പ്രതീക്ഷ പോലെ പണനയം; സൂചികകളും രൂപയും കയറി

പ്രതീക്ഷ പോലെ റീപോ നിരക്ക് 50 ബേസിസ് പോയിൻ്റ് ഉയർത്തി 5.9 ശതമാനമാക്കി. ബാങ്ക് റേറ്റ് 5.15-ഉം മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി 6.15-ഉം എസ് ഡി എഫ് 5.65 ഉം ശതമാനമാക്കി. നയസമീപനം ഇളവുകൾ പിൻവലിക്കുന്നതിന് അനുകൂലമായി തുടരും. അപ്രതീക്ഷിതമായ നടപടി ഒന്നും ഉണ്ടാകാത്തതിനെ തുടർന്നു വിപണി പണനയത്തോട് അനുകൂലമായി പ്രതികരിച്ചു.

സെൻസെക്സ് 430-ലേറെ പോയിൻ്റ് ഉയർന്ന് 56,845-ലേക്കു കയറിയപ്പോൾ നിഫ്റ്റി ഉയർന്ന് 115 പോയിൻ്റ് കയറി 16,935 ലെത്തി. രൂപയും കയറി. ഡോളർ 81.62 രൂപയായി.
ഇക്കൊല്ലത്തെ സാമ്പത്തിക വളർച്ച പ്രതീക്ഷ റിസർവ് ബാങ്ക് ഏഴു ശതമാനമായി കുറച്ചു. നേരത്തേ പ്രതീക്ഷിച്ചിരുന്നത് 7.2 ശതമാനം. രണ്ടാം പാദ വളർച്ച 6.3 ശതമാനമാണെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു. മൂന്നും നാലും പാദങ്ങളിൽ 4.6 ശതമാനം വീതം ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നു.
വാർഷിക വിലക്കയറ്റ പ്രതീക്ഷ 6.7 ശതമാനത്തിൽ നിലനിർത്തി. രണ്ടാം പകുതിയിൽ പ്രതീക്ഷിക്കുന്ന വിലക്കയറ്റം ഏഴു ശതമാനമാണ്. രണ്ടാം പാദത്തിൽ 7.1%, മൂന്നാം പാദത്തിൽ 6.5 %, നാലാംപാദത്തിൽ 5.8% എന്നിങ്ങനെയാണു ചില്ലറ വിലക്കയറ്റം പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ വിപണി രാവിലെ ചെറിയ നേട്ടത്തോടെ തുടങ്ങിയെങ്കിലും മിനിറ്റുകൾക്കകം നഷ്ടത്തിലായി. യുഎസ് ഫ്യൂച്ചേഴ്സ് ഗണ്യമായി ഇടിഞ്ഞതാണു കാരണം. ഏഷ്യൻ വിപണികൾ കൂടുതൽ താഴ്ചയിലേക്കു നീങ്ങുകയും ചെയ്തു. പിന്നീടു ബാങ്ക് സൂചികയോടൊപ്പം മുഖ്യസൂചികകളും നേട്ടത്തിലേക്കു മാറിയെങ്കിലും വീണ്ടും ചാഞ്ചാട്ടമായി.
ഐടി, ബാങ്കിംഗ് മേഖലകളാണു വിപണിയെ വലിച്ചു താഴ്ത്തുന്നത്. ഐടി സൂചിക തുടക്കത്തിൽ തന്നെ ഒരു ശതമാനത്തിലധികം താഴ്ന്നു. ടിസിഎസ്, ഇൻഫി തുടങ്ങിയവ ഒന്നര ശതമാനം ഇടിഞ്ഞു.


വാഹന കമ്പനികളും താഴ്ചയിലായിരുന്നു. ഈ വർഷം (2022) വാഹന വിൽപന 2019-ലേക്കാൾ കുറവാകും എന്നാണു വിലയിരുത്തൽ. ഹിൻഡാൽകോ അടക്കം മെറ്റൽ ഓഹരികൾ ഉയർന്നു.


ബാങ്ക് നിഫ്റ്റിയും ഫിനാൻഷ്യൽ സർവീസസ് സൂചികയും പിന്നീട് നേട്ടത്തിലേക്കു മാറി.


കഴിഞ്ഞ ദിവസം നല്ല നേട്ടം ഉണ്ടാക്കിയ ടാറ്റാ കെമിക്കൽസും എസ് ആർ എഫും ഇന്നു താഴോട്ടു നീങ്ങി. നഗരങ്ങളിൽ പ്രകൃതിവാതക വിതരണം നടത്തുന്ന മഹാനഗർ, ഇന്ദ്രപ്രസ്ഥ, ഗുജറാത്ത് എന്നീ ഗ്യാസ് കമ്പനികൾ ഇന്നു നഷ്ടത്തിലായി. ഗ്യാസ് വില പുതുക്കി നിശ്ചയിക്കാത്തതാണു കാരണം. .രൂപ ഇന്ന് നേട്ടത്തിൽ തുടങ്ങി. ഡോളർ 24 പൈസ താഴ്ചയിൽ 81.62 ലാണു വ്യാപാരമാരംഭിച്ചത്.പിന്നീട് 81.56 ലേക്കു താണു.


സ്വർണം ലോകവിപണിയിൽ 1665 ഡോളറിലേക്കുയർന്നു. കേരളത്തിൽ സ്വർണം 37,320 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it