വിപണി കരുതലോടെ കയറുന്നു, രൂപ ചെറിയ നേട്ടത്തിൽ

ഓഹരി വിപണി കരുതലോടെയുള്ള കയറ്റത്തിലാണ്. തുടക്കത്തിൽ നിഫ്റ്റി 167 പോയിൻ്റ് കുതിച്ച് 17,026-ലും സെൻസെക്സ് 568 പോയിൻ്റ് ഉയർന്ന് 57,166 ലും എത്തി. എന്നാൽ പെട്ടെന്നു തന്നെ ഗണ്യമായി താഴ്ന്നു. പിന്നീടു സാവകാശം കയറി. ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 57,000-നും നിഫ്റ്റി 17,000-നും താഴെയാണ്..

ബാങ്കുകൾ അടക്കം ധനകാര്യ മേഖലയിലെ ഓഹരികൾ ഇന്നു മികച്ച മുന്നേറ്റം കാഴ്ചവച്ചു. മെറ്റൽ സൂചിക 2.27 ശതമാനം ഉയർന്നു. ഓയിൽ -ഗ്യാസ്, എഫ്എംസിജി, മീഡിയ, റിയൽറ്റി, ഓട്ടോമൊബൈൽ, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകൾ മുന്നേറ്റത്തിലാണ്. ഐടി യിൽ ചെറിയ ഉണർവ് മാത്രം.
റിലയൻസ്, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ഐടിസി, ഒഎൻജിസി, ടാറ്റാ കെമിക്കൽസ്, പിവിആർ, ജിൻഡൽ സ്റ്റീൽ, എസ്ആർഎഫ് തുടങ്ങിയവ നല്ല നേട്ടത്തിലാണ്. ഏഷ്യൻ പെയിൻ്റ്സ്, ഡോ.ലാൽ പാത് ലാബ്സ്, മാരികോ, ആരതി ഇൻഡസ്ട്രീസ് തുടങ്ങിയവ താഴ്ചയിലായി.
മിഡ്, സ്മോൾ ക്യാപ് സൂചികകൾ മുഖ്യ സൂചികകള അപേക്ഷിച്ച് ഉയർന്ന നേട്ടം കുറിച്ചു. വിപണിയിൽ 11 ഓഹരികൾ കയറുമ്പോൾ ഒന്നു മാത്രം താഴോട്ടു പോകുന്നതാണു നില.
രൂപ ഇന്നു തിരിച്ചു കയറി. ഡോളർ 33 പൈസ താണ് 81.61 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 81.75 രൂപയിലേക്കു കയറി.
ബോണസ് വാർത്തയെ തുടർന്നു നൈകാ (എഫ്എസ്എൻ ഇ കൊമേഴ്സ് ) ഓഹരി നാലു ശതമാനത്തോളം ഉയർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ താഴ്ചയിലായിരുന്ന അഡാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം ഇന്നു നല്ല തോതിൽ ഉയർന്നു. ഒന്നു മുതൽ മൂന്നര വരെ ശതമാനം നേട്ടമാണ് രാവിലെ കണ്ടത്. വിപണിയുടെ പൊതു ഗതിക്ക് അനുസരിച്ചുള്ള താഴ്ച മാത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലേത് എന്നാണു നിഗമനം.
ലോക വിപണിയിൽ സ്വർണം 1654 ഡോളറിലാണ്. കേരളത്തിൽ പവന് 480 രൂപ വർധിച്ച് 37,120 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it