നാഷണൽ പെൻഷൻ സിസ്റ്റം: നികുതിയിളവ് രക്ഷയാകുമോ?

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍പിഎസ്) നിക്ഷേപിക്കപ്പെട്ട തുകയ്ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഈടാക്കിയിരുന്ന നികുതി പൂര്‍ണമായും എടുത്തുകളഞ്ഞുകൊണ്ട് കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത് അടുത്തിടെയാണ്. ഇതു വരെ 80 ശതമാനം തുകയ്ക്ക് മാത്രമാണ് നികുതിയിളവ് ഉണ്ടായിരുന്നത്. ഇതോടെ എന്‍പിഎസ് കുറച്ച് ആകര്‍ഷകമായിട്ടുണ്ട്.
ഈ മാറ്റം വരുത്തുന്നതിന് മുമ്പ് നിക്ഷേപിച്ച ആകെ തുകയില്‍ നിന്ന് 40 ശതമാനം പെന്‍ഷനുവേണ്ടി നികുതിയിളവോടു കൂടി നിക്ഷേപമായി തന്നെ വയ്‌ക്കേണ്ടി വന്നിരുന്നു. 40 ശതമാനം തുക നികുതിയിളവോടെ പിന്‍വലിക്കാന്‍ കഴിയുകയും ബാക്കി 20 ശതമാനത്തിന്മേല്‍ നികുതി ചുമത്തുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് നികുതി ബാധകമായ 20 ശതമാനം വരുമാനമായി കണക്കാക്കുകയും മൂലധന നേട്ടമായി പരിഗണിക്കാതെ സാധാരണ നികുതി നിരക്ക് തന്നെ ഈടാക്കുകയും ചെയ്തുവെന്നതിന് ഉത്തരം കണ്ടെത്താനായിരുന്നില്ല.
20 ശതമാനത്തിന് മാത്രം നികുതി നല്‍കിയാല്‍ മതിയെന്നാണ് വ്യവസ്ഥയെങ്കിലും റിട്ടയര്‍മെന്റ് സമയമാകുമ്പോഴേക്കും വലിയൊരു തുകയായി അത് മാറുകയും അതുകൊണ്ടു തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് തന്നെ നല്‍കേണ്ടി വരികയും ചെയ്യുമായിരുന്നു. ഇതാണ് കേന്ദ്ര ധനമന്ത്രിയെ, എന്‍പിഎസിനെ പൂര്‍ണമായും നികുതി വിമുക്തമാക്കാന്‍ പ്രേരിപ്പിച്ച ഘടകം.

അവശേഷിച്ച 20 ശതമാനത്തിന്മേലുള്ള നികുതി കൂടി ഒഴിവാക്കിയതോടെ എന്‍പിഎസ് എത്രമാത്രം ആകര്‍ഷകമാണ്? എന്‍പിഎസില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി ശമ്പളത്തിന്മേലുള്ള നികുതിയില്‍ ഇളവ് ലഭിക്കുമായിരുന്നു വെങ്കിലും ഒരിക്കലും മികച്ചൊരു നിക്ഷേപ മാര്‍ഗമായി എന്‍പി എസ് പരിഗണിക്കപ്പെട്ടിരുന്നില്ല. അതിന് രണ്ടു കാരണങ്ങ ളാണുള്ളത്.
- നന്നായി പരിപാലിക്കപ്പെടുന്ന മൂച്വല്‍ ഫണ്ടിനേക്കാള്‍ കുറഞ്ഞ വരുമാനമാണ് എന്‍പിഎസില്‍ നിന്ന് ലഭിക്കുക. ദീര്‍ഘ കാലയളവില്‍ കണക്കാക്കുമ്പോള്‍ വരുമാനത്തിലുള്ള (Return) രണ്ട് ശതമാനം എന്ന വ്യത്യാസം പോലും നല്ലൊരു തുകയാണ്.
- നിക്ഷേപകന്‍ എന്‍പിഎസില്‍ നിക്ഷേപിച്ച തുകയുടെ 40 ശതമാനം ആന്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിരാകുന്നു. ഇതില്‍ നിന്നുള്ള നേട്ടം വളരെ കുറവാണെങ്കിലും നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടി വരുന്നു. ഉദാഹരണത്തിന് റിട്ടയര്‍മെന്റ് സമയത്ത് നിങ്ങളുടെ നിക്ഷേപം ഒരു കോടി രൂപയാണെങ്കില്‍ അതില്‍ 40 ലക്ഷം രൂപ നിര്‍ബന്ധമായും ഏതെങ്കിലും ആന്വിറ്റി പ്രോഡക്റ്റ് എടുക്കാന്‍ വിനിയോഗിച്ചിരിക്കണമെന്നുണ്ട്.
നേട്ടത്തില്‍ മുന്നില്‍ മ്യൂച്വല്‍ ഫണ്ടുകള്‍
നിലവില്‍ ഇത്തരം ആന്വിറ്റി നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന നേട്ടം ആറു ശതമാനമാണ്. സര്‍ക്കാരിന്റെ നേരിട്ടുള്ള പദ്ധതികളായ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, എല്‍ഐസിയുടെ പ്രധാന്‍മന്ത്രി വയ വന്ദനയോജന എന്നിവ എട്ടു ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്.
എന്‍പിഎസില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക്‌ശേഷമുള്ള നേട്ടവും മുമ്പ് 30 ശതമാനം നിരക്കില്‍ നികുതി ഈടാക്കിയിരുന്ന സമയത്ത് നല്‍കിയിരുന്ന നേട്ടവും ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്‌കീം (ഇഎല്‍എസ്എസ്) വഴി നിക്ഷേപിക്കുമ്പോഴുള്ള നേട്ടവും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ ലഭിച്ച ഫലമാണ് പട്ടികയില്‍ നല്‍കിയിരിക്കുന്നത്.
എന്‍പിഎസില്‍ നികുതി ഒഴിവാക്കിയതിനു ശേഷം ലഭിക്കുന്ന നേട്ടം മുമ്പത്തേക്കാള്‍ വളരെ അധികം വര്‍ധിച്ചതായി പട്ടികയില്‍ നിന്ന് മനസ്സിലാക്കാം. മാത്രമല്ല, പിന്‍വലിക്കപ്പെടുന്ന തുകയ്ക്ക് എത്ര നികുതിയെന്ന് കണക്കാക്കുകയും അത് അടയ്ക്കുകയുമൊക്കെ ചെയ്യാനുള്ള ബുദ്ധിമുട്ടും ഒഴിവാകും. എന്നിരുന്നാലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തന്നെയാണ് ഇപ്പോഴും എന്‍പിഎസിനേക്കാള്‍ മികച്ചതെന്ന് കാണാനാകും.
മാത്രമല്ല, എന്‍പിഎസില്‍ തുക പിന്‍വലിക്കല്‍ പ്രക്രിയ ഇപ്പോഴും പേടിസ്വപ്‌നമായി തുടരുന്നു. എന്‍പിഎസിന്റെ റെക്കോഡ് കീപ്പിംഗ് ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡില്‍ നിന്നുള്ള എക്‌സിക്യൂട്ടിവുകളുടെ ഫോണ്‍വിളികളും മറ്റുമായി നിക്ഷേപകന് അത് ശല്യമായി മാറുന്നു.
പലപ്പോഴും ഈ എക്‌സിക്യൂട്ടിവുകള്‍ക്ക് നിക്ഷേപത്തിന്മേലുള്ള നികുതി ഒഴിവാക്കിയ കാര്യം പോലും അറിയുന്നുണ്ടാവില്ല. അനാവശ്യമായ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇവര്‍ മുമ്പന്തിയിലാണ്. ചിലപ്പോള്‍ വര്‍ഷങ്ങളായി നിങ്ങള്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാനായി, ശാന്തമായി കഴിയേണ്ട റിട്ടയര്‍മെന്റ് ജീവിതത്തില്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നേക്കാമെന്ന സ്ഥിതിയാണ്.