റിലയന്‍സും ടിസിഎസും എന്തുകൊണ്ട് ശ്രദ്ധാകേന്ദ്രമാകുന്നു?; മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്‌സും ഉയരുന്നതിന്റെ കാരണം

ഐടി ഓഹരികളിലെ വലിയ ഇടിവ് വിപണിയെ തുടക്കത്തില്‍ താഴ്ചയിലേക്കു നയിച്ചു. സെന്‍സെക്‌സ് 59,811 വരെയും നിഫ്റ്റി 17,839 വരെയും താണു. പിന്നീടു ക്രമമായി ഉയര്‍ന്ന് നേട്ടത്തിലായി. നിഫ്റ്റി സെപ്റ്റംബര്‍ 24 ലെ 17,947.65 എന്ന റിക്കാര്‍ഡ് കടന്ന് 17,984.35 വരെ എത്തി. സെന്‍സെക്‌സ് 200 ലേറെ പോയിന്റ് ഉയര്‍ന്ന് 60,275 നു മുകളിലായി.

റിലയന്‍സാണ് ഇന്നു സൂചികകളുടെ ഉയര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തത്. സോളര്‍ മേഖലയില്‍ പ്രഖ്യാപിച്ച ഏറ്റെടുക്കലും നിക്ഷേപവും റിലയന്‍സ് ഓഹരിയെ രാവിലെ പുതിയ റിക്കാര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ത്തി. പിന്നീടു വില താണു.

ടിസിഎസിന്റെ രണ്ടാം പാദ റിസല്‍ട്ട് പ്രതീക്ഷ പോലെ മെച്ചപ്പെടാതിരുന്നത് ഓഹരി വില ആറര ശതമാനത്തോളം ഇടിയാന്‍ കാരണമായി. ഇതിന്റെ ചുവടുപിടിച്ച് ഇന്‍ഫോസിസ് അടക്കമുള്ള മറ്റ് ഐടി കമ്പനികളും താഴോട്ടു പോയി. പിന്നീട് നഷ്ടം അല്‍പം കുറഞ്ഞു.

കല്‍ക്കരി വില വര്‍ധനയും അനുബന്ധ വിഷയങ്ങളും കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ് തുടങ്ങിയവയുടെ വില കൂട്ടി.എന്‍ടിപിസി ഓഹരി മൂന്നു ശതമാനത്തോളം നേട്ടമുണ്ടാക്കി. സ്‌പോട്ട് വിപണിയില്‍ വൈദ്യുതി വില ഉയര്‍ന്നതും വിതരണ കമ്പനികള്‍ കുടിശ്ശിക തീര്‍ക്കുന്നതുമാണു കാരണം. ഒഎന്‍ജിസിയും കയറ്റം തുടര്‍ന്നു.

മാരുതി സുസുകി തുടക്കത്തില്‍ നാലര ശതമാനവും ടാറ്റാ മോട്ടോഴ്‌സ് ആറര ശതമാനവും വരെ ഉയര്‍ന്നു. ഇരുകമ്പനികളുടെയും ബിസിനസില്‍ വലിയ വളര്‍ച്ചയാണു വിപണി പ്രതീക്ഷിക്കുന്നത്. നിഫ്റ്റി ഓട്ടോ സൂചിക രണ്ടര ശതമാനത്തിലേറെ ഉയരത്തിലായി.

ബാങ്ക് ഓഹരികള്‍ ഇന്നു മികച്ച പ്രകടനം നടത്തി. നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.

രൂപ ഇന്നു താഴ്ന്നു. 14 പൈസ നേട്ടത്തില്‍ 75.12 രൂപയിലാണു ഡോളര്‍ വ്യാപാരം തുടങ്ങിയത്. ക്രൂഡ് ഓയില്‍ വിലക്കയറ്റമാണു രൂപയെ ദുര്‍ബലമാക്കിയത്. ക്രൂഡ് ഓയില്‍ ബ്രെന്റ് ഇനം 83.85 ഡോളര്‍ വരെ ഉയര്‍ന്നു.

പത്തു വര്‍ഷ സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 6.338 ശതമാനമായി ഉയര്‍ന്നു.

ലോകവിപണിയില്‍ സ്വര്‍ണ വില 1757 ഡോളറിലാണ്. കേരളത്തില്‍ പവന്‍ വില മാറ്റമില്ലാതെ 35,120 രൂപയില്‍ തുടര്‍ന്നു.
ടിസിഎസ് പ്രതീക്ഷയോളം വന്നില്ല
വെള്ളിയാഴ്ച ടിസിഎസ് പുറത്തുവിട്ട രണ്ടാം പാദ ഫലങ്ങള്‍ വിപണിയുടെ പ്രതീക്ഷയോളം എത്തിയില്ല. വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനം 16.77 ശതമാനവും അറ്റാദായം 28.75 ശതമാനവും കൂടി. എന്നാല്‍ തലേ പാദത്തെ അപേക്ഷിച്ച് വരുമാനം 2.9 ശതമാനവും അറ്റാദായം 6.84 ശതമാനവും മാത്രമാണു കൂടിയത്. മാധ്യമ സര്‍വേകളില്‍ പ്രതീക്ഷിച്ചതിലും കുറവായി വരുമാനവും അറ്റാദായവും. 46,867 കോടി രൂപ വരുമാനത്തില്‍ 9624 കോടി രൂപയാണ് അറ്റാദായം.

കമ്പനിയില്‍ നിന്നു 11.9 ശതമാനം പേര്‍ പോയി. തലേ പാദത്തില്‍ 8.6 ശതമാനമായിരുന്നു കൊഴിച്ചില്‍. കമ്പനി 19,690 പേരെക്കൂടി എടുത്തതാേടെ മൊത്തം ജീവനക്കാര്‍ 5,28,748 ആയി.

ബ്രോക്കറേജുകള്‍ ടിസിഎസ് ഓഹരിയെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണു പ്രകടിപ്പിച്ചത്. മോട്ടിലാല്‍ ഓസ്വാളും എംകേയും ഓഹരിവില താഴുമെന്ന നിഗമനത്തിലാണ്. എന്നാല്‍ ഷെയര്‍ ഖാനും ഐബിബിഐ കാപ്പിറ്റലും കെ ആര്‍ ചോക്‌സീയും എച്ച്ഡിഎഫ്‌സി കാപ്പിറ്റലും പ്രഭുദാസ് ലിലാധറും വില കൂടുമെന്ന് അഭിപ്രായപ്പെട്ടു.
റിസല്‍ട്ടുകള്‍ ഗതി സൂചിപ്പിക്കും
ഈയാഴ്ച അന്‍പതിലേറെ പ്രമുഖ കമ്പനികളുടെ രണ്ടാം പാദ റിസല്‍ട്ട് വരും. കഴിഞ്ഞയാഴ്ച നാലര ശതമാനം ഉയര്‍ന്ന ഐടി സൂചികയ്ക്ക് ആ നേട്ടം നിലനിര്‍ത്താന്‍ പറ്റുമോ എന്നതാണു പ്രധാന ചോദ്യം. ഇന്‍ഫോസിസ് ടെക്‌നോളജീസ്, വിപ്രോ, എച്ച്‌സിഎല്‍, മൈന്‍ഡ് ട്രീ, സിയന്റ് എന്നിവയുടെ റിസല്‍ട്ടുകള്‍ ഈയാഴ്ചയാണ്. ടിസിഎസ് കഴിഞ്ഞ വെള്ളിയാഴ്ച റിസല്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇന്‍ഫോസിസ് കൂടുതല്‍ മെച്ചപ്പെട്ട ഭാവി സാധ്യത അറിയിക്കും എന്നാണു വിപണിയുടെ പ്രതീക്ഷ.

എച്ച്ഡിഎഫ്‌സി ബാങ്ക്, അവന്യു സൂപ്പര്‍മാര്‍ട്‌സ്, ഇന്ത്യാ ബുള്‍സ് റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയവയുടെ റിസല്‍ട്ടുകളും ഈയാഴ്ച വരും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it