ചരിത്രദിനം: 50,000 കീഴടക്കി

സെൻസെക്സ് 50,000 കീഴടക്കി. 2021 ജനുവരി 21 അങ്ങനെ ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ വലിയ ദിവസമായി.

നിഫ്റ്റി 14,700 കടന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും നേട്ടത്തിലാണ്.
സെൻസെക്സിൻ്റെ 34 വർഷം
1979 ഏപ്രിൽ മൂന്ന് അടിസ്ഥാന തീയതിയായി കണക്കാക്കി സെൻസെക്സ് ആരംഭിച്ചത് 1986 ജനുവരി രണ്ടിനാണ്. 1979 ഏപ്രിൽ മൂന്നിലെ സൂചിക 124.15 ആയിരുന്നു. 1986 ജനുവരി രണ്ടിലെ വില 549.43. ഇന്നു 34 വർഷത്തിനു ശേഷം 9000 ശതമാനമാണ് സെൻസെക്സിൻ്റെ വളർച്ച.
ആയിരം രൂപ ഇന്നു 91,000 ആയി
സെൻസെക്സ് അധിഷ്ഠിതമായ ഒരു എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ഉണ്ടായിരുന്നെങ്കിൽ 1986 ജനുവരി രണ്ടിന് അതിൽ 1000 രൂപ നിക്ഷേപിച്ചാൽ ഇന്നു 91,000 രൂപ കിട്ടുമായിരുന്നു.
1990 ജൂലൈ 25-നാണു സെൻസെക്സ് 1000 കടന്നത്. ഹർഷദ് മേത്തയുടെ ചൂതാട്ടങ്ങളുടെ തുടക്കമായിരുന്നു അക്കാലം. 1992 ഏപ്രിലിൽ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ആവേശത്തിൽ സെൻസെക്സ് 4000 കടന്നതും മേത്തയുടെ കളികൾക്കൊപ്പമാണ്. പിന്നീടു മേത്ത പിടിയിലായി. സൂചിക 2000-ലേക്ക് വീണു. 1999 ഒക്ടോബറിലാണു സെൻസെക്സ് 5000 കടക്കുന്നത്. വൈ ടു കെ (Y2K)യുടെ പേരിൽ ഐ ടി കമ്പനികളുടെ കുതിപ്പും കേതൻ പരേഖിൻ്റെ കളികളുമായിരുന്നു ആ കുതിപ്പിനു പിന്നിൽ.
2006-ൽ പതിനായിരവും 2007 ൽ ഇരുപതിനായിരവും കടന്നു. 2008 ജനുവരിയിൽ 21,000 കടന്നു. പക്ഷേ അക്കൊല്ലം ഒക്ടോബറോടെ 8500-ലേക്കു സൂചിക തകർന്നു. അമേരിക്കയിലെ സബ് പ്രൈം പ്രതിസന്ധിയും ആഗോള മാന്ദ്യവുമാണു കാരണം.
2009 ജൂലൈയോടെ സെൻസെക്സ് 15,000-ലേക്കു തിരിച്ചു കയറി. 2010 ഡിസംബർ ആകുമ്പോൾ വിദേശ നിക്ഷേപത്തിൻ്റെ ബലത്തിൽ 21,000 തിരിച്ചുപിടിച്ചു. പക്ഷേ പിറ്റേ വർഷം യൂറോപ്യൻ
വായ്പാപ്രതിസന്ധി മൂലം വിദേശികൾ പണം പിൻവലിച്ചു; സെൻസെക്സ് 15,000-ലേക്കു വീണു.
2012-ൽ 20,000 തിരിച്ചുപിടിച്ച സൂചിക 2015-ൽ 30,000 - ൽ എത്തി. പിന്നീട് 26,000 ലേക്കു താണു. കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ക് ഡൗണിനെത്തുടർന്നു കുത്തനെ ഇടിഞ്ഞ സെൻസെക്സ് വർഷാന്ത്യത്തിൽ 15.75 ശതമാനം വാർഷിക നേട്ടവുമായി 47,751-ലെത്തി. തുടർന്നു മൂന്നാഴ്ച കൊണ്ട് അൻപതിനായിരവും കടന്നു.
റിലയൻസിന് വില കൂടി
ഫ്യൂച്ചർ ഇടപാടിനു കിട്ടിയ അനുമതി റിലയൻസിൻ്റെ ഓഹരി വില രണ്ടര ശതമാനം കൂട്ടി.
വിമാനങ്ങളിൽ മുഴുവൻ സീറ്റിലും യാത്രക്കാരെ അനുവദിക്കാനുള്ള സർക്കാർ തീരുമാനം ഇൻഡിഗോയും സ്പൈസ് ജെറ്റും അടക്കം വിമാന കമ്പനി ഓഹരികൾക്കു വിലകൂട്ടി.
അപ്പോളോ ടയേഴ്സ് ഓഹരി വില ഇന്നു രാവിലെ എട്ടു ശതമാനം കയറി. ജെ കെ ടയേഴ്സ്, എം ആർ എഫ്, ബാലകൃഷ്ണ ഇൻഡസ്ട്രീസ് തുടങ്ങിയവയും നേട്ടത്തിലാണ്. യർ വിപണിയിലെ കുതിപ്പാണു കാരണം
ഡോളർ താണു
അമേരിക്ക വലിയ ഉത്തേജകം പ്രഖ്യാപിക്കുമെന്ന സൂചന ഡോളർ വില താഴ്ത്തി. ഇന്ത്യയിൽ ഡോളർ വിനിമയ നിരക്ക് 72.95 രൂപയായി.
യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ നയങ്ങൾ ക്രൂഡ് ഓയിൽ ലഭ്യത കുറയ്ക്കുമെന്ന ധാരണ ക്രൂഡ് വില കൂട്ടുന്നു.
സ്വർണ വില കൂടി. ഔൺസിന് 1872 ഡോളർ ആയി. കേരളത്തിൽ പവന് 360 രൂപ കൂടി 37,000 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it