മോദി ഭരണം തുടരും; നിക്ഷേപിക്കാൻ നല്ല ഓഹരികൾ ഇവ: രാകേഷ് ജുൻജുൻവാല

അടുത്ത സർക്കാരും ബിജെപി നയിക്കുന്നതായിരിക്കുമെന്ന് പ്രശസ്ത നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ എതിരിടാൻ പോന്ന ഒരു നേതാവും ഇന്ന് പ്രതിപക്ഷത്തിനില്ല. അതുകൊണ്ട് തന്നെ ബിജെപി അടുത്തതവണയും ഭരണത്തിലേറുമെന്ന് ജുന്‍ജുന്‍വാല സിഎൻബിസി-ടിവി 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഒരു പ്രവചനം നടത്താൻ ഇപ്പോഴും സമയമായിട്ടില്ല എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഒരു പരിധിയിൽ കൂടുതൽ ഓഹരി വിപണിയെ ബാധിക്കുകയില്ല. ഒരു രാഷ്ട്രീയ പാർട്ടികളെയും ആശ്രയിച്ചല്ല വിപണി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2017 ൽ കണ്ടിരുന്ന ഇക്വിറ്റി മാർക്കറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഇനിയുണ്ടാകില്ല. പകരം സ്ഥിരതയായിരിക്കും 2018 ൽ വിപണിയുടെ മുഖമുദ്രയെന്ന് ജുന്‍ജുന്‍വാല പറഞ്ഞു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇപ്പോൾ നിക്ഷേപിക്കാൻ പറ്റിയ മേഖലകൾ ഇവയാണ്.

ടാറ്റ സ്റ്റീൽ

സ്റ്റീൽ വില ഇപ്പോഴത്തെ നിലയിൽ തുടരുകയാണെങ്കിൽ ടാറ്റ സ്റ്റീലിന്റെ പ്രവർത്തന മികവ് ഉയരാനുള്ള സാധ്യതയുണ്ടെന്ന കാഴച്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്.

ഫാർമ

യുഎസ്സിലെ ജനറിക് മരുന്നുകളുടെ മത്സരം ഏറെക്കുറെ കെട്ടടങ്ങിയ സ്ഥിതിക്ക്, ഫാർമ ബിസിനസിന്റെ മോശം കാലം അവസാനിച്ചു എന്നു പറയാം. ആഭ്യന്തര മരുന്ന് വിപണിയിൽ ബ്രാൻഡഡ് ഫാർമ ബിസിനസിന് നല്ല ഭാവിയാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബാങ്കിംഗ്

ബാങ്കിംഗ് മേഖലയിൽ മുൻപെങ്ങും കാണാത്തപോലുള്ള ഒരു വളർച്ചാ അവസരം ഉണ്ടെന്നാണ് ജുൻജുൻവാല വിശ്വസിക്കുന്നത്. കിട്ടാക്കടത്തിനും മറ്റുമുള്ള നീക്കിയിരുപ്പ് കഴിഞ്ഞാൽ, ലാഭവും വരുമാനവും കൂടും. പ്രശ്നങ്ങളിൽ അകപ്പെട്ട ബാങ്കുകളെ കുറിച്ച് നല്ല പ്രതീക്ഷയാണ് അദ്ദേഹത്തിന്. ഐസിഐസിഐ ബാങ്ക് 2019 സാമ്പത്തിക വർഷത്തിൽ അഴിച്ചുപണിയും 2020 ൽ കറയറ്റ വളർച്ചയും പ്രകടമാക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ദീർഘകാലത്തിൽ നാഷണൽ കമ്പനി ലോ ട്രിബ്യുണൽ, ഐബിസി (Insolvency & Bankruptcy Code) എന്നിവ വായ്പ അച്ചടക്കം കൊണ്ടു വരാൻ സഹായിക്കും.

ആരോഗ്യ ഇൻഷുറൻസ്

രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് മേഖലയ്ക്ക് വളരാനുള്ള വളരെയധികം അവസരങ്ങളുണ്ടെന്നാണ് ജുൻജുൻവാല പറയുന്നത്. അടുത്ത 10-15 വർഷത്തിൽ 20 ശതമാനത്തോളം വളർച്ച നേടാൻ ഈ മേഖലയ്ക്ക് കഴിയുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.

റിയൽ എസ്റ്റേറ്റ്

ജുൻജുൻവാലയുടെ അഭിപ്രായത്തിൽ അടുത്ത 2-3 വർഷങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് നല്ലകാലമാണ്. റിയൽ എസ്റ്റേറ്റ് വില വർധിച്ചില്ലെങ്കിലും, ഇടപാടുകളുടെയും പ്രൊജെക്ടുകളുടെയും വ്യാപ്‌തി വളരും. അഫൊഡബിൾ ഹൗസിംഗ് സ്കീമിന്റെ അനുകൂലപ്രഭാവത്തെ നാം കുറച്ചു കാണരുതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

എഫ്എംസിജി ഉപഭോഗം

ഉയർന്ന വളർച്ച സാധ്യത ഉപഭോക്‌തൃ ഉത്പന്നങ്ങളുടെ ഓഹരികളുടെ വില ഇപ്പോൾത്തന്നെ ഉയർത്തിയിട്ടുണ്ട്. അതുകൊണ്ട് എഫ്എംസിജി ഓഹരി ആദായം കൂടുമെങ്കിലും അടുത്ത അഞ്ച് വർഷത്തിൽ എഫ്എംസിജി കമ്പനികളുടെ വരുമാന വളർച്ചയെക്കാളും അല്പം കുറവായിരിക്കുമിതെന്ന് അദ്ദേഹം പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it