റിക്കാർഡുകൾ കടന്നു വിപണി കുതിപ്പിൽ; പുതിയ ബാറ്ററി സാങ്കേതിക വിദ്യയുമായി റിലയൻസ്

വിപണി പൂർവാധികം ഉത്സാഹത്തോടെയാണ് ഇന്നു തുടങ്ങിയത്. താമസിയാതെ സെൻസെക്സും നിഫ്റ്റിയും സർവകാല റിക്കാർഡുകൾ മറികടന്നു. ഓഗസ്റ്റ് അഞ്ചിലെ 16,344.45 കടന്നു നിഫ്റ്റിയും 54,717.24 കടന്നു സെൻസെക്സും കുതിച്ചു

മറ്റ് ഏഷ്യൻ വിപണികളുടെ ദൗർബല്യം ഇന്ത്യയെ ബാധിച്ചില്ല. ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഐടി കമ്പനികൾ എന്നിവ വിപണിയുടെ കുതിപ്പിന് നേതൃത്വം നൽകുന്നു.
സ്റ്റീൽ കമ്പനികളുടെ വില ഇന്നും താഴാേട്ടാണ്. ഹിൻഡാൽകോ അടക്കം അലുമിനിയം കമ്പനികൾ നേട്ടത്തിലാണ്. എന്നാൽ മറ്റു ലോഹങ്ങളുടെ കമ്പനികൾക്കു വില കുറഞ്ഞു.
ഫെഡറൽ ബാങ്കിനും സിഎസ്ബി ബാങ്കിനും ഇന്നു രാവിലെ വില ഉയർന്നപ്പോൾ ധനലക്ഷ്മിയും സൗത്ത് ഇന്ത്യൻ ബാങ്കും അൽപം താണു. സ്വർണപ്പണയ കമ്പനികളുടെ വില ഇന്നും താഴോട്ടാണ്. രാസവള കമ്പനികളുടെ വിലയിലും ഇടിവുണ്ട്.
ബ്രസീലിലെ കടുത്ത വരൾച്ച ആഗോള പഞ്ചസാര ലഭ്യത കുറയ്ക്കുന്നു. ഇതു പഞ്ചസാരയുടെ കയറ്റുമതിവില കൂടാൻ സഹായിക്കും. പഞ്ചസാരമില്ലുകളിൽ നിക്ഷേപ താൽപര്യം വർധിക്കാൻ ഇതും കാരണമായി. തായ് ലൻഡിലും പഞ്ചസാര ഉൽപാദനം കുറവായി. കഴിഞ്ഞ സീസണിൽ 50 ലക്ഷം ടൺ ആയിരുന്ന കയറ്റുമതി ഇത്തവണ 60 ലക്ഷം ടൺ ആയേക്കും. കുറേ ആഴ്ചകളായി ഉയർന്നു നിന്ന പഞ്ചസാര കമ്പനി ഓഹരികൾ ഇപ്പോൾ അൽപം താണിട്ടുണ്ട്.
വലിയ ശേഷിയുള്ള ബാറ്ററി സിസ്റ്റംസ് നിർമിക്കുന്ന അംബ്രി(Ambri) എന്ന അമേരിക്കൻ കമ്പനിയിൽ റിലയൻസ് ഇൻഡസ്ട്രീസ് അഞ്ചു കോടി ഡോളർ (370 കോടി രൂപ) നിക്ഷേപിച്ചു. റിലയൻസിനു കമ്പനിയുടെ 4.23 കോടി പ്രിഫറൻസ് ഓഹരികൾ ലഭിച്ചു. റിലയൻസ് പാരമ്പര്യേതര ഊർജ വിപണിയിൽ വലിയ നിക്ഷേപം നടത്തുന്നതിൻ്റെ തുടക്കമാണിത്. ബിൽ ഗേറ്റ്സ് അടക്കമുള്ള ചില പ്രമുഖരും ഈ കമ്പനിയിൽ നിക്ഷേപകരാണ്. വലിയ അളവിലുള്ള വൈദ്യുതി 24 മണിക്കൂർ വരെ ശേഖരിച്ചു വയ്ക്കുന്ന ബാറ്ററി സാങ്കേതിക വിദ്യ ഉള്ള അംബ്രിയുമായി ചേർന്ന് ഇന്ത്യയിൽ ബാറ്ററി നിർമാണത്തിനും റിലയൻസ് പദ്ധതിയിടുന്നു. സൗരോർജ പദ്ധതികൾക്ക് ഇത്തരം ബാറ്ററികൾ ആവശ്യമാണ്. പകൽ ഉൽപാദിപ്പിക്കുന്ന ഊർജം രാത്രിയിലേക്കു സൂക്ഷിച്ചു വയ്ക്കാൻ പറ്റിയതാണ് ഈ സംവിധാനം. ലിഥിയം അയാേൺ (Lithium ion) ഉപയോഗിച്ചുള്ള ബാറ്ററികളേക്കാൾ ചെലവു കുറഞ്ഞതാണ് അംബ്രിയുടെ കാൽസ്യം - ആൻ്റിമണി ഇലക്ട്രാേഡ് അധിഷ്ഠിത ബാറ്ററികൾ.
രൂപ ഇന്നും താഴോട്ടു പോയി. 13 പൈസ ഉയർന്ന് 74.39 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 74.46 രൂപയിലേക്ക് ഉയർന്നു.
രാജ്യാന്തര വിപണിയിൽ സ്വർണം 1737 ഡോളറിനടുത്താണ്. കേരളത്തിൽ പവൻ വില 34,680-ൽ തുടരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it