ബാങ്കുകൾ വിപണിയെ താഴ്ത്തുന്നു; കാരണം ഇതാണ്

ഉയരങ്ങളിലെ ലാഭമെടുക്കലിൽ സൂചികകൾ താഴുന്നതാണ് ഇന്നു രാവിലെ കണ്ടത്. ആവേശപൂർവം വ്യാപാരം തുടങ്ങിയ വിപണിൽ തുടക്കത്തിൽ ഉയർച്ചയിലായിരുന്നു. പിന്നീടു കുത്തനെ താഴോട്ടു നീങ്ങി. ഏഷ്യൻ വിപണികൾ നല്ല തുടക്കത്തിനു ശേഷം താഴോട്ടു പോയതും വിപണിയെ സ്വാധീനിച്ചു.

ബാങ്ക് ഓഹരികളാണു വിപണിയെ വലിച്ചു താഴ്ത്തുന്നതിനു മുന്നിൽ നിന്നത്. കിട്ടാക്കടങ്ങൾ വാങ്ങുന്ന നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുടെ പ്രവർത്തനം തുടങ്ങാൻ പോകുന്നത് അടക്കം നല്ല വാർത്തകൾ പലതും ബാങ്ക് മേഖലയിൽ ഉണ്ട്.പക്ഷേ ഉയർന്ന വിലയിൽ വിറ്റു ലാഭമെടുക്കാൻ വലിയ ഫണ്ടുകൾ തീരുമാനിച്ചപ്പോൾ വിപണി താഴോട്ടായി. താഴ്ചയ്ക്ക് എസ്ബിഐ ഓഹരികൾ നേതൃത്വം നൽകി. കേരളം ആസ്ഥാനമായുള്ള ബാങ്കുകളുടെ ഓഹരി വിലയും രാവിലെ താണു.
മെറ്റൽ, സ്റ്റീൽ കമ്പനികളും ഇന്നു താണു. ഹിൻഡാൽകോ, നാൽകോ, ടാറ്റാ സ്റ്റീൽ തുടങ്ങിയവ ഗണ്യമായി ഇടിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസും ഇന്നു താഴോട്ടു നീങ്ങി.
ദിവാൻ ഹൗസിംഗ് ഫിനാൻസിനെ ഏറ്റെടുക്കാൻ അനുമതി ലഭിച്ച പിരമൾ എൻറർപ്രൈസസിൻ്റെ വില രണ്ടാം ദിവസവും ഉയർന്നു.
കുറച്ചു ദിവസങ്ങളായി ഉയർച്ചയിലായിരുന്ന പഞ്ചസാരമില്ലുകളുടെ ഓഹരി വില ലാഭമെടുക്കലിനെ തുടർന്ന് താഴോട്ടു പോയി.
ഹോട്ടൽ ഓഹരികൾ ചെറിയ നേട്ടം ഉണ്ടാക്കി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതാണു കാരണം.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1897 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കൂടി 36,720 രൂപ ആയി.
ഡോളർ ഇന്നു നേരിയ താഴ്ചയിലാണ്. ഒരു പൈസ താണ് 72.79 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 72.76 രൂപയിലേക്കു താണിട്ട് 72.83 ലേക്കു കയറി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it