താഴ്ചയിൽ നിന്നു കയറാൻ ശ്രമം

വീണ്ടും താഴ്ചയിൽ തുടക്കം. തുടർന്നു ചാഞ്ചാട്ടം. കോവിഡ് ആശങ്ക വിപണിയെ താഴോട്ടു വലിക്കുന്നു. എങ്കിലും വിപണി തിരിച്ചു കയറാൻ ഒരുങ്ങുകയാണ്. നിഫ്റ്റി ബാങ്ക് സൂചിക വ്യാപാരം ഒരു മണിക്കൂർ കഴിയുമ്പോൾ തുടക്കത്തിലെ നഷ്ടം നികത്തി ഉയർച്ചയിലായി.

പ്രമുഖ ഏഷ്യൻ സൂചികകളും ഇന്നു താഴ്ചയിലാണ്.
റിസർവ് ബാങ്ക് ഇന്നു 38,000 കോടി രൂപയുടെ കടപ്പത്രങ്ങൾ വിൽക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച 25,000 കോടി വിൽപനയ്ക്കു ശ്രമിച്ചിട്ടു 12,000 കോടിയേവിൽക്കാനായുള്ളു. വാങ്ങലുകാർ ആവശ്യപ്പെടുന്ന പലിശ റിസർവ് ബാങ്ക് നൽകാൻ വിസമ്മതിച്ചതാണു കാരണം.അന്നു വിൽക്കാതിരുന്നവ കൂടി ചേർത്താണ് ഇന്നു ലേലം.
പലിശ നിരക്ക് താഴ്ത്തി നിർത്താൻ റിസർവ് ബാങ്ക് ശ്രമിക്കുന്നു. നിരക്ക് ഉയർത്താൻ നിക്ഷേപകരും. നിക്ഷേപകരുടെ ശ്രമം തോൽപിക്കാൻ കേന്ദ്ര ബാങ്ക് പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്.
ഇന്നു രാവിലെ കടപ്പത്ര വിപണിയിൽ വില താണു. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 6.065 ശതമാനത്തിലേക്കു കയറി.
വ്യാവസായിക ലോഹങ്ങളുടെ വില ഇടയ്ക്ക് അൽപം താണിട്ടു വീണ്ടും കയറുകയാണ്. ചെമ്പ് 2021-ൽ ഇതുവരെ 22 ശതമാനം ഉയർന്നു. ഇപ്പോൾ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ചൈനയിലും അമേരിക്കയിലും വളർച്ചത്തോത് ഉയരുന്നതിൻ്റെ ഫലമാണു വിലക്കയറ്റം. ചെറുവിലും ചിലെയിലും ഖനനം കുറഞ്ഞതും കാരണമാണ്.
ചൈനീസ് ഡിമാൻഡ് വർധിച്ചത് ക്രൂഡ് ഓയിൽ വില കൂട്ടി. ബ്രെൻ്റ് ഇനം 65.8 ഡോളറിലെത്തി.
ഡോളർ വീണ്ടും ഉയർന്നു. ഡോളർ വ്യാപാരം തുടങ്ങിയതു തന്നെ 75.02 രൂപയിലാണ്. പിന്നീട് 75.06 രൂപയിലേക്കു കയറി. പക്ഷേ മിനിറ്റുകൾക്കു ശേഷം ഡോളർ 74.87 രൂപയിലേക്കു താണു. റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നതായി സൂചനയുണ്ട്.
ലോകവിപണിയിൽ സ്വർണം ഔൺസിന് 1785 ഡോളറിൽ തുടരുന്നു. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it