ആശങ്കകളില്ലാതെ വിപണി കുതിക്കുന്നു

അര ശതമാനം ഉയർച്ചയോടെ ഓഹരിസൂചികകൾ വ്യാപാരം തുടങ്ങി. പിന്നീടു ക്രമമായി കയറി ഒന്നര ശതമാനം ഉയരത്തിലെത്തി.

കോവിഡ് ആശങ്കകൾക്കു വിപണി അവധി നൽകി. വാക്സിനേഷൻ വർധിക്കുന്നതോടെ രോഗവ്യാപനം കുറയുമെന്ന ആത്മവിശ്വാസമാണു വിപണിക്കുള്ളത്. സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളും ഓക്സിജൻ ഉപയോഗത്തിനുള്ള വിലക്കും വ്യാപാര - ഉൽപാദന മേഖലകളെ ബാധിക്കുമെന്നതു കണക്കിലെടുക്കാതെയാണ് വിപണി നീങ്ങുന്നത്.
ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു നല്ല നേട്ടം കുറിക്കുന്നുണ്ട്. സ്റ്റീൽ, ചെമ്പ്, അലൂമിനിയം കമ്പനികളും കുതിപ്പിലാണ്. ചെമ്പുവില 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായി. ചൈനീസ് ഡിമാൻഡ് വർധിച്ചതിനെ തുടർന്ന് ഇരുമ്പയിര് വില വീണ്ടും വർധിച്ചു.
ഡോളറിനു രാജ്യാന്തര വിപണിയിലുള്ള ക്ഷീണം ഇവിടെയും പ്രതിഫലിച്ചു. 17 പൈസ താണ് 74.84 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 74.78 രൂപയിലേക്കു താണ ശേഷം 74.85 ലേക്കു കയറി.'
ക്രൂഡ് ഓയിൽ വില അൽപം താണു. ബ്രെൻറ് ഇനം 65.82 ഡോളറായി.
സ്വർണം വിദേശത്ത് ഔൺസിന് 1781 ഡോളറായി. കേരളത്തിൽ പവനു വില മാറ്റമില്ല. 35,680 രൂപ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it