നേട്ടത്തോടെ തുടക്കം; പിന്നീടു മുന്നേറ്റം

പ്രതീക്ഷ പോലെ തന്നെ നല്ല നേട്ടത്തോടെ ഓഹരി വിപണി ഇന്നു വ്യാപാരം തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ നിഫ്റ്റി 17,800 നു മുകളിലും സെൻസെക്സ് 59,900 നു മുകളിലും കയറി. പിന്നീട് അൽപം താണു.

മെറ്റൽ, മീഡിയ ഒഴികെയുള്ള ബിസിനസ് മേഖലകൾ രാവിലെ നേട്ടത്തിലായിരുന്നു. എഫ്എംസിജി, വാഹന, റിയൽറ്റി, ബാങ്ക്, ധനകാര്യ മേഖലകൾ നേട്ടത്തിനു മുന്നിൽ നിന്നു.
മുത്തൂറ്റ് ഫിനാൻസ് ഓഹരി രാവിലെ 15 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ഒന്നാം പാദ അറ്റാദായം 17 ശതമാനം കുറഞ്ഞതും പ്രവർത്തനച്ചെലവ് ഗണ്യമായി വർധിച്ചതുമാണ് കാരണം. അറ്റപലിശ വരുമാന മാർജിനിൽ വലിയ ഇടിവ് ഉണ്ടായി. കമ്പനിയുടെ പക്കലുള്ള സ്വർണ ആസ്തി കുറഞ്ഞു. മോട്ടിലാൽ ഓസ്വാൾ ബ്രോക്കറേജ് കമ്പനി ഓഹരിയുടെ വിലപ്രതീക്ഷ താഴ്ത്തിയതും വിപണിയിൽ പ്രതിഫലിച്ചു. മണപ്പുറം ജനറൽ ഫിനാൻസ് ഓഹരി അഞ്ചു ശതമാനത്തോളം താണു.
ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സിൻ്റെ ഒന്നാം പാദ ഫലം മികച്ചതായില്ലെങ്കിലും ഓഹരിയെപ്പറ്റി വിദേശബ്രോക്കറേജുകൾ നല്ല വിലയിരുത്തൽ നടത്തിയത് ഓഹരിവില എട്ടു ശതമാനത്തോളം ഉയരാൻ സഹായിച്ചു.
നാല് ഇലക്ട്രിക് എസ് യു വികൾ ഒന്നിച്ചു വിപണിയിറക്കുന്നത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരി വില രണ്ടു ശതമാനത്തിലധികം ഉയർത്തി. ഇലക്ട്രിക് വാഹന വിപണിയിൽ നേതൃത്വം ലക്ഷ്യമിട്ടാണു മഹീന്ദ്ര നീങ്ങുന്നത്.
ഒന്നാം പാദത്തിൽ വരുമാനം കുറഞ്ഞെങ്കിലും ലാഭ മാർജിൻ ഗണ്യമായി വർധിച്ചത് റെപ്കോ ഹോം ഫിനാൻസ് ഓഹരി 20 ശതമാനം ഉയരാൻ കാരണമായി.
കഴിഞ്ഞ ദിവസങ്ങളിൽ നല്ല നേട്ടമുണ്ടാക്കിയ സൊമാറ്റോ ഇന്നു തുടക്കത്തിൽ അഞ്ചു ശതമാനത്തോളം ഉയർന്നു. ജൂലൈ 26-ലെ നിലയിൽ നിന്ന് ഓഹരിവില 50 ശതമാനത്തിലധികം കയറിയിട്ടുണ്ട്.
സ്വർണം ലോകവിപണിയിൽ 1781 ഡോളറിലായി. കേരളത്തിൽ പവന് 120 രൂപ താണ് 38,400 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it