പലിശപ്പേടി വിപണിയെ താഴ്ത്തുന്നു; പഞ്ചസാര കമ്പനികളുടെ വില കൂടുന്നതിന്റെ കാരണം

ആഗോള സൂചനകളെ പിന്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയും ഇന്നു താഴാേട്ടു നീങ്ങി. വ്യാപാരം ഒരു മണിക്കൂർ പിന്നിടും മുമ്പ് സെൻസെക്സ് 60,000 നു താഴെയെത്തി. നിഫ്റ്റി 17,900 നു താഴേക്കു വീണു. പലിശപ്പേടി അമേരിക്കൻ വിപണിയെ ഇന്നലെ താഴാേട്ടു വലിച്ചു. ഇന്ന് ഇന്ത്യയിലും ആ ഭീതി തന്നെ വില്ലനായി.

ബാങ്കുകളിലടക്കം വിൽപന തുടരുന്നതു വിപണിയെ വീണ്ടും ദുർബലമാക്കി. മെറ്റൽ, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ് ഓഹരികൾ ഇന്നു നേട്ടമുണ്ടാക്കി.

രണ്ടാം ക്വാർട്ടർ ഫലങ്ങൾ പ്രതീക്ഷ പോലെ വന്നത് സൊമാറ്റോ ഓഹരി വില തുടക്കത്തിൽ നാലു ശതമാനത്തോളം ഉയർത്തി. പിന്നീട് ഓഹരി താണു.

ഇന്നലെ 96 ശതമാനം ഉയർന്ന നൈകാ ഓഹരി ഇന്നു മൂന്നു ശതമാനം താണു.

കേന്ദ്ര സർക്കാർ എഥനോൾ വില ഉയർത്തിയത് ബജാജ് ഹിന്ദുസ്ഥാൻ, ശ്രീരേണുക, സിംഭാവലി തുടങ്ങിയ പഞ്ചസാര കമ്പനികളുടെ വില കൂട്ടി.

യുഎസ് എഫ്ഡിഎയുടെ ഫാക്ടറി പരിശോധനയിൽ വിപരീത പരാമർശം ഉണ്ടാകുമെന്ന ആശങ്ക അലെംബിക് ഫാർമയുടെ വില നാലു ശതമാനത്തോളം താഴ്ത്തി.

ക്രൂഡ് ഓയിൽ വില താഴുന്നത് ഒഎൻജിസി, ഐഒസി, ബിപിസിഎൽ, എച്ച്‌പിസിഎൽ തുടങ്ങിയവയുടെ വില കുറയാൻ കാരണമായി.

മികച്ച വരുമാന വർധനയും നഷ്ടത്തിൽ നിന്നു മികച്ച ലാഭത്തിലേക്കുള്ള കുതിപ്പും നാരായണ ഹൃദയാലയ ഓഹരികൾ 12 ശതമാനത്തോളം ഉയരാൻ പ്രേരകമായി.

ലാഭത്തിൽ 183 ശതമാനം വർധന കാണിച്ച തെർമാക്സിസിൻ്റെ ഓഹരി ഇന്ന് 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

ലാഭം കുതിച്ചതും ബിസിനസ് വർധിച്ചതും റേറ്റിംഗ് ഏജൻസിയായ ക്രിസിലിൻ്റെ ഓഹരിയെ അഞ്ചു ശതമാനത്തോളം ഉയർത്തി.

ആഗോള വിപണിയിൽ സ്വർണത്തിനുണ്ടായ കുതിപ്പ് കേരളത്തിലും പ്രതിഫലിച്ചു. പവന് 560 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 70 രൂപയാണു വർധന. ജൂൺ ഒൻപതിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ലോക വിപണിയിൽ സ്വർണം 1850 ഡോളറിലാണ്.

ഡോളർ കരുത്തു കൂട്ടി. വിനിമയ നിരക്ക് 74.48 രൂപയിലേക്ക് ഉയർന്നു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it