ മാറ്റാൻ ഓഹരി ഉടമകളുടെ യോഗം വിളിക്കാൻ യെസ് ബാങ്ക് നോട്ടീസ് നൽകി. ഡിഷ് ടിവിയുടെ 25 ശതമാനത്തോളം ഓഹരി യെസ് ബാങ്കിൻ്റെ കൈയിലുണ്ട്. പ്രൊമോട്ടർ സുഭാഷ് ചന്ദ്ര പണയമായി നൽകിയതാണ് ഈ ഓഹരികൾ.
ജൂലൈയിൽ വോഡഫോൺ ഐഡിയയ്ക്ക് 14.3 ലക്ഷം വരിക്കാരെ നഷ്ടമായെന്ന ട്രായി റിപ്പോർട്ട് ഓഹരി വില ഇടിച്ചു. റിലയൻസ് ജിയോയും എയർടെലും വരിക്കാരെ വർധിപ്പിച്ചു.
മുൻ ദിവസങ്ങളിൽ താഴാേട്ടു പോയ ഡോളർ ഇന്നു കയറി. 12 പൈസ ഉയർന്ന് 73.75 രൂപയിൽ ഡോളർ വ്യാപാരം തുടങ്ങി.
ലോക വിപണിയിൽ സ്വർണവില 1752 ഡോളറായി. കേരളത്തിൽ പവനു 320 രൂപ കുറഞ്ഞ് 34,560 രൂപയായി. ഏപ്രിൽ ഒൻപതിനു ശേഷമുള്ള ഏറ്റവും താണ വിലയാണിത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it