രൂപയ്ക്കു തകർച്ച, ഡോളറിന് 80.58 രൂപ; ചെറിയ നഷ്ടവുമായി ഓഹരികൾ

ആഗാേള വിപണികളെ അവഗണിച്ചു നീങ്ങുകയാണ് ഇന്ത്യൻ ഓഹരി വിപണി. ഏഷ്യൻ വിപണികൾ ഒരു ശതമാനത്തിലേറെ താണപ്പോൾ ഇന്ത്യൻ വിപണി താഴ്ച അര ശതമാനത്തിൽ താഴെയാക്കി.

രൂപ ഇന്നു റിക്കാർഡ് താഴ്ചയിലായി. ഡോളർ വ്യാപാരം തുടങ്ങിയത് 80.28 രൂപയിലാണ്. പിന്നീട് 80.58 രൂപയിലേക്കു കയറി. ഇന്നലെ 79.97 രൂപയിൽ ക്ലോസ് ചെയ്ത ഡോളർ 0.75 ശതമാനം നേട്ടമാണു രാവിലെ കുറിച്ചത്.
മറ്റു കറൻസികളും ഡോളറിനു മുമ്പിൽ വീഴുകയാണ്. ചൈനീസ് യുവാൻ ഒരു ഡോളറിന് 7.09 യുവാനിലേക്കു താണു. യൂറോ, ബ്രിട്ടീഷ് പൗണ്ട് എന്നിവയും താഴുകയാണ്. ഡോളർ സൂചിക 111.67 വരെ കയറി.
രൂപയുടെ കനത്ത ഇടിവിനെ തുടർന്നു സ്വർണത്തിൻ്റെ ആഗോള വിലയിടിവിൻ്റെ ആനുകൂല്യം ഇന്ത്യക്കാർക്കു നഷ്ടമായി. സ്വർണവില 1660 ഡോളറിലേക്കു താണപ്പാേൾ കേരളത്തിൽ വില കൂടി. പവന് 160 രൂപ വർധിച്ച് 36,800 രൂപയായി.
എബിജി ഷിപ്പ് യാർഡ് വെൽസ്പൺ കോർപറേഷനു നൽകാൻ തീരുമാനമായതായി റെസലൂഷൻ നടപടികളുടെ ചുമതലക്കാർ അറിയിച്ചു. വെൽസ്പൺ ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്നു.
പ്രശ്നങ്ങൾ വേട്ടയാടുന്ന സ്പൈസ്ജെറ്റ് ഓഹരി ഇന്ന് അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. കമ്പനി പകുതി ശേഷിയേ ഉപയോഗിക്കാവൂ എന്ന സിവിൽ ഏവിയേഷൻ അധികൃതരുടെ വിലക്ക് ഒക്ടോബർ അവസാനം വരെ നീട്ടിയിരുന്നു.
ഇൻഫോസിസ് ടെക്നോളജീസ് ഓഹരി ഇന്നു രാവിലെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു താണു.
ഐടി കമ്പനികൾ പൊതുവേ 10 ശതമാനം കൂടി താഴേണ്ടതുണ്ടെന്ന് പ്രമുഖ നിക്ഷേപ വിദഗ്ധൻ നിലേഷ് ഷാ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ഓഹരി ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ 67 രൂപയിൽ എത്തി. ഓഹരിവില കേവലം മൂന്നു പി ഇ അനുപാതത്തിലാണ്.
ഫോർടിസ് ഹെൽത്ത് കെയറിൻ്റെ ഓഹരികൾ വാങ്ങാൻ മലേഷ്യയിലെ ഐഎച്ച്എച്ച് കമ്പനിയുടെ ഓപ്പൺ ഓഫറിനുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. ജപ്പാനിലെ ഡൈഇച്ചി നൽകിയ കേസിൽ ഫോർടിസിൻ്റെ പഴയ പ്രൊമോട്ടർമാർക്ക് എതിരായാണു കോടതിയുടെ ഇടക്കാല വിധി. ഫോർടിസ് ഓഹരി 18 ശതമാനത്തോളം ഇടിഞ്ഞു. ഐഎച്ച്എച്ചുമായുളള ഇടപാടിൽ ഫൊറൻസിക് ഓഡിറ്റിംഗ് നടത്തുന്നതു പരിശോധിക്കാൻ ഡൽഹി ഹൈക്കോടതിയോടു സുപ്രീം കോടതി നിർദേശിച്ചു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it