ഓഹരി വിപണി താഴ്ചയിൽ

ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി ഇന്നു താഴ്ചയിലായി. അര മണിക്കൂറിനകം തുടക്കത്തിലേതിൽ അന്നു കൂടുതൽ താഴ്ചയിലേക്ക് ഓഹരി സൂചികകൾ ഇടിഞ്ഞു. സെൻസെക്സ് 61,200-നും നിഫ്റ്റി 18,200-നും താഴെയായി.

ഐടി, മെറ്റൽ, ഓട്ടോ, ഫാർമ, എഫ്എംസിജി, ധനകാര്യ സേവന, ബാങ്കിംഗ് മേഖലകളെല്ലാം ഇന്നു താഴ്ചയിലാണ്. റിലയൻസും ഇടിവിലായി. ഈസ് മൈ ട്രിപ് ബോണസ് ഇഷ്യു നടത്തും എന്ന റിപ്പാേർട്ട് ഓഹരി വില 17 ശതമാനം ഉയരാൻ കാരണമായി. 23-നാണ് ബോണസ് അനുപാതം തീരുമാനിക്കാൻ ബോർഡ് യോഗം ചേരുന്നത്.

ഡെൽഹിവെറിയെ എഫ്ടിഎസ്ഇ ഓൾ ക്യാപ് സൂചികയിൽ പെടുത്തും എന്ന വാർത്ത ഓഹരിയെ ഉയർത്തി. ഡിസംബർ 18-നാണു. സൂചികയിൽ ചേർക്കുക. കമ്പനിയുടെ 2.5 ശതമാനം ഓഹരികൾ ഇന്നലെ കൈമാറ്റം ചെയ്യപ്പെട്ടു. ടാറ്റാ മോട്ടാേഴ്സ് ഓഹരിയെ ബിഎസ്ഇ സെൻസെക്സ് 30 പട്ടികയിൽ പെടുത്തും. ഡോ.റെഡ്ഡീസ് ആണു പുറത്താകുന്നത്.

കയറ്റുമതിച്ചുങ്കം പിൻവലിച്ചത് സ്റ്റീൽ ഓഹരികളുടെ വില ഉയർത്തി. ജിൻഡൽ സ്റ്റെയിൻലെസ് ഏഴും ജിൻഡൽ സ്റ്റെയിൻ ലെസ് ഹിസാർ അഞ്ചും ശതമാനം ഉയർന്നു. ഇരുമ്പയിരിൻ്റെ കയറ്റുമതിച്ചുങ്കം കുറച്ചത് എൻഎംഡിസി ഓഹരിയെ മൂന്നു ശതമാനം ഉയർത്തി.

കമ്പനിയുടെ സഹസ്ഥാപകൻ രാജി വച്ചത് സൊമാറ്റോ ഓഹരിയെ താഴ്ത്തി. കൊച്ചിൻ ഷിപ്പ് യാർഡും മസഗാേൺ ഡോക്ക് ഷിപ്പ് യാർഡും ഇന്നു കീഴോട്ടു നീങ്ങി. ക്രൂഡ് ഓയിൽ വിലയിടിവ് തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 86.5 ഡോളറിലേക്കു താണു.

രൂപ ഇന്നും ദുർബലമായി. ഡോളർ 16 പൈസ നേട്ടത്തിൽ 81.85 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 81.88 രൂപയായി. സ്വർണം താഴ്ചയിലാണ്. 1746 ഡോളറിലേക്കു വില കുറഞ്ഞു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 38,800 രൂപയിലെത്തി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it