Begin typing your search above and press return to search.
വീണ്ടും കയറ്റം; ഉത്സവ സീസണിൽ കണ്ണുവച്ച് കമ്പനികൾ
ഉയർന്ന നിലവാരത്തിൽ വ്യാപാരം തുടങ്ങി. വീണ്ടും ഉയർന്നു. ബുൾ തരംഗത്തിനു ചാഞ്ചല്യമില്ലെന്നു കാണിക്കാൻ വിപണി ഉദ്യമിക്കുന്നു. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സെൻസെക്സ് 57,500നും നിഫ്റ്റി 17,130 നും മുകളിലാണ്.
ബാങ്ക്, ധനകാര്യ, ഐടി, ഓട്ടോ ഓഹരികളുടെ ക്ഷീണമാണ് ഇന്നു വിപണി വലിയ കുതിപ്പ് നടത്താത്തതിനു കാരണം. വാഹന ഉൽപാദനം കുറയുന്നത് ഉത്സവകാല വിൽപ്പനയിൽ കിട്ടാമായിരുന്ന വലിയ നേട്ടം നഷ്ടമാക്കും എന്നത് വാഹനകമ്പനി ഓഹരികളെ താഴ്ത്തി. പൊതുമേഖലാ ബാങ്കുകളിലാണു കൂടുതൽ വിൽപന സമ്മർദം.
ധനലക്ഷ്മി ബാങ്ക് ഒഴികെയുള്ള കേരളാ ബാങ്കുകളുടെ ഓഹരി വില രാവിലെ ഉയർന്നു.
ഹിന്ദുസ്ഥാൻ യൂണിലിവർ അടക്കം എഫ് എം സി ജി കമ്പനികൾ ഇന്നു നല്ല നേട്ടത്തിലാണ്. വരുന്ന ഉത്സവ സീസണിലടക്കം അവയ്ക്കു നല്ല വിൽപന പ്രതീക്ഷിക്കുന്നു. കോവിഡ് മൂന്നാം തരംഗം ഉണ്ടാകുന്നില്ലെങ്കിൽ ഗൃഹോപകരണ വിൽപനയും ഈ സീസണിൽ മികച്ച നേട്ടമുണ്ടാക്കുമെന്നാണു കണക്കുകൂട്ടൽ. നിഫ്റ്റി കൺസ്യൂമർ ഡുറബിൾസ് സൂചിക രാവിലെ 1.2 ശതമാനവും എഫ്എംസിജി സൂചിക 1.55 ശതമാനവും കയറി.
സ്റ്റീൽ, അലൂമിനിയം, ചെമ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓഹരികളും ഉയരത്തിലാണ്.
യൂറോപ്പിലെ സോളാർ സെൽ നിർമാണ കമ്പനിയിൽ ഓഹരി എടുക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ ശരിവയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് തയാറായില്ല. റിപ്പോർട്ടുകൾ ഊഹാധിഷ്ഠിതമാണെന്നു കമ്പനി അറിയിച്ചു. ഇതോടെ കമ്പനി ഓഹരിയുടെ വില അൽപം താണു.
കിറ്റെക്സ് ഗാർമെൻ്റ്സിൻ്റെ ഓഹരി വില ഇന്നു രാവിലെ 10 ശതമാനത്തോളം ഉയർന്ന് 164.1 രൂപയായി.
ഡോളർ ഇന്നും താഴ്ന്നാണു തുടങ്ങിയത്. നാലു പൈസ താണ് 73.04 രൂപയിൽ ഡോളർ വ്യാപാരം തുടങ്ങി. പിന്നീട് 73.10 രൂപയിലേക്കു കയറി.
ഡോളറിൻ്റെ നിരക്കു കുറയുന്നത് ഐടി കമ്പനികൾക്കു ക്ഷീണമായി. അവയുടെ പ്രധാന വരുമാനം വിദേശത്തു നിന്നാണ്. ഡോളറിൻ്റെ നിരക്കു താഴുമ്പോൾ അവയുടെ രൂപയിലുള്ള വരുമാനവും താഴോട്ടു പോകും. അതാണു പ്രശ്നം.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1811 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 35,360 രൂപയായി.
Next Story
Videos