ബാങ്ക് ഓഹരികളുടെ കുതിപ്പിൽ ബുൾ ആവേശം

ബുൾ തരംഗം തടസങ്ങളില്ലാതെ തുടരുന്നു. രാവിലെ 250 പോയിൻ്റ് ഉയർന്നു വ്യാപാരം തുടങ്ങിയ സെൻസെക്സ് പിന്നീടു 300 പോയിൻ്റിനു മുകളിലാക്കി നേട്ടം. പിന്നീടു സൂചികകൾ ഗണ്യമായി താണു. ഒരവസരത്തിൽ നിഫ്റ്റി നഷ്ടത്തിലാകുകയും ചെയ്തു. പിന്നീടു നേട്ടത്തിലായി.

മിഡ് ക്യാപ് ഓഹരികൾ പൊതുവേ താഴ്ന്നു. മിഡ് ക്യാപ് സൂചിക അര ശതമാനത്തോളം താഴാേട്ടു പോയി.
ബാങ്ക്, ധനകാര്യ, റിയൽറ്റി, മീഡിയ, മെറ്റൽ, ഓട്ടോ കമ്പനികൾ ഇന്നു രാവിലെ നേട്ടമുണ്ടാക്കി. ബാങ്ക് ഓഹരികൾക്കായിരുന്നു വലിയ കുതിപ്പ്. പൊതുമേഖലാ ബാങ്കുകളുടെ കുടുതൽ വായ്പകൾ "ചീത്ത ബാങ്കിനു " കൈമാറുമെന്ന വാർത്ത ബാങ്കുകൾക്കു സഹായകമായി. കേരളത്തിൽ നിന്നുള്ള ഫെഡറൽ, സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ രാവിലെ ഉയർന്നു. സി എസ് ബിയും ധനലക്ഷ്മിയും അൽപം ഉയർന്നു.
ഐടി, ഫാർമ, എഫ് എം സി ജി, ഗൃഹോപകരണ, ഹെൽത്ത് കെയർ കമ്പനികൾ താഴോട്ടു പോയി. ഒഎൻജിസി അടക്കം ഓയിൽ കമ്പനികളും നേട്ടത്തിലാണ്. രാസവള സബ്സിഡിക്കു കൂടുതൽ തുക അനുവദിക്കും എന്ന റിപ്പോർട്ട് രാസവള കമ്പനികളുടെ ഓഹരി അഞ്ചു മുതൽ എട്ടുവരെ ശതമാനം ഉയർത്തി.
സീ എൻ്റർടെയ്ൻമെൻ്റിൽ സിഇഒ - എംഡി പുനീത് ഗോയങ്കയെ നീക്കാൻ ഓഹരി ഉടമകളുടെ യോഗം വിളിക്കണമെന്ന ആവശ്യത്തിൽ ഇൻവെസ്കോ ഉറച്ചു നിൽക്കുന്നു. സീ യിൽ 18 ശതമാനം ഓഹരിയുള്ള ഇൻവെസ്കോ ഇതിനായി കോടതിയെ സമീപിക്കുമെന്നാണു സൂചന. സീ യുടെ ഓഹരി വില മൂന്നു ശതമാനത്തോളം താണു.
മഹാരാഷ്ട്രയിൽ സിനിമാ തിയറ്ററുകൾ അടുത്ത മാസം തുറക്കാം എന്ന തീരുമാനം പിവിആർ, ഐനോക്സ് ലീഷർ എന്നിവയുടെ ഓഹരി വില 10 ശതമാനത്തോളം ഉയർത്തി.
രാജ്യാന്തര വിപണിയിൽ സ്വർണം 1759 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവനു 120 രൂപ ഉയർന്ന് 34,680 രൂപയിലെത്തി.
ഡോളറിന് തുടക്കത്തിൽ നാലു പൈസ കൂടിയെങ്കിലും പിന്നീടു നേട്ടം രണ്ടു പൈസയായി താണു. 73.71 രൂപയിലാണു ഡോളർ.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 79 ഡോളറിനു മുകളിൽ തുടരുന്നു.
പലിശ നിരക്ക് അടുത്ത വർഷം ഉയരുമെന്ന സൂചനയാണു കടപ്പത്ര വിപണി നൽകുന്നത്. 10 വർഷ കടപ്പത്രത്തിൻ്റെ വില കുറഞ്ഞു. ഇപ്പോൾ അവയുടെ നിക്ഷേപനേട്ടം 6.2 ശതമാനത്തിലേക്ക് ഉയർന്നു. അമേരിക്കയിലും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഉയരുകയാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it