ചാഞ്ചാട്ടത്തോടെ തുടക്കം; മുഖ്യ സൂചികകൾ കയറ്റിറക്കത്തിൽ

ആഗോള അനിശ്ചിതത്വത്തിൻ്റെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി ഇന്നു രാവിലെ ചാഞ്ചാട്ടത്തിലായി. മുഖ്യസൂചികകൾ ചെറിയ റേഞ്ചിൽ കയറുകയും ഇറങ്ങുകയും ചെയ്തു.

ഡീസലിൻ്റെ കയറ്റുമതിച്ചുങ്കം ലിറ്ററിനു രണ്ടു രൂപ വർധിപ്പിച്ചു. ചെന്നൈ പെട്രോ, റിലയൻസ്, എംആർപിഎൽ എന്നിവയ്ക്ക് ഇതു ക്ഷീണമാകും. വിമാന ഇന്ധനത്തിനും കയറ്റുമതിച്ചുങ്കം കൂട്ടി.അതേ സമയം ക്രൂഡ് ഓയിൽ ഉൽപാദനത്തിനുള്ള അധിക നികുതി ടണ്ണിനു 2000 രൂപ കുറച്ചു. ഇത് ഒഎൻജിസിക്കും ഓയിൽ ഇന്ത്യക്കും നേട്ടമായി.
അമേരിക്കയിലേക്കുള്ള ഇന്ത്യൻ മരുന്നു കമ്പനികളുടെ കയറ്റുമതിയെ ബാധിക്കാവുന്ന ഒരു നിയമത്തിൽ യുഎസ് പ്രസിഡൻറ് ബൈഡൻ ഒപ്പുവച്ചു. പ്രമുഖ ഇന്ത്യൻ ഫാർമ കമ്പനികളുടെ ഓഹരികൾക്കു ക്ഷീണമാകും.
കംപ്യൂട്ടർ ഏജ് മാനേജ്മെൻറ് സർവീസസി (സിഎഎംഎസ്) ൻ്റെ നാലു ശതമാനം ഓഹരി കൈമാറ്റം ചെയ്തത് ഓഹരിവില മൂന്നു ശതമാനത്തോളം താഴാൻ കാരണമായി.ഐഐഎഫ്എൽ ഫിനാൻസിൻ്റെ രണ്ടു ശതമാനം ഓഹരി കൈമാറ്റം ചെയ്യപ്പെട്ടതും ഓഹരിവില താഴ്ത്തി.
ലോക വിപണിയിൽ സ്വർണ വില 1754 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 38,240 രൂപയായി.
ഡോളർ ഇന്നും കരുത്തു കാണിച്ചു. 14 പൈസ നേട്ടത്തിൽ 79.77 രൂപയിലാണു ഡോളർ ഓപ്പൺ ചെയ്തത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it