റിസർവ് ബാങ്കിൻ്റെ വിലയിരുത്തലിൽ വിപണി വീണു; റിലയൻസിനു കനത്ത തിരിച്ചടി

റിസർവ് ബാങ്കിൻ്റെ പണനയവും റിലയൻസിനെതിരായ സുപ്രീം കോടതി വിധിയും വിപണിയിലെ ബുൾ തരംഗത്തിനു തിരിച്ചടിയായി. ഉയരത്തിലായിരുന്ന സൂചികകൾ കുത്തനെ താഴോട്ടു പോയി.

റിസർവ് ബാങ്കിൻ്റെ പണനയം പ്രതീക്ഷ പാേലെ തന്നെ വന്നു. നിരക്കുകളിൽ മാറ്റമില്ല. സമീപനവും മാറ്റിയില്ല. പക്ഷേ വളർച്ചയും വിലക്കയറ്റവും സംബന്ധിച്ച നിഗമനങ്ങൾ തിരുത്തിയത് വിപണിയെ നിരാശപ്പെടുത്തി.
പണനയ കമ്മിറ്റി (എംപിസി) ഏകകണ്ഠമായാണ് നിരക്കുകൾ തുടരാൻ തീരുമാനിച്ചത്. എന്നാൽ വളർച്ചയ്ക്ക് അനുകൂലമായ സമീപനം തുടരുന്നതിനെ ആറിൽ ഒരാൾ അനുകൂലിച്ചില്ല. നിലവിലെ സമീപനം തുടരുന്നതിനർഥം പലിശനിരക്ക് ഉടനെ കൂട്ടില്ല എന്നാണ്.
റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് ഏകദിന വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റീപോ നിരക്ക് നാലു ശതമാനം തുടരും. ബാങ്കുകളുടെ അധിക പണം നിക്ഷേപിച്ചാൽ നൽകുന്ന പലിശയായ റിവേഴ്സ് റീപോ 3.35 ശതമാനം തുടരും.
കരുതൽ പണ അനുപാതം (സിആർആർ) അടക്കമുള്ള അനുപാതങ്ങളിലും മാറ്റമില്ല.
ജൂണിൽ പണനയ കമ്മിറ്റി യോഗം ചേർന്നപ്പോൾ ഉള്ളതിലും മെച്ചപ്പെട്ട നിലയിലാണ് സമ്പദ്ഘടന എന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. വാർഷിക ജിഡിപി വളർച്ച 9.5 ശതമാനം എന്ന നിഗമനം ബാങ്ക് നിലനിർത്തി.എന്നാൽ ഓരോ പാദത്തിലെയും പ്രതീക്ഷയിൽ മാറ്റം വരുത്തി. ഏപ്രിൽ-ജൂണിലെ വളർച്ച പ്രതീക്ഷ 21.4 ശതമാനമായി ഉയർത്തി. എന്നാൽ ജൂലൈ - സെപ്റ്റംബറിലെ വളർച്ച പ്രതീക്ഷ അൽപം കുറച്ചു.
ഒക്ടോബർ - ഡിസംബറിൽ 6.3 ശതമാനവും ജനുവരി- മാർച്ചിൽ 6.1 ശതമാനവും ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നു. യഥാക്രമം 7.2 ശതമാനവും 6.6 ശതമാനവും ആയിരുന്ന പ്രതീക്ഷ ഇത്തവണ വെട്ടിക്കുറച്ചു. അടുത്ത വർഷം ഏപ്രിൽ - ജൂണിൽ 17.2 ശതമാനം വളർച്ച ലക്ഷ്യം വയ്ക്കുന്നു.
ഇക്കൊല്ലം ചില്ലറ വിലക്കയറ്റം 5.7 ശതമാനമാകുമെന്നു റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു. നേരത്തേ കണക്കാക്കിയത് 5.1 ശതമാനം വിലക്കയറ്റമാണ്. ഈ മേയിലെ വിലക്കയറ്റം അപ്രതീക്ഷിതമായിരുന്നു. ഒന്നാം പാദ ചില്ലറ വിലക്കയറ്റം 5.8 ശതമാനം എന്നാണു ബാങ്കിൻ്റെ വിലയിരുത്തൽ. രണ്ടാം പാദത്തിൽ 5.9 ശതമാനം, മൂന്നിൽ 5.3 ശതമാനം, നാലിൽ 5.8 ശതമാനം എന്നിങ്ങനെയാണു പ്രതീക്ഷ.
റിലയൻസിനു തിരിച്ചടി
ഫ്യൂച്ചർ റീട്ടെയിൽ വാങ്ങാനുള്ള റിലയൻസിൻ്റെ നീക്കത്തിനെതിരേ ആമസോൺ കൊടുത്ത കേസിൽ റിലയൻസിനെതിരേ സുപ്രീം കോടതിയുടെ വിധി വന്നു. സിംഗപ്പൂരിലെ ആർബിറ്റേറുടെ തീരുമാനം ശരിവച്ചു. അത് ഇന്ത്യയിൽ നടപ്പാക്കാൻ ബാധ്യത ഉണ്ടെന്നും ഡിവിഷൻ ബെഞ്ച് വിധിച്ചു. ഫ്യൂച്ചർ റീട്ടെയിൽ വാങ്ങാനുളള റിലയൻസ് നീക്കത്തിനു കനത്ത തിരിച്ചടിയായി ഈ വിധി. ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ ഭാവിയും സംശയത്തിലായി.
വിധിയെത്തുടർന്ന് റിലയൻസ് ഓഹരി രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
വോഡഫോൺ ഐഡിയയ്ക്ക് സഹായകമായ ഗവണ്മെൻ്റ് നടപടിയെപ്പറ്റിയുള്ള പ്രതീക്ഷ ഓഹരി വില 15 ശതമാനം ഉയർത്തി. മുൻകാല പ്രാബല്യത്തോടെ നികുതി നിയമത്തിൽ വരുത്തിയ ഭേദഗതി റദ്ദാക്കുന്നതോടെ കമ്പനിക്ക് 20,000 കോടിയിൽ പരം രൂപ സർക്കാരിൽ നിന്നു തിരികെ കിട്ടും. ഗവണ്മെൻ്റ് തയാറാക്കുന്ന പാക്കേജും വോഡഫോണിൻ്റെ നിലനിൽപ് ഉറപ്പു വരുത്തുന്നതാകും എന്നാണു പ്രതീക്ഷ. ഇന്നലെ രാവിലെ 4.6 രൂപയിലേക്കു താണ വോഡഫോൺ ഐഡിയ ഓഹരി ഇന്നു രാവിലെ ഏഴു രൂപ വരെ കയറിയതാണ്. പിന്നീട് 6.75 രൂപയിലേക്കു താണു.
സ്വർണം ലോകവിപണിയിൽ 1800 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it