ഓഹരി വിപണി കുതിപ്പോടെ തുടക്കം; കിറ്റെക്സ് , ഫെഡറൽ ബാങ്ക്, ഇക്വിറ്റാസ് ഓഹരികൾ മുന്നോട്ട്

രാജ്യാന്തര പ്രവണതകൾ പിന്തുടർന്ന് ഇന്ത്യൻ വിപണിയും ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. മുഖ്യ സൂചികകൾ അര ശതമാനം ഉയർച്ചയോടെ തുടങ്ങിയപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മുക്കാൽ ശതമാനം കയറി.

ബാങ്ക് ഓഹരികളാണ് ഇന്നു മുഖ്യ സൂചികകളെ ഉയർത്തിയത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ ഒരു ശതമാനത്തിലേറെ ഉയർന്നു.
അൾട്രാടെക് സിമൻറ് മൂന്നു ശതമാനവും മാരുതി സുസുകി രണ്ടു ശതമാനവും ഉയർന്നാണു വ്യാപാരത്തുടക്കം.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ അതിൻ്റെ പ്രൊമോട്ടർ ഗ്രൂപ്പിനെ ലയിപ്പിക്കാൻ റിസർവ് ബാങ്ക് അനുവദിച്ചു. ബാങ്ക് തുടങ്ങിയിട്ട് അഞ്ചു വർഷം തികയുന്ന സെപ്റ്റംബറിൽ ലയനം നടപ്പാക്കും. ഇക്വിറ്റാസ് ബാങ്കും പ്രൊമോട്ടർ കമ്പനിയായ ഇക്വിറ്റാസ് ഹോൾഡിംഗും ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളാണ്‌. രണ്ടിൻ്റെയും ഓഹരി വില 12 മുതൽ 20 വരെ ശതമാനം കുതിച്ചു. മറ്റു സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും അവയുടെ പ്രൊമോട്ടർ കമ്പനികൾക്കും വില കയറി.
എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ്റെ കാലാവധി മൂന്നു വർഷം കൂടി നീട്ടാൻ റിസർവ് ബാങ്ക് അനുമതി നൽകിയത് ഫെഡറൽ ബാങ്ക് ഓഹരികൾക്കു വില അഞ്ചു ശതമാനത്തിലേറെ വർധിപ്പിച്ചു. ധനലക്ഷ്മി ബാങ്കിൻ്റെ ഓഹരി വില ഇന്നു താണപ്പോൾ സി എസ് ബി ബാങ്കിനും സൗത്ത് ഇന്ത്യൻ ബാങ്കിനും വില ഉയർന്നു.
ടാറ്റാ സ്റ്റീൽ, ജെ എസ് ഡബ്ള്യു സ്റ്റീൽ, വേദാന്ത, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയ മെറ്റൽ ഓഹരികൾ ഉയർന്നപ്പോൾ ഹിൻഡാൽകോ ഓഹരികൾ താഴാേട്ടു പോയി.
തെലുങ്കാനയിൽ പുതിയ യൂണിറ്റ് തുടങ്ങാൻ പോകുന്ന കിറ്റെക്സ് ഗാർമെൻ്റ്സിന് ഇന്ന് രാവിലെ 17 ശതമാനം വില ഉയർന്ന് 164 രൂപയിലെത്തി. മൂന്നു വ്യാപാര ദിനങ്ങൾ കൊണ്ടു കിറ്റെക്സിന് 45 ശതമാനം വിലക്കയറ്റമുണ്ട്.
പരുത്തി വില ആഗോളതലത്തിൽ റിക്കാർഡ് ഉയരത്തിലായി. അമേരിക്കയിൽ പരുത്തി കൃഷി കുറഞ്ഞതാണു കാരണം.
ടെക്സ്റ്റൈൽസ് വകുപ്പിനു പിയൂഷ് ഗോയലിനെ മന്ത്രിയായി ലഭിച്ചത് ആ മേഖലയിലെ കമ്പനികൾക്ക് നേട്ടമാകുമെന്നു പരക്കെ കരുതപ്പെടുന്നു.
ഡോളറിനു മേൽ രൂപ ഉയർന്നു.15 പൈസ താണ് 74.48 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 74.45 രൂപയിലേക്കു താണു.
സ്വർണം രാജ്യാന്തര വിപണിയിൽ 1802 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ താണു 35,720 രൂപയായി.
കടപ്പത്ര വില താണു. 10 വർഷ സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) 6.26 ശതമാനത്തിലേക്കു കുതിച്ചുയർന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കടപ്പത്രലേലത്തിൽ റിസർവ് ബാങ്ക് 10 വർഷ കടപ്പത്രത്തിന്‌ 6.1 ശതമാനം പലിശ അനുവദിച്ചതാണു കാരണം. പലിശ ആറു ശതമാനത്തിനു മുകളിൽ പോകാതിരിക്കാനുള്ള പരിശ്രമം റിസർവ് ബാങ്ക് ഉപേക്ഷിച്ചെന്നു വിപണി കരുതുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it