ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം ഇതാണ്

തലേന്നത്തേതിൻ്റെ ആവർത്തനം പോലെ വിപണിയുടെ തുടക്കം. ഉയർന്നു തുടങ്ങി. വീണ്ടും ഉയർന്നു. തുടർന്നു താണു. വിൽപനസമ്മർദം തന്നെ കാരണം.

തിങ്കളാഴ്ച വിപണിയെ ഉയർത്തി നിർത്തിയ ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു താഴ്ചയിലാണ്. തലേന്നു താഴ്ന്ന സ്റ്റീൽ, മെറ്റൽ ഓഹരികൾ പലതും ഇന്നു രാവിലെ കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി ബാങ്ക് അര ശതമാനം താഴ്ചയിലാണ്.
കേരളത്തിൽ നിന്നുള്ള ബാങ്കുകളുടെ ഓഹരി വില ഇന്നു ചെറിയ തോതിൽ കയറി. ഫെഡറൽ ബാങ്ക് ഓഹരി അൽപം താണു.
ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു, ജെഎസ്പിഎൽ, സെയിൽ, എൻഎംഡിസി തുടങ്ങിയ ഓഹരികൾ രാവിലെ ഉയർന്നു. ഹിൻഡാൽകോ, വേദാന്ത, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയവയും ഉയർന്നു.
തമിഴ്നാട്ടിൽ ഹ്യുണ്ടായിയുടെ രണ്ടു പ്ലാൻ്റുകൾ അടച്ചു. കോവിഡ് ബാധിച്ച തൊഴിലാളികൾക്കു വേതനത്തോടു കൂടിയ അവധിയും മറ്റും ആവശ്യപ്പെട്ടു യൂണിയൻ മാനേജ്മെൻ്റുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് അടച്ചിട്ടത്. സംസ്ഥാനത്തെ മറ്റു വാഹന ഫാക്ടറികൾ അടച്ചിടുമോ എന്നു തീരുമാനമായിട്ടില്ല.
വാഹന വിൽപനയിൽ ഗണ്യമായ കുറവുണ്ടാകുമെന്നു റിപ്പോർട്ടുകൾ ഉണ്ടെങ്കിലും വാഹന ഓഹരികൾ ഇന്ന് ഉയർന്നു.
രൂപ ഇന്നു കരുത്തോടെ തുടങ്ങി. 10 പൈസ താഴ്ന്ന് 72.86 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീടു ഡോളർ 72.82 രൂപയിലേക്കു താണു.
ലോകവിപണിയിൽ സ്വർണം 1779 ഡോളറിലാണ്. കേരളത്തിൽ പവൻ വില 36,480 രൂപയിൽ തുടരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it