ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ബാങ്കുകൾക്കു തിരിച്ചടി

വീണ്ടും ചാഞ്ചാട്ടത്തിൻ്റെ ദിവസം. താഴ്ചയിൽ ആരംഭിച്ചിട്ട് ഉയർച്ചയിലേക്കു മാറി. എങ്കിലും ഉയർന്ന വിലയിൽ വിൽപ്പന സമ്മർദമുണ്ടായി വീണ്ടും താണു. ഒരു മണിക്കൂറിനകം സെൻസെക്സ് 280 പോയിൻ്റ് കയറിയിറങ്ങി.

ബാങ്ക് ഓഹരികളാണ് ഇന്നു വിപണിയെ വലിച്ചു താഴ്ത്തുന്നത്. ഫിനാൻസ് കമ്പനികളും താഴോട്ടാണ്. വാഹന കമ്പനികളിൽ വിൽപന സമ്മർദമുണ്ട്.
ഐടി കമ്പനികളിലും ഫാർമ കമ്പനികളിലും നിക്ഷേപ താൽപര്യം വർധിച്ചു. നിഫ്റ്റി ബാങ്ക് സൂചിക 0.9 ശതമാനം താഴ്ന്നപ്പോൾ ഐടി സൂചിക 1.2 ശതമാനം ഉയർന്നു.
ടെക് മഹീന്ദ്ര, ടാറ്റ എൽക്സി, എൽ ആൻഡ് ടി ടെക് സർവീസസ്, കോ ഫോർജ് തുടങ്ങിയ ടെക്നോളജി സർവീസ് കമ്പനികൾ ഇന്നു മുന്നു മുതൽ ആറുവരെ ശതമാനം നേട്ടമുണ്ടാക്കി.
ഫെഡറൽ ബാങ്കിൻ്റെയും സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെയും ഓഹരികൾ ഇന്നു രാവിലെ താണപ്പോൾ സിഎസ്ബി ബാങ്കും ധനലക്ഷ്മി ബാങ്കും ഉയർന്നു.
റീട്ടെയിൽ, കൺസ്യൂമർ കമ്പനികൾക്കു വില ഉയർന്നു. എന്നാൽ ലോഹങ്ങൾ ഇടിവിലാണ്.
തിങ്കളാഴ്ച 50 ശതമാനം നേട്ടത്തോടെ ലിസ്റ്റ് ചെയ്ത ദേവയാനി ഇൻ്റർനാഷണൽ ഇന്ന് ആറു ശതമാനം ഉയർന്നു.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1785 ഡോളറായി കുറഞ്ഞു. കേരളത്തിൽ പവനു 160 രൂപ വർധിച്ച് 35,360 രൂപയായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it