ടാറ്റ മോട്ടോഴ്‌സും റാഡികോ ഖേതാനും കുതിക്കുന്നത് എന്തുകൊണ്ട്?

അനിശ്ചിതത്വത്തിന്റെ ചാഞ്ചാട്ടത്തില്‍ തുടക്കം. പിന്നീടു കുറേ നേരം ക്രമമായ ഉയര്‍ച്ച. വീണ്ടും താഴ്ച. രാവിലെ തന്നെ വിപണി തിരിച്ചുപിടിക്കാന്‍ ബുള്ളുകള്‍ ഉത്സാഹിച്ചു. പക്ഷേ ഐടി, ബാങ്ക് മേഖലകളിലെ തളര്‍ച്ച മൂലം അതു സാധിച്ചില്ല. വിപണി ചാഞ്ചാട്ടം തുടര്‍ന്നു. ബാങ്ക് സൂചിക ഉയര്‍ന്നപ്പോള്‍ മുഖ്യസൂചികകളും ഉയരത്തിലായി.

യൂറോപ്പിലും വടക്കേ അമേരിക്കയിലും വാണിജ്യ വാഹന വില്‍പന വര്‍ധിച്ചതു ടാറ്റാ മോട്ടോഴ്‌സ് ഓഹരി നാലു ശതമാനം വരെ ഉയരാന്‍ കാരണമായി. ഇന്നലെയും ടാറ്റാ മോട്ടോഴ്‌സ് വലിയ കുതിപ്പ് നടത്തിയിരുന്നു.

ലാഭ മാര്‍ജിന്‍ കുത്തനേ താഴുകയും അറ്റാദായം കുറയുകയും ചെയ്തത് ടാറ്റാ മെറ്റാലിക്‌സ് ഓഹരിയെ ഇടിച്ചുതാഴ്ത്താന്‍ കാരണമായി. ഓഹരി വില അഞ്ചു ശതമാനം താണു. ഇരുമ്പയിര് റോയല്‍റ്റി കൂടിയതാണു കമ്പനിക്കു പ്രശ്‌നമായത്. റിയല്‍ എസ്‌റ്റേറ്റ് ബില്‍ഡര്‍ കമ്പനികള്‍ക്ക് ഇന്നു വില താഴോട്ടു പോയി.

ഗോള്‍ഡ്മാന്‍ സാക്‌സ് വാങ്ങല്‍ ശിപാര്‍ശ നല്‍കിയതോടെ റാഡികോ ഖേതാന്റെ വില ഒന്‍പതു ശതമാനം ഉയര്‍ന്നു. ഹോട്ടല്‍ ഓഹരികള്‍ ഇന്നും മെച്ചപ്പെട്ടു.

ഡോളര്‍ കൂടുതല്‍ കരുത്തു കാണിച്ചു. അഞ്ചു പൈസ നേട്ടത്തില്‍ 75.41 രൂപയില്‍ ഡോളര്‍ വ്യാപാരം തുടങ്ങി.

ലോക വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1757 ഡോളറിലേക്ക് ഉയര്‍ന്നു. കേരളത്തില്‍ പവന് 200 രൂപ കൂടി 35,320 രൂപയായി. ഡോളറിന്റെ വില വര്‍ധനയാണു കേരളത്തില്‍ സ്വര്‍ണ വില കൂട്ടിയത്.
വിലക്കയറ്റം വീണ്ടും ഭീഷണി
യൂറോപ്യന്‍ ഓഹരികള്‍ ഇന്നലെ ഉയര്‍ന്നു തുടങ്ങി. ഊര്‍ജ കമ്പനികളുടെ നേട്ടത്തിന്റെ പിന്നാലെയായിരുന്നു ഇത്. പക്ഷേ നേട്ടം നിലനിര്‍ത്താനായില്ല. യുഎസ് ഓഹരികള്‍ നല്ല നേട്ടത്തോടെ തുടങ്ങിയിട്ടു ഗണ്യമായ നഷ്ടത്തില്‍ അവസാനിച്ചു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സും വലിയ താഴ്ചയിലാണ്. ജപ്പാനിലടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ വിപണികള്‍ ഗണ്യമായ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്.

ഇന്ധനങ്ങളുടെയും ലോഹങ്ങളുടെയും വിലക്കയറ്റം പൊതു വിലക്കയറ്റം വര്‍ധിപ്പിക്കും എന്നു പല നിക്ഷേപ ബാങ്കുകളും മുന്നറിയിപ്പ് നല്‍കി. വിലവര്‍ധനയും ഉല്‍പന്നലഭ്യതയിലെ തടസങ്ങളും കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇന്നലെ യുഎസ് ഓഹരികളെ താഴ്ത്തിയത്. ഈ ആശങ്ക ഇന്ന് ഏഷ്യന്‍ വിപണികളെയും ബാധിച്ചു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it