താഴ്ന്നു തുടങ്ങി, പിന്നെ ചാഞ്ചാട്ടം; ഡോളർ 82 രൂപയിലേക്ക്

ഓഹരികൾ ഇന്നു താഴ്ന്നു തുടങ്ങി, കൂടുതൽ താഴ്ചയിലേക്കു നീങ്ങി. ഒരു ശതമാനത്തിലധികം താഴ്ന്ന ശേഷം മുഖ്യ സൂചികകൾ നഷ്ടം ഗണ്യമായി കുറച്ചു. എങ്കിലും ചാഞ്ചാട്ടം തുടർന്നു. മിഡ് ക്യാപ് സൂചിക ഇടയ്ക്കു നേട്ടത്തിലുമായി.

വിവിധ ഏഷ്യൻ വിപണികൾ ഇന്നു വലിയ താഴ്ചയിലാണ്. ജപ്പാനിലെയും ഹോങ് കോങ്ങിലെയും തായ് വാനിലെയും ദക്ഷിണ കൊറിയയിലെയും മുഖ്യസൂചികകൾ രണ്ടു ശതമാനത്തിലധികം താഴ്ന്നു. ചൈനയിലെ ഷാങ് ഹായ് സൂചിക മുക്കാൽ ശതമാനം ഇടിവിലായി.
രൂപ ഇന്നു കൂടുതൽ ദുർബലമായി. ഡോളർ 81.90 രൂപയിലാണു വ്യാപാരം തുടങ്ങിയത്. ഡോളർ സൂചിക 114.69 വരെ കയറിയതാണ് രൂപ വീഴാൻ കാരണം. 81.92 രൂപ വരെ കയറിയ ഡോളർ റിസർവ് ബാങ്കിൻ്റെ ഡോളർ വിൽപനയെ തുടർന്ന് 81.85 രൂപയിലേക്കു താണു. പിന്നീടു ഡോളർ 81.89 വരെ കയറി.
ചൈനയുടെ യുവാൻ അടക്കം വിവിധ ഏഷ്യൻ കറൻസികളും യൂറോയും താഴ്ചയിലാണ്. ഡോളർ 7.2278 യുവാനിലേക്കു കയറി. യൂറോ 0.9557 ഡോളറിലേക്കു താണു.
ബാങ്ക്, ധനകാര്യ ഓഹരികൾ രാവിലെ വലിയ താഴ്ചയിലായിരുന്നു. പിന്നീടു നഷ്ടം കുറച്ചു. ഇന്നലെ നാലു ശതമാനത്തോളം ഉയർന്ന ഫെഡറൽ ബാങ്ക് ഇന്നു രണ്ടു ശതമാനം വരെ താഴ്ന്നു. പിന്നീടു നഷ്ടം കുറച്ചു.
ചർമകാന്തി കൂട്ടാൻ സഹായിക്കുന്ന ഉൽപന്നങ്ങൾ നിർമിക്കുന്ന കുറേഷ്യോ എന്ന കമ്പനിയെ ഏറ്റെടുത്ത ടൊറൻ്റ് ഫാർമയുടെ ഓഹരി വില നാലു ശതമാനത്തിലധികം താണു. 2000 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ.
അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്നും താഴാേട്ടു പോയി. അഡാനി ട്രാൻസ്മിഷൻ മാത്രമാണ് നേട്ടം കാണിച്ചത്.
അഡാനി സിമൻ്റ് മേഖലയിൽ പ്രവേശിച്ചതിനെ തുടർന്നു താഴാേട്ടു നീങ്ങിയ സിമൻ്റ് ഓഹരികൾ ഇന്നു വീണ്ടും ഉയർച്ചയിലായി. ഒന്നു മുതൽ നാലുവരെ ശതമാനം നേട്ടം പല കമ്പനികളും കാണിച്ചു.
സ്വർണം 1624 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവൻ വില മാറ്റമില്ല. ലോക വിപണിയിൽ സ്വർണവില താഴ്ന്നപ്പോൾ ഡോളറിൻ്റെ നിരക്കു കൂടിയതിനാലാണ് ഇവിടെ സ്വർണവില താഴാത്തത്.
ഐഫോൺ എസ് ഇ യുടെ വിൽപന പ്രതീക്ഷ പോലെ കൂടാത്തതുമൂലം ഉത്പാദനം 20 ശതമാനം കുറയ്ക്കാൻ ആപ്പിൾ കമ്പനി നിർമാതാക്കളോട് ആവശ്യപ്പെട്ടതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു. സാമ്പത്തികമാന്ദ്യം വരുന്നതിൻ്റെ സൂചനയായി ഇതിനെ കാണാം.
റഷ്യയുമായി രൂപയിൽ വ്യാപാരം നടത്തുന്നതിനുള്ള അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ യൂകോ ബാങ്കിനു റിസർവ് ബാങ്കിൻ്റെ അനുമതി ലഭിച്ചു. ഇതിനായി ഒരു റഷ്യൻ ബാങ്കിൻ്റെ വോസ്ട്രോ അക്കൗണ്ട് യൂകാേയിൽ തുടങ്ങി. ബാങ്കിൻ്റെ ഓഹരി മൂന്നു ശതമാനത്തിലധികം ഉയർന്നു. ഇറ്റലിയും രൂപ അധിഷ്ഠിത വ്യാപാരത്തിൽ താൽപര്യമെടുത്തിട്ടുണ്ട്.


കഴിഞ്ഞ ദിവസങ്ങളിൽ വലിയ താഴ്ചയിലായ കാൻ ഫിൻ ഹോംസ് ഇന്ന് അഞ്ചു ശതമാനത്തോളം കയറി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it