റിക്കാർഡുകൾ ലക്ഷ്യമിട്ട് വിപണി; വ്യവസായ രംഗം വളർന്നോ? ജിഎസ്ടി കണക്കിൽ അറിയേണ്ട കാര്യങ്ങൾ; ക്രൂഡ് വില കുതിക്കുന്നു

ജിഡിപി വളർച്ച സംബന്ധിച്ച ആശങ്കകൾ വെള്ളിയാഴ്ച ഓഹരികളെ അൽപം താഴ്ത്തി. എന്നാൽ വിപണി തുടർന്നും താഴോട്ടു നീങ്ങാനുള്ള കാര്യമൊന്നും റിസർവ് ബാങ്കിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല കുറഞ്ഞ പലിശയിൽ ഇഷ്ടം പോലെ പണം ലഭ്യമാക്കാനുള്ള തീരുമാനത്തിൽ നിന്നു മാറുന്നില്ലെന്നു ഗവർണർ ശക്തികാന്ത ദാസ് ആവർത്തിക്കുകയും ചെയ്തു.

രാജ്യത്തു പ്രതിദിന കോവിഡ് ബാധ ഇന്ന് ഒരു ലക്ഷത്തിനു തൊട്ടു മുകളിലാണ് (1.02 ലക്ഷം). ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനവും. രാജ്യത്തു രണ്ടാം തരംഗത്തിനു ശമനമാകുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ആഗാേള വിപണികളും ഉത്സാഹത്തിലാണ്. യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച പുതിയ ഉയരങ്ങളിലെത്തി. അമേരിക്കൻ സൂചികകൾ നല്ല ഉയർച്ച കാണിച്ചു. അമേരിക്കയിൽ പുതിയ തൊഴിലുകളുടെ എണ്ണം പ്രതീക്ഷയിലും കുറവായതാണ് ഓഹരികളുടെ കയറ്റത്തിനു കാരണം. പുതിയ തൊഴിലുകളുടെ എണ്ണം പ്രതീക്ഷ പോലെ കൂടിയിരുന്നെങ്കിൽ വിലക്കയറ്റം കൂടും. ഇതു പലിശ കൂട്ടാൻ ആഗ്രഹിക്കുന്നവർക്കു ബലമായേനെ. പലിശ കൂട്ടിയാൽ ഓഹരികളിൽ നിന്നു കടപ്പത്രങ്ങളിലേക്കു നിക്ഷേപം മാറും. ആ ഭീതി മാറിയതാണ് ഓഹരികളെ സഹായിച്ചത്.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ഉയർന്നു തുടങ്ങി. യു എസ് ഓഹരി ഫ്യൂച്ചേഴ്സും ഉയരത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി നല്ല ഉയരത്തിലാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇന്ത്യയിൽ നിഫ്റ്റി 15, 670 ൽ എത്തിയപ്പോൾ സിംഗപ്പുരിലെ ഡെറിവേറ്റീവ് 15,797 കടന്നു. ഇന്നു നല്ല ഉയർച്ചയോടെ തുടങ്ങുമെന്നാണ് ഡെറിവേറ്റീവ് വിപണിയുടെ പ്രതീക്ഷ. ഇന്നു രാവിലെയും നിഫ്റ്റി ഡെറിവേറ്റീവ് ഉയർന്ന നിലയിലാണ്.

വിപണി കുതിപ്പിന്

വിപണി ബുളളിഷ് മനോഭാവം തുടരുകയാണെന്നും സൂചികകൾ പുതിയ ഉയരങ്ങളിലേക്കു നീങ്ങുമെന്നുമാണു നിരീക്ഷകർ കരുതുന്നത്. ഇന്നു നിഫ്റ്റി 15,700 കടന്നാൽ 15,800 - 16,000 മേഖലയിലേക്കു വേഗം നീങ്ങുമെന്നു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു.15,725 ലും 15,786 ലും തടസങ്ങൾ ഉണ്ടാകും. താഴെ 15,620-ഉം 15,565 ഉം സപ്പോർട്ട് നൽകും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിപണിയിൽ വീണ്ടും വലിയ വാങ്ങലുകാരായി. വെള്ളിയാഴ്ച 1499.37 കോടി രൂപയാണ് അവർ ഓഹരികളിൽ നിക്ഷേപിച്ചത്. ഈ മാസം ഇതു വരെ 3050 കോടിയുടെ ഓഹരികൾ അവർ വാങ്ങി. സ്വദേശി ഫണ്ടുകൾ വെള്ളിയാഴ്ച 1175 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

സ്വർണം ഇറങ്ങിയിട്ടു കയറുന്നു

ലോക വിപണിയിൽ സ്വർണം കഴിഞ്ഞയാഴ്ച ചാഞ്ചാടി. വ്യാഴാഴ്ച ഔൺസിന് 1905 ഡോളറിൽ നിന്ന് 1865 ഡോളറിലേക്കു വീണ സ്വർണം വെള്ളിയാഴ്ച 1892 ഡോളറിലേക്കു കയറി. ഡോളറിനു ചെറിയ ദൗർബല്യം നേരിട്ടതാണു കാരണം. ഇതിലേക്കു നയിച്ചത് റഷ്യയുടെ പെട്രോളിയം ലാഭം കൈകാര്യം ചെയ്യുന്ന വെൽത്ത് ഫണ്ട് ഡോളർ ആസ്തികൾ ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ്. ഫണ്ട് സ്വർണത്തിലേക്കു കുറേ നിക്ഷേപം മാറ്റുമെന്നു സൂചനയുണ്ട്.
ആഗോള വിപണിയിലെ മാറ്റം ശനിയാഴ്ച കേരളത്തിൽ പ്രതിഫലിച്ചു. പവനു 320 രൂപ കൂടി 36,720 രൂപയായി. ഇന്നു രാവിലെ 1890-1892 ഡോളർ മേഖലയിലാണു രാജ്യാന്തര സ്വർണവില.

ക്രൂഡ് വില 72 ഡോളറിലേക്ക്; ഇന്ധനവില എത്ര വരെ കയറും?

ക്രൂഡ് ഓയിൽ വില താഴ്ചയിൽ നിന്നു കയറി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 71.97 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം. വില ഇനിയും ഉയരുമെന്നാണു സൂചന. ഓഗസ്റ്റ് അവധിവില 72 ഡോളറിനു മുകളിലായി.
ക്രൂഡ് വില ഉയർന്നു പോകുന്നത് ഇന്ത്യക്കു രണ്ടു രീതിയിൽ പ്രശ്നമാണ്. ഇറക്കുമതിച്ചെലവ് വർധിക്കുന്നതിനാൽ വാണിജ്യ കമ്മിയും കറൻ്റ് അക്കൗണ്ട് കമ്മിയും വർധിക്കും. ക്രൂഡിൻ്റെ വിദേശ വില കൂടുന്നതിനനുസരിച്ച് ഇന്ധനങ്ങളുടെ വില വർധിപ്പിക്കുന്നതിനാൽ വിലക്കയറ്റവും വർധിക്കും. രണ്ടും രൂപയുടെ വിനിമയ നിരക്കിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്.
ഇന്ധനവിലവർധന കേന്ദ്ര സർക്കാർ പുനരാലോചിക്കണമെന്നു പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. നീതി ആയോഗും ഇന്ധനവില നിരന്തരം വർധിക്കുന്നതു ദോഷകരമാണെന്നു വിലയിരുത്തി.

വ്യവസായ വളർച്ചയോ തളർച്ചയോ?

വെള്ളിയാഴ്ച ഏപ്രിലിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) പുറത്തുവിടും. ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ രാജ്യത്തു പലേടത്തും നടപ്പാക്കിയതിൻ്റെ ഫലം അതിൽ അറിയാം.
എട്ടു കാതൽ മേഖലാ വ്യവസായങ്ങൾ ഏപ്രിലിൽ മാർച്ചിനെ അപേക്ഷിച്ച് 15.1 ശതമാനം ഇടിഞ്ഞിരുന്നു. തലേ വർഷം ഏപ്രിലുമായി താരതമ്യപ്പെടുത്തിയാൽ കാതൽ മേഖല 56.1 ശതമാനം വളർച്ച കാണിച്ചതാണ്. എന്നാൽ 2020 ഏപ്രിലിൽ 38 ശതമാനം ഇടിവുണ്ടായിരുന്നതിനാൽ അസാധാരണ വളർച്ച കാണിച്ചത് അതേപടി സ്വീകരിക്കാനാവില്ല. അതിനാലാണു തലേമാസവുമായി താരതമ്യപ്പെടുത്തിയത്.
വ്യവസായ ഉൽപാദന സൂചികയിൽ 40 ശതമാനം കാതൽ മേഖലയുടെ സംഭാവനയാണ്. അതിനാൽ ഏപ്രിൽ ഐഐപി താഴോട്ടു പോകുമെന്നു വ്യക്തമാണ്. അത് എത്ര വരും എന്നേ അറിയാനുള്ളു.
മാർച്ചിൽ അവസാനിച്ച വർഷം വ്യവസായ ഉൽപാദനം 8.6 ശതമാനം താഴാേട്ടു പോയിരുന്നു. അതിനു തലേ വർഷം 0.8 ശതമാനം കുറവു വന്നതാണ്. തുടർച്ചയായ രണ്ടു വർഷം വ്യവസായ ഉൽപാദനം കുറഞ്ഞത് അപൂർവ സംഭവമാണ്.

ജിഎസ്ടി കണക്കിൽ കാണേണ്ട കാര്യങ്ങൾ

ഏപ്രിലിലെ വ്യപാരവുമായി ബന്ധപ്പെട്ട മേയ് മാസത്തെ ജിഎസ്ടി പിരിവ് തകർച്ചയുടെ ചിത്രമാണു നൽകുന്നത്. മേയിലെ പിരിവ് 1.02 ലക്ഷം കോടി രൂപ. ഏപ്രിലിൽ 1.41 ലക്ഷം കോടി ഉണ്ടായിരുന്നു. കുറവ് 27.6 ശതമാനം.
ഈ കണക്കും അതേപടി വിഴുങ്ങരുത്. സാധാരണ മാസാവസാനം വരെയുള്ള പിരിവാണു കണക്കാക്കുക. ഇത്തവണ ജൂൺ വരെയുള്ള കണക്കാണു മേയിലേതായി പുറത്തുവിട്ടത്. ലോക്ക് ഡൗൺ മൂലം റിട്ടേൺ നൽകാൻ കൂടുതൽ സാവകാശം നൽകിയതാണു ന്യായം.
എന്നാൽ പിരിവ് ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിൽ ഉണ്ടെന്നു കാണിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണു കൂടുതൽ ദിവസങ്ങൾ ചേർത്തത്. തുടർച്ചയായ എട്ടാം മാസമാണു ജി എസ് ടി പിരിവ് ഒരു ലക്ഷം കോടി കടക്കുന്നത്.
മേയ് മാസത്തിൽ ലോക്ക് ഡൗൺ കൂടുതൽ കർശനവും വ്യാപകവുമായതിനാൽ ജൂണിലെ പിരിവ് കുത്തനെ ഇടിയുമെന്ന് ഉറപ്പാണ്. ഇ-വേ ബിൽ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ആ മാസം എന്തായാലും ഒരു ലക്ഷം കോടി എത്തിക്കാനാവില്ല. എങ്കിൽ രണ്ടു മാസം താഴെപ്പോകണ്ട, ഒറ്റമാസം ഇടിവ് കാണിച്ചാൽ മതി എന്ന് ആരെങ്കിലും തീരുമാനിച്ചു കാണും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it