ഉയരങ്ങളിലേക്കു കുതിപ്പ്, നിഫ്റ്റി 17,000 ലേക്ക്, സെൻസെക്സ് 57,000 കടന്നു

ഉയർന്നു തുടക്കമിട്ട വിപണി പിന്നീടു ചാഞ്ചാട്ടത്തിലേക്കു മാറിയെങ്കിലും വീണ്ടും നല്ല നേട്ടത്തിലായി. പല ഓഹരികളിലും വിൽപനസമ്മർദം ഉണ്ടെങ്കിലും പുതിയ ഉയരങ്ങളിലെത്താനുള്ള ഉദ്യമത്തിലാണു വിപണി. സെൻസെക്സ് രാവിലെ 57,100 നു മുകളിലെത്തിയ ശേഷം താണു. നിഫ്റ്റി 16,995.55 വരെ കയറിയിട്ടാണു താണത്. വ്യാപാരം ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ നിഫ്റ്റി 16,990നു മുകളിലും സെൻസെക്സ് 57,090 നു മുകളിലുമാണ്.

ഇന്നലെ ക്ഷീണം കാണിച്ച ഐടി മേഖല ഇന്ന് ഉണർവിലാണ്. വമ്പന്മാരെ അപേക്ഷിച്ച് ഇടത്തരം കമ്പനികളാണു കൂടുതൽ നേട്ടമുണ്ടാക്കിയത്. കോഫോർജ്, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു.
പൊതുമേഖലാ ബാങ്കുകൾക്ക് ഇന്നു രാവിലെ വിലത്തകർച്ച നേരിട്ടു. ഫെഡറൽ ബാങ്ക് ഒഴികെയുള്ള കേരളാ ബാങ്കുകൾ രാവിലെ താഴ്ചയിലാണ്. കല്യാൺ ജ്വല്ലേഴ്സ് ഇന്നു രാവിലെ 4.7 ശതമാനം ഉയർന്നു.
ഇന്നലെ 4.4 ശതമാനം കുതിച്ച ഭാരതി എയർടെൽ ഇന്നു 2.7 ശതമാനം കൂടി ഉയർന്നു. ഏഷ്യൻ പെയിൻ്റ്സ്, ഹിൻഡാൽകോ, അഡാനിപോർട്സ് തുടങ്ങിയവയും നല്ല നേട്ടമുണ്ടാക്കി. ടാറ്റാ മോട്ടോഴ്സ് 1.75 ശതമാനം താണു. 17
ലോകവിപണിയിൽ സ്വർണം 1815 ഡോളറിലേക്കു കയറി. കേരളത്തിൽ പവനു 120 രൂപതാണ് 35,440 രൂപയായി. ഡോളറിൻ്റെ വിലയിടിവാണ് ഇന്ത്യയിൽ സ്വർണ വില താഴ്ത്തിയത്.
ഡോളർ ഇന്നും താണു. 73.25 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണു രൂപ. അമേരിക്കൻ ഫെഡ് ഡോളർ നിരക്കു കൂട്ടാവുന്ന വിധം തീരുമാനമെടുക്കുമെന്ന ഊഹത്തിൻ്റെ അടിസ്ഥാനത്തിൽ കുറേപ്പേർ ഡോളർ വാങ്ങിക്കൂട്ടി. ഫെഡ് നിലപാട് വിപരീതമായപ്പോൾ അവർക്കു ഡോളർ വിൽക്കേണ്ടി വന്നു. അതാണു രൂപയ്ക്കു നേട്ടമായത്. തങ്ങൾക്കു നഷ്ടം വരാതിരിക്കാൻ ഡോളർ വാങ്ങി റിസർവ് ബാങ്ക് സഹായിക്കുമെന്ന ഊഹക്കച്ചവടക്കാരുടെ പ്രതീക്ഷയും അസ്ഥാനത്തായി.


Related Articles
Next Story
Videos
Share it