കല്യാൺ ജൂവലേഴ്സ്, ശോഭ ഡെവലപ്പേഴ്സ് ഓഹരി വിലകൾ ഉയരുന്നത് എന്തുകൊണ്ട്?

തലേന്നത്തെ നഷ്ടം ഒട്ടുമുക്കാലും നികത്തിക്കൊണ്ടാണ് ഇന്ത്യൻ ഓഹരി വിപണി ഇന്നു രാവിലെ വ്യാപാരം തുടങ്ങിയത്. 15 മിനിറ്റിനകം നഷ്ടമപ്പാടെ നികത്തി. സെൻസെക്സ് 59,750 നു മുകളിലും നിഫ്റ്റി 17,800 നു മുകളിലും എത്തി. പിന്നീട് അൽപം താണു.

മിഡ്, സ്മോൾ ക്യാപ് ഓഹരികളും റാലിയിൽ പങ്കു ചേർന്നു. റിയൽറ്റി, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ, ഐടി, ബാങ്ക് തുടങ്ങി ഒട്ടെല്ലാ മേഖലകളും ഉയർച്ചയാണ്.
രണ്ടാം പാദത്തിൽ വിൽപന 60 ശതമാനത്തിലേറെ വർധിച്ചതു ടൈറ്റൻ്റെ ഓഹരി വില 10 ശതമാനത്തോളം ഉയർത്തി. സമാനമായ വരുമാന വർധന കാണിച്ച കല്യാൺ ജ്വല്ലേഴ്സും 10 ശതമാനത്തോളം കയറി. ത്രിഭുവൻദാസ് ഭീംജി ജാവേരി (ടിബിസെഡ്) ഓഹരിയും നല്ല നേട്ടമുണ്ടാക്കി.
പാർപ്പിട വിൽപനയിൽ വലിയ കുതിപ്പുണ്ടായത് ശോഭ ഡെവലപ്പേഴ്സിൻ്റെ വില പത്തു ശതമാനത്തിലേറെ ഉയർത്തി. ഓബറോയ് റിയൽറ്റി, മാക്രോടെക് ഡെവലപ്പേഴ്സ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഗോദ്റെജ് പ്രോപ്പർട്ടീസ്, ഡിഎൽഎഫ് തുടങ്ങിയവയും മികച്ച നേട്ടമുണ്ടാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ താഴോട്ടു പോയിരുന്ന ടാറ്റാ മോട്ടോഴ്സ് ഇന്നു രാവിലെ ഒൻപതു ശതമാനം ഉയർന്നു. കമ്പനിക്കു വലിയ നേട്ടം പ്രവചിച്ച മോർഗൻ സ്റ്റാൻലിയുടെ പുതിയ റിപ്പോർട്ടാണു വിപണിയെ സ്വാധീനിച്ചത്.
കുട്ടികൾക്കു മലേറിയ വാക്സിനേഷൻ ശിപാർശ ചെയ്തത് ജിഎസ്കെ, ഇപ്ക ലാബ്സ് തുടങ്ങിയ ചില ഫാർമ കമ്പനികളെ സഹായിച്ചു.
ആഗാേള റീട്ടെയിൽ വ്യാപാര ബ്രാൻഡായ സെവൻ-ഇലവൻ്റെ കൺവീനിയൻസ് സ്റ്റോറുകൾ റിലയൻസ് റീട്ടെയിലിൻ്റെ കീഴിൽ തുടങ്ങാൻ പോകുന്നു. നേരത്തേ ഇവർ ഫ്യൂച്ചർ ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാർ റദ്ദാക്കി. റിലയൻസ് അതിവേഗം 7-11 സ്‌റ്റോറുകൾ തുറക്കുമെന്നാണു സൂചന. റിലയൻസ് ഓഹരി ഇന്ന് ഒന്നര ശതമാനത്തോളം ഉയർന്നു.
രൂപ ഇന്നു നേട്ടമുണ്ടാക്കി. ഡാേളർ 18 പൈസ താണ് 74.8 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 74.76 രൂപയിലേക്കു താണു.
ഡോളർ സൂചിക ഉയരുകയും ഓഹരികളിലേക്കു നിക്ഷേപകർ തിരിയുകയും ചെയ്തതോടെ സ്വർണത്തിനു രാജ്യാന്തര വിപണിയിൽ വില താണു തുടങ്ങി. രാവിലെ ഔൺസിന് 1763 ഡോളറിൽ വ്യാപാരം തുടങ്ങിയ സ്വർണം 1758 ഡോളറിലേക്കു താണു. കേരളത്തിൽ പവനു 160 രൂപ കയറി 35,040 രൂപയായി.
ക്രൂഡ് ഓയിൽ താഴ്ച തുടരുന്നു. ഇന്നലെ 83 ഡോളറിനു മുകളിൽ കയറിയ ബ്രെൻ്റ് ഇനം ക്രൂഡ് ഇന്ന് 80 ഡോളറിനു തൊട്ടു മുകളിലേക്കു വന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it