ലോജിസ്റ്റിക്സ് ബിസിനസിലെ നവരത്നം, കോൺകോർ ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി: കണ്ടെയ്നർ കോർപറേഷൻ (Container Corporation of India-CONCOR)
  • 1988 ൽ സ്ഥാപിതമായ പൊതുമേഖല സ്ഥാപനമായ കണ്ടെയ്നർ കോർപറേഷൻ (Container Corporation of India-CONCOR ) 1989 ൽ ഇന്ത്യൻ റെയിൽവേ യുടെ 7 ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകളെ (inland container depots) ഏറ്റെടുത്തുകൊണ്ടാണ് ലോജിസ്റ്റിറ്റിക്‌സ് രംഗത്ത് തുടക്കം കുറിച്ചത്. നിലവിൽ 61 ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകൾ സ്വന്തമായിട്ടുള്ള നവരത്ന കമ്പനിയായി വളർന്നിരിക്കുന്നു.
  • 2022-23 ൽ റഷ്യ-യുക്രയ്ൻ യുദ്ധവും, ഷാങ്ഹായ് തുറമുഖം അടച്ചതും, കണ്ടെയ്നറുകളുടെ ലഭ്യത കുറവും കയറ്റുമതി-ഇറക്കുമതി ബിസിനസിൽ കുറവ് വരുത്തി.സമർപ്പിത റയിൽ ഇടനാഴിയുടെ (dedicated freight corridor) പ്രവർത്തനം ഭാഗികമായി ആരംഭിച്ചതോടെ ആഭ്യന്തര ലോജിസ്റ്റിക്സ് ബിസിനസ് മെച്ചപ്പെടുമെന്ന് കരുതാം.
  • 2022-23 ജൂൺ പാദത്തിൽ വരുമാനം 9.6 % വാർഷിക വളർച്ച കൈവരിച്ച് 1994 കോടി രൂപയായി. ആഭ്യന്തര ചരക്ക് നീക്കത്തിലും, കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളിലും കുറവ് ഉണ്ടായി. എങ്കിലും പലിശക്കും നികുതിക്കും മുൻപുള്ള ആദായം (EBITDA) 9.3 % വർധിച്ച് 478 കോടി രൂപയായി. EBITDA മാർജിൻ 24 ശതമാനം നിലനിർത്താൻ സാധിച്ചു. റയിൽ ചരക്ക് ചെലവുകൾ കുറക്കാൻ കഴിഞ്ഞതും, ജീവനക്കാരുടെ ചെലവിൽ 15 % കുറവ് വരുത്തിയും, പ്രവർത്തന ചെലവ് മറ്റ് ചെലവുകൾ എന്നിവ കുറച്ചും മാർജിൻ നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞു.
  • സിമെൻറ്റ് പോലുള്ള വലിപ്പമുള്ള ഉൽപ്പന്നങ്ങൾ (bulk goods) നീക്കുന്നതിന് ഊന്നൽ നൽകും. മൊത്തം ബിസിനസിൽ സിമെൻറ്റിൻറെ പങ്ക് 10 % ത്തിൽ നിന്ന് 20 ശതമാനമായി വർധിപ്പിക്കും. റയിൽ കണ്ടെയ്നർ വഴി കൂടുതൽ ചരക്ക് നീക്കുന്ന ഉപഭോക്താക്കൾക്ക് കിഴിവുകൾ നൽകും. 80 ടൺ വരെ കൈകാര്യം ചെയ്യാവുന്ന പുതിയ റെയിൽവേ റേക്കുകൾ (rake) ഉപയോഗപ്പെടുത്തും.അടുത്ത നാലു വർഷത്തിൽ 8000 കോടി രൂപയുടെ മൂലധന ചെലവിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും, പുതിയ കണ്ടെയ്നറുകൾ, വൈദ്യുത ഉപകരണങ്ങൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. മൂലധന ചെലവ് കമ്പനിയുടെ സ്വന്തം പണം ഉപയോഗപ്പെടുത്തിയാണ് നടപ്പാക്കുന്നത്.
  • ആഭ്യന്തര ചരക്ക് നീക്കം ഇരട്ടിപ്പിച്ച് 22 ദശലക്ഷം ടണ്ണാക്കാനാണ് ലക്ഷ്യമിടുന്നത്. വായ്‌പയിൽ ഉണ്ടാകുന്ന നഷ്ടം നേരിടാൻ 95.6 കോടി മാറ്റി വെച്ചിട്ടുണ്ട്.
  • സമർപ്പിത റയിൽ ഇടനാഴി പ്രവർത്തനം ആരംഭിച്ചതും, ആഭ്യന്തര വിപണിയിൽ ചരക്ക് നീക്കത്തിന് ഡിമാൻറ്റ് വർധിക്കുന്നതും, കണ്ടെയ്നർ, അടിസ്ഥാന സൗകര്യ ശേഷി കൂട്ടുന്നതും കോൺകോറിൻറ്റെ സാമ്പത്തിക നില മെച്ചപ്പെടുത്തും.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 830 രൂപ
നിലവിൽ 686
ട്രെൻഡ് - ബുള്ളിഷ്
(Stock Recommendation by Nirmal Bang Research)


Related Articles

Next Story

Videos

Share it