Begin typing your search above and press return to search.
ഇറങ്ങിക്കയറി വിപണി; സ്മോൾ, മിഡ് കാപ് ഓഹരികൾ ഇന്നും താഴേക്ക്

ലാഭമെടുക്കലും ആഗോള സൂചനകളും ഓഹരി വിപണിയെ ഇന്ന് ഉലച്ചു. തുടക്കം തന്നെ ചാഞ്ചാട്ടത്തോടെയായിരുന്നു. താണു, കയറി, വീണ്ടും താണു. വീണ്ടും കയറിയിറങ്ങി. എങ്കിലും വിപണി മനോഭാവം ബുള്ളിഷ് ആയി തുടരുന്നു.
ബാങ്കുകളിലും ധനകാര്യ കമ്പനികളിലുമാണു വിൽപനസമ്മർദം കൂടുതൽ. സ്മോൾ,മിഡ് ക്യാപ് ഓഹരികൾ ഇന്നും താഴോട്ടാണ്.
കേരളത്തിൽ നിന്നുള്ള നാലു ഷെഡ്യൂൾഡ് ബാങ്കുകളുടെയും ഓഹരി വില രാവിലെ താഴ്ചയിലായിരുന്നു.
ഒന്നാം പാദത്തിലെ നഷ്ടം 729 കോടി രൂപയിലേക്കു വർധിപ്പിച്ച സ്പൈസ് ജെറ്റിൻ്റെ ഓഹരിവില നാലു ശതമാനത്തിലേറെ താണു. 25,460 കോടിയിൽ നിന്ന് 7319 കോടിയിലേക്കു നഷ്ടം കുറച്ച വോഡഫോൺ ഐഡിയയുടെ ഓഹരി വില അഞ്ചു ശതമാനം ഇടിഞ്ഞു. കമ്പനിയുടെ വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതും ശരാശരി വരുമാനം വളരെ താഴോട്ടു പോയതുമാണു കാരണം.
ഒന്നാം പാദത്തിലെ മികച്ച വരുമാന-ലാഭ വർധന അപ്പോളോ ഹോസ്പിറ്റൽസിൻ്റെ ഓഹരിവില അഞ്ചു ശതമാനത്തിലേറെ ഉയരാൻ കാരണമായി.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപ പലിശ 0.15 ശതമാനം കൂട്ടി. കാർ, സ്വർണപ്പണയ, പേഴ്സണൽ ലോണുകൾക്കു പ്രോസസിംഗ് ഫീസ് ഒഴിവാക്കി. സ്വർണപ്പണയ വായ്കളുടെ പലിശ 0.75 ശതമാനം കുറച്ചു. യോനോ ആപ്പ് ഉപയോഗിക്കുന്നവരുടെ കാർ വായ്പകൾക്ക് 0.25 ശതമാനം കുറച്ചു. ബാങ്കിൻ്റെ ലാഭ മാർജിൻ കുറയുമെന്ന വിലയിരുത്തലിൽ ഓഹരി വില അൽപം താണു.
കഴിഞ്ഞയാഴ്ച 90 രൂപയ്ക്ക് ഐപിഒ നടത്തിയ ദേവയാനി ഇൻറർനാഷണൽ ഇന്നു 141 രൂപയിൽ ലിസ്റ്റ് ചെയ്തു. വിൻഡ് ലാസ് ബയോ ഐപിഒ വിലയേക്കാൾ താഴെയാണു ലിസ്റ്റ് ചെയ്തത്. കൃഷ്ണാ ഡയഗ്നോസ്റ്റിക്സും എക്സാറോ ടൈൽസും നേരിയ നേട്ടത്തിൽ ലിസ്റ്റ് ചെയ്തു.
ലോകവിപണിയിൽ സ്വർണം 1776 ഡോളറിലേക്കു താണു. കേരളത്തിൽ വില മാറ്റമില്ലാതെ തുടരുന്നു.
Next Story