വിപണിയിൽ ചാഞ്ചാട്ടം; ലാഭമെടുക്കലുകാർക്ക് മേൽക്കൈ

പ്രീ ഓപ്പണിൽ നല്ല ഉയർച്ച കാണിച്ച ഓഹരി വിപണി ചെറിയ നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. മിനിറ്റുകൾക്കകം സൂചികകൾ നഷ്ടത്തിലായി. ഉയർന്ന നിലവാരത്തിലെ വിൽപന സമ്മർദം ബുള്ളുകളെ പിന്നോട്ടടിച്ചു. സൂചികകൾ കയറിയും ഇറങ്ങിയും നീങ്ങി.

ബാങ്ക് - ധനകാര്യ ഓഹരികളാണ് കൂടുതൽ ചാഞ്ചാട്ടം കാണിച്ചത്. ഐടി, റിയൽറ്റി, ഫാർമ, മീഡിയ തുടങ്ങിയ മേഖലകളെല്ലാം താഴോട്ടു നീങ്ങി.
ദിവാൻ ഹൗസിംഗിൻ്റെ പുതിയ ഉടമകളായ പിരമൾ ഗ്രൂപ്പ് ബാങ്കുകൾക്ക് 34,000 കോടി രൂപ നൽകുമെന്ന റിപ്പോർട്ട് എസ്ബിഐ അടക്കം ബാങ്കുകളുടെ ഓഹരിവില ഉയർത്തി.
ക്രൂഡ് ഓയിൽ വില വീണ്ടും 80 ഡോളറിനു മുകളിൽ കയറി. ഈ ദിവസങ്ങളിൽ വില കൂടുതൽ കയറുമെന്നാണു സൂചന.
പ്രകൃതിവാതക വില വീണ്ടും കുതിക്കുകയാണ്. ഈയാഴ്ച തന്നെ അന്താരാഷ്ട്ര വില 29 ശതമാനം കയറി. കഴിഞ്ഞ വർഷത്തേതിൽ നിന്നു 144 ശതമാനം അധികമാണ് ഇപ്പോഴത്തെ വില. ഒക്ടോബറിൽ രാജ്യത്തെ പ്രകൃതി വാതക വില ഉയർത്തും. ക്രൂഡും പ്രകൃതി വാതകവും ഉയരുന്നത് ലോകമെങ്ങും ഊർജ - ഇന്ധന വിലകൾ കൂട്ടും. അതു വിലക്കയറ്റം വർധിപ്പിക്കുകയും വളർച്ചയെ ബാധിക്കുകയും ചെയ്യും. ഈ ആശങ്ക വിപണിയിലേക്കു വരും ദിവസങ്ങളിൽ കടന്നു വരും. പെട്രോളിയം മേഖലയിലെ കമ്പനികൾ നേട്ടത്തിലാണ്.
സ്വർണം ഇന്നു രാവിലെ 1749 ഡോളറിനടുത്താണ്.1750 ഡോളറിനു മുകളിലേക്കു കയറാനുളള ശ്രമങ്ങൾ വിജയിക്കുന്നില്ല. കേരളത്തിൽ പവന് 120 രൂപ താണ് 34,560 രൂപയായി.
രൂപയ്ക്ക് ഇന്നു നേട്ടത്തോടെ തുടക്കം. ഒൻപതു പൈസ താണ് 73.75 രൂപയായി ഡോളർ നിരക്ക്.
ഒക്ടോബർ - മാർച്ചിൽ കേന്ദ്രത്തിൻ്റെ കടമെടുപ്പ് കുറവാകുമെന്ന് ധനമന്ത്രാലയം അറിയിച്ചത് കടപ്പത്ര വില കൂട്ടുകയും കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം (Yield) കുറയ്ക്കുകയും ചെയ്യുമെന്നു കരുതിയെങ്കിലും അങ്ങനെ നടന്നില്ല. 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 6.22 ശതമാനത്തിലേക്ക് ഉയർന്നു.
ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർ ഗ്ലോബ് ഏവിയേഷൻ്റെ വില ഇന്നും താണു. ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ വാങ്ങുന്നതും ഗ്രൂപ്പിൻ്റെ വിവിധ വ്യോമയാന കമ്പനികൾ ഒന്നിക്കുന്നതും ഇൻഡിഗോയുടെ മേധാവിത്വം ഇല്ലാതാക്കുമെന്നാണ് നിക്ഷേപ വിദഗ്ധരുടെ വിലയിരുത്തൽ. ഇൻഡിഗാേയ്ക്ക് ആഭ്യന്തര സർവീസിലും രാജ്യാന്തര സർവീസിലും വലിയ വെല്ലുവിളി നേരിടും. ലാഭ മാർജിൻ കുറയും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it