ഓഹരി വിപണി നേട്ടത്തിൽ തുടക്കം, പിന്നീട് താഴ്ചയിൽ ചാഞ്ചാട്ടം

നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരി സൂചികകൾ താമസിയാതെ താഴ്ചയിലായി. പിന്നീട് ചാഞ്ചാട്ടമായി. ബാങ്ക്, ധനകാര്യ സേവന, എഫ്എംസിജി, മെറ്റൽ, റിയൽറ്റി, ഓയിൽ - ഗ്യാസ് തുടങ്ങിയ മേഖലകൾ രാവിലെ നഷ്ടത്തിലായി. കൺസ്യൂമർ ഡ്യുറബിൾസ്, ഹെൽത്ത്‌ കെയർ, ഐടി, മീഡിയ, ഫാർമ തുടങ്ങിയവ നേട്ടം കാണിച്ചു.

ബാങ്ക് നിഫ്റ്റി തുടക്കത്തിൽ താഴോട്ടു പോയിട്ടു തിരിച്ചു കയറി. പിന്നീടു കയറിയിറങ്ങി. ഫെഡറൽ ബാങ്ക് ഓഹരി രാവിലെ അൽപം താഴ്ന്ന ശേഷം വീണ്ടും നേട്ടത്തിലായി. കഴിഞ്ഞ ദിവസങ്ങളിൽ താഴ്ചയിലായിരുന്ന ധനലക്ഷ്മി ബാങ്ക് ഇന്നു രണ്ടു ശതമാനം കയറ്റത്തിലായി.സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നു നാലര ശതമാനം ഉയർന്നു.

നൈക (എഫ്എസ്എൻ ഇ കൊമേഴ്സ് ) യുടെ പ്രാരംഭ നിക്ഷേപകരിൽ ചിലർ ഒരു ശതമാനം ഓഹരി വിറ്റത് കമ്പനിയുടെ ഓഹരി വില ആറു ശതമാനം ഇടിച്ചു. 30 ശതമാനത്തോളം വരുമാന വർധന കമ്പനി പ്രതീക്ഷിക്കുന്നതായ അറിയിപ്പ് മസഗോൺ ഡോക്ക് ഷിപ്പ് യാർഡ് ഓഹരിയുടെ വില മൂന്നു ശതമാനം ഉയർത്തി.

ടിസിഎൻഎസ് ക്ലോത്തിംഗിൽ നിർണായക ഓഹരി കൈയടക്കാൻ റിലയൻസ് റീട്ടെയിൽ, നൈകാ, ആദിത്യ ബിർല ഫാഷൻ, ടാറ്റാ ഗ്രൂപ്പിലെ ട്രെൻ്റ് തുടങ്ങിയവ മത്സരിക്കുന്നു എന്ന ശ്രുതി ടിസിഎൻഎസിൻ്റെ ഓഹരി വില 10 ശതമാനത്തിലധികം കയറാൻ ഇടയാക്കി. 340 രൂപയിൽ ഐപിഒ നടത്തിയ ഗ്ലോബൽ ഹെൽത്ത് 19 ശതമാനം ഉയർന്ന് 400 രൂപയിൽ ലിസ്റ്റ് ചെയ്തു. ബിക്കാജി ഫുഡ്സ് ആറു ശതമാനം നേട്ടത്തിൽ 318 രൂപയിൽ ലിസ്റ്റ് ചെയ്തു.

രൂപ ഇന്നു ദുർബലമായി. ഡോളർ രാവിലെ 30 പൈസ നേട്ടത്തോടെ 81.39 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് ഡോളർ 81.56 രൂപയിലേക്കു കയറി. ലോക വിപണിയിൽ സ്വർണം 1772 ഡോളറിലാണ്. കേരളത്തിൽ പവന് 160 രൂപ കയറി 38,400 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it