ഉയരാൻ ശ്രമിച്ചു ഓഹരി വിപണി

ആഗോള പ്രവണത മറികടന്ന് ഉയരാൻ ഇന്ത്യൻ വിപണി ശ്രമിക്കുന്നതാണ് ഇന്നു രാവിലെ കണ്ടത്. തലേന്നത്തെ നിലയിലേക്ക് ഉയരാനുള്ള ശ്രമങ്ങൾ ആദ്യ മണിക്കൂറിൽ ഫലിച്ചില്ല. സെൻസെക്സ് ഒരവസരത്തിൽ 150 പോയിൻറ് വരെ താണു. പിന്നീടു നഷ്ടം കുറച്ചു.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ തുടക്കത്തിൽ ഗണ്യമായ നേട്ടമുണ്ടാക്കി. പിന്നീടു താണു.
ഓയിൽ - ഗ്യാസ്, മീഡിയ, ഓട്ടോ, എഫ്എംസിജി കമ്പനികൾ ഇന്നു നേട്ടത്തിലാണ്. ബാങ്ക്, ധനകാര്യ , ഐടി, റിയൽറ്റി, ഫാർമ, ഹെൽത്ത് കെയർ കമ്പനികൾക്കു ക്ഷീണമായി.
ശ്രൈ കമ്പനികൾ പാപ്പർ നടപടികളിലായത് ബാങ്ക് - ധനകാര്യ ഓഹരികളെ തുടക്കത്തിൽ കുത്തനേ താഴ്ത്തി. എന്നാൽ പിന്നീടു നഷ്ടം കുറഞ്ഞു. ശ്രെെ ഇൻഫ്രാസ്ട്രക്ചർ ഓഹരിക്ക് അഞ്ചു ശതമാനം വിലയിടിഞ്ഞു.
സിഎൻജിയുടെയും പൈപ്പ് വഴി നൽകുന്ന ഗ്യാസിൻ്റെ (പിഎൻജി)യും വില വർധിപ്പിച്ചതു ഗുജറാത്ത് ഗ്യാസ് ഓഹരിയുടെ വില അഞ്ചു ശതമാനത്തോളം ഉയർത്തി.
വൈദ്യുതിക്ഷാമം മൂലം ചൈനയിലെ നിരവധി വ്യവസായ പാർക്കുകൾ അടച്ചിട്ടു. ചൈനയിലെ കെമിക്കൽ നിർമാണം 25 ശതമാനം കുറയുമെന്നാണു നിഗമനം. ഇതേ തുടർന്ന് ഇന്ത്യയിൽ കെമിക്കലുകളുടെ വില ഉയർന്നു. ടെക്സ്റ്റൈൽ വ്യവസായത്തിൽ ഉപയോഗിക്കുന്ന ഡൈ നിർമിക്കുന്ന യൂണിറ്റുകളും ചൈനയിൽ അടച്ചിട്ടു. ഇന്ത്യയിലെ കെമിക്കൽ - ഡൈ നിർമാണ കമ്പനികളുടെ ഓഹരിവില ഗണ്യമായി ഉയർന്നു. എന്നാൽ ചൈനയിൽ നിന്ന് ഘടക വസ്തുക്കൾ ആവശ്യമുളള ഔഷധ കമ്പനികളും മറ്റും ക്ഷീണത്തിലാണ്. ഫാർമ കമ്പനികളിൽ 90 ശതമാനവും അടിസ്ഥാന ഔഷധ ഘടകങ്ങൾ (എപിഐ) ചൈനയിൽ നിന്നാണു വാങ്ങുന്നത്.
മൈക്രോ ചിപ് ക്ഷാമം മൂലം അമേരിക്കയിലും ഇന്ത്യയിലും വാഹന നിർമാണം കുറഞ്ഞത് ഫോർജിംഗുകൾ അടക്കമുള്ള ഓട്ടോ ആൻസിലറി യൂണിറ്റുകൾക്കു വിൽപന കുറച്ചു.
ക്രൂഡ് ഓയിൽ വില കയറ്റത്തിലാണ്. രാവിലെ ബ്രെൻ്റ് ഇനം 81.7 ഡോളറിനു മുകളിൽ എത്തി.
സ്വർണവില ഇന്നലെ കയറിയെങ്കിലും ഇന്നു രാവിലെ താഴോട്ടു പോന്നു. ഔൺസിന് 1757- 1758 ഡോളറിലാണു വ്യാപാരം. ഡോളർ സൂചിക വീണ്ടും 94 ലേക്ക് ഉയർന്നതാണു സ്വർണത്തെ താഴ്ത്തുന്നത്. കേരളത്തിൽ പവന് 200 രൂപ വർധിച്ച് 35,000 രൂപയായി. ഡോളർ വില രണ്ടു ദിവസം കൊണ്ട് 50 പൈസ വർധിച്ചതു രാജ്യത്തു സ്വർണ വില കൂടാൻ കാരണമായി.
രൂപ ഇന്നും ക്ഷീണിച്ചു. 31 പൈസ നേട്ടത്തോടെ 74.62 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it