ലോക വിപണികൾ കോവിഡ് ഭീതിയിൽ

കോവിഡ് വ്യാപനം കൂടുതൽ രാജ്യങ്ങളിൽ തീവ്രമായതോടെ മിക്ക രാജ്യങ്ങളിലും ഓഹരി വിപണികൾ ഇടിഞ്ഞു.

ജപ്പാനിൽ തുടർച്ചയായ രണ്ടാം ദിവസവും നിക്കൈ സൂചിക രണ്ടു ശതമാനം ഇടിഞ്ഞു. ടോക്കിയോയിലും ഒസാകയിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇടിവിനു കാരണം. ദക്ഷിണ കൊറിയയിലും രോഗവ്യാപനം കൂടി.
ഇന്നലെ യൂറോപ്യൻ സൂചികകളും അമേരിക്കൻ സൂചികകളും ഒരു ശതമാനത്തോളം ഇടിഞ്ഞിരുന്നു. യൂറോപ്യൻ വിപണിയുടെ ഫ്യൂച്ചേഴ്സ് താഴ്ന്ന തുടക്കമാണു സൂചിപ്പിക്കുന്നത്. അമേരിക്കയിലെ ഡൗ ജോൺസും എസ് ആൻഡ് പിയും ഒരു ശതമാനത്തോളം താണാണ് ഫ്യൂച്ചേഴ്സ് വിപണിയിൽ നീങ്ങുന്നത്.
ഇന്ത്യയിൽ പ്രതിദിന രോഗബാധ മൂന്നു ലക്ഷത്തിലേക്കും മരണം രണ്ടായിരത്തിലേക്കും എത്തിയത് ആശങ്കയോടെയാണു ലോകം കാണുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ പെട്രോളിയം ഉപയോക്തൃ രാജ്യമായ ഇന്ത്യ കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുമെന്ന സൂചന ക്രൂഡ് ഓയിൽ വില താഴ്ത്തി. ബ്രെൻ്റ് ഇനം 66 ഡോളറിലേക്കു താണു.
ജപ്പാൻ ഒഴികെയുള്ള ഏഷ്യ-പസഫിക് ഓഹരികളുടെ മോർഗൻ സ്റ്റാൻലി സൂചിക 1.08 ശതമാനം ഇടിഞ്ഞു. ചൈനയാണു കാര്യമായ ഇടിവു കാണിക്കാത്ത രാജ്യം.
സിംഗപ്പുർ എക്സ്ചേഞ്ചിൽ നിഫ്റ്റി യുടെ ഡെറിവേറ്റീവ് വ്യാപാരം 14,080 ലാണ്. ചൊവ്വാഴ്ച നിഫ്റ്റി 14,296-ൽ ക്ലാേസ് ചെയ്തതാണ്. ബുധനാഴ്ച ഇന്ത്യൻ വിപണി താഴ്ന്നേ തുടങ്ങൂ എന്നാണു സൂചന.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1785 ഡോളറിലെത്തി. കേരളത്തിൽ പവന് 560 രൂപ വർധിച്ച് 35,880 രൂപയായി. ഫെബ്രുവരി രണ്ടിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it