വീണ്ടും താഴോട്ട്; വളർച്ചയ്ക്കു ഭീഷണി

താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നെ സാവധാനം താഴോട്ടു നീങ്ങുന്നതാണ് ഇന്ന് ഓഹരി വിപണിയിൽ കണ്ടത്. ബാങ്കുകളും ധനകാര്യ സേവന കമ്പനികളും താഴ്ചയ്ക്കു മുന്നിൽ നിന്നു. ഐടി ഓഹരികളും വാഹന കമ്പനികളും വലിയ താഴ്ചയിലാണ്. റിയൽറ്റിയിൽ ചെറിയ ഉണർവുണ്ടായി.

ഏഷ്യൻ സൂചികകൾ ശരാശരി രണ്ടു ശതമാനം താഴ്ചയാണു രാവിലെ കാണിച്ചത്. യുഎസ് ഫ്യൂച്ചേഴ്സ് അര ശതമാനം ഉയർന്നത് ഇന്ത്യൻ സൂചികകളെ വലിയ തകർച്ചയിൽ നിന്നു രക്ഷിച്ചു.
റിലയൻസ് റീട്ടെയിലുമായുള്ള ഇടപാട് സംബന്ധിച്ചു തീരുമാനിക്കാൻ ഓഹരി ഉടമകളുടെ യോഗം വിളിക്കാൻ കമ്പനി നിയമ ട്രൈബ്യൂണൽ അനുവദിച്ചതിനെ തുടർന്ന് ഫ്യൂച്ചർ റീട്ടെയലിൻ്റെ ഓഹരി വില 10 ശതമാനത്തോളം ഉയർന്നു. എന്നാൽ ക്രൂഡ് വിലയിടിവിൻ്റെ പേരിൽ റിലയൻസ് ഓഹരി വില അൽപം താണു.
ചൈനയിലടക്കം വ്യവസായ ഉൽപാദനവും ജിഡിപി വളർച്ചയും കുറയുമെന്ന സൂചന ഇന്ധന വിലയെ ബാധിച്ചു. വീപ്പയ്ക്ക് 80 ഡോളറിനു മുകളിൽ നിന്ന് 77.9 ഡോളറിലേക്കാണ് ഒരു ദിവസം കൊണ്ട് ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില താഴ്ന്നത്. വളർച്ച കുറഞ്ഞാൽ ക്രൂഡ് ആവശ്യകത കുറയും എന്ന ധാരണയിലാണ് വിപണിയുടെ ഈ നീക്കം. എന്നാൽ പ്രകൃതി വാതകവും കൽക്കരിയും കുറവായതിനാൽ ക്രൂഡ് വിലയിടിവ് നിലനിൽക്കുമോ എന്നതിൽ സംശയമുണ്ട്.
രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി സ്റ്റാേക്ക് കുറവാണെന്നു ചില ബ്രോക്കറേജുകൾ ചൂണ്ടിക്കാട്ടി. എന്നാൽ വൈദ്യുതി ഉൽപ്പാദന കമ്പനികൾക്ക് ഇന്നു വലിയ വിലക്കയറ്റം ഉണ്ടായി. സി ജി പവറും സിഇഎസ് സിയും അഞ്ചു ശതമാനത്തോളം ഉയർന്നു.
സ്വർണ ബുള്ളുകൾ തിരിച്ചുവരവിന് ശ്രമിക്കുന്നതാണ് ഇന്നു രാവിലെ കണ്ടത്. വില 1740 ഡോളറിലേക്ക് ഉയർത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ 1750 നു മുകളിൽ നിലയുറപ്പിക്കാൻ ആയാലേ വിപണിഗതി മാറൂ. കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നു.
രൂപ ഇന്നും താണു. ഡോളർ 14 പൈസ നേട്ടവുമായി 74.18 രൂപയിലേക്കു കയറി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it