ലോഹ കമ്പനി ഓഹരി വിലകൾ താഴുന്നു, കാരണം ഇതാണ്

വിപണി ചാഞ്ചാടുകയാണ്. ആഗോള വിപണികളുടെ ചുവടുപിടിച്ചു താഴോട്ടാണു തുടക്കം മുതലേ നോട്ടം. എങ്കിലും ഇടയ്ക്കിടെ ബുള്ളുകൾ വിപണിയെ വലിച്ചു കയറ്റാൻ ശ്രമിക്കുന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യസൂചികകൾ കാൽ ശതമാനം താഴ്ചയിലാണ്.

ലോഹങ്ങളുടെ വിലക്കയറ്റം തടയാൻ ചൈന നടപടിയാരംഭിച്ചെന്ന റിപ്പോർട്ട് ലോഹ കമ്പനി ഓഹരികൾക്കു തിരിച്ചടിയായി. സെയിൽ, ഹിൻഡാൽകോ, വേദാന്ത, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയവയെല്ലാം ഇടിഞ്ഞു. ചൈന ഔദ്യോഗിക റിസർവിൽ നിന്നു ലോഹങ്ങൾ നൽകുമെന്നു പ്രമുഖ കമ്പനികളെ അറിയിച്ചതായാണു ബ്ലൂംബർഗ് റിപ്പോർട്ട്. വിദേശത്ത് അവധി വ്യാപാരത്തിനു പോകണ്ട എന്നു കമ്പനികൾക്കു നിർദേശവും നൽകി. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ വ്യാവസായിക ലോഹങ്ങളുടെ വില താഴാേട്ടു നീങ്ങി.
വിവാദത്തിലായ അഡാനി ഗ്രൂപ്പിൻ്റെ കമ്പനികൾക്ക് ഇന്നും വില താണു. പ്രശ്നങ്ങൾ ഒന്നുമില്ലെന്നു ഗ്രൂപ്പ് സിഎഫ്ഒ ചാനലുകളിൽ പറയുന്നുണ്ടെങ്കിലും വിപണിയുടെ കാഴ്ചചപ്പാട് മറിച്ചാണ്.
കേരളത്തിൽ നിന്നുള്ള ബാങ്കുകളുടെ ഓഹരിവില രാവിലെ ഇടിഞ്ഞു.
ഡോളർ ഇന്ന് രണ്ടു പൈസ താണ് 73.31 രൂപയിലാണു വ്യാപാരം തുടങ്ങിയത്.പിന്നീട് 73.25 രൂപയിലേക്കു താണു.
ക്രൂഡ് ഓയിൽ വില കൂടി. ബ്രെൻ്റ് ഇനം 74.71 വരെ കയറി. യു എസ് റിസർവ് കുറഞ്ഞതും ഇറാൻ്റെ മേലുള്ള ഉപരോധം നീളുന്നതും ചൈനീസ് ഡിമാൻഡ് വർധിച്ചതും വില വർധനയ്ക്കു കാരണമായി.
സ്വർണം ഔൺസിന് 1860 ഡോളറിലേക്കു കയറി. കേരളത്തിൽ പവനു 120 രൂപ കുറഞ്ഞ് 36,280 രൂപയായി.
കടപ്പത്ര വിലകൾ വീണ്ടും താണു. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 6.05 ശതമാനമായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it