ഇതാണ് ഈ വർഷം ഇരട്ടിയിലധികം വില വർദ്ധിച്ച 24 ഷെയറുകൾ

ഈ വർഷത്തിൽ വില ഇരട്ടിച്ച സ്റ്റോക്കുകളുടെ എണ്ണത്തിൽ ആറു മടങ് വരെ വർദ്ധനവുണ്ടായതായി റിപോർട്ടുകൾ.
ഇത്തരം ഷെയറുകളുടെ എണ്ണം 2019-ൽ വെറും നാല് എണ്ണം ആയിരുന്നെങ്കിൽ ഈ വർഷം അത് 24 എണ്ണമായി കുതിച്ചുയർന്നുവെന്നു ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. 2018-ൽ ആകട്ടെ ഇങ്ങനെ വില ഇരട്ടിയിലധികമായ ഒറ്റ സ്റ്റോക്ക് പോലും ഇല്ലായിരുന്നു.
പെന്നി സ്റ്റോക്കുകളെ ഒക്കെ ഈ വിലയിരുത്തലിൽ നിന്നും മാറ്റി നിർത്തുകയും ശരാശരി 1000 കോടി രൂപ മാർക്കറ്റ് ക്യാപിറ്റലിസഷൻ ഉള്ള കമ്പനികളെ മാത്രം ഉൾക്കൊളിച്ചുമാണ് ഈ പട്ടിക ബിസിനസ് പത്രം തയ്യാറാക്കിയത്. കൂടാതെ ഈ പട്ടികയിൽ പെടാൻ ഒരു കമ്പനി കുറഞ്ഞത് നാല് അനലിസ്റ്റുകൾ എങ്കിലും ട്രാക്ക് ചെയ്യുന്നതുമാകണം എന്ന നിബന്ധനയുമുണ്ടായിരുന്നു.

ലോറസ് ലാബ്സ് ആണ് ഈ പട്ടികയിൽ എത്തിയ ഒന്നാമൻ. 383 ശതമാനം വില വര്ധനവാണ് ഈ സ്റ്റോക്കിനുണ്ടായത്. ഡിക്‌സൺ ടെക്നോളോജിസ് ഷെയറുകളുടെ വില 255 ശതമാനം ഉയർന്നപ്പോൾ ഇന്ത്യമാർട്ട് ഇന്റെർമേഷ് രേഖപ്പെടുത്തിയ വർദ്ധനവ് 203 ശതമാനമായിരുന്നു. ഗ്രാന്യൂൾസ് ഇന്ത്യയും 203 ശതമാനം ഉയർന്നതായി ബിസിനസ് സ്റ്റാൻഡേർഡ് പറയുന്നു. മാസ്ടെക്ക് 177 ശതമാനം തങ്ങളുടെ സ്റ്റോക്കിന്റെ വില ഉയരുന്നത് കണ്ടപ്പോൾ ടാറ്റ കമ്മ്യൂണിക്കേഷൻസ് ആകട്ടെ 168 ശതമാനം വില വർധിച്ചു. ഈ പട്ടികയിലുള്ള മറ്റു സ്റ്റോക്കുകൾ ഇവയാണ്: ഗ്രീൻപാനൽ ഇൻഡസ്ട്രീസ്, ഫസ്റ്സോഴ്സ് സൊല്യൂഷൻസ്, നാവിൻ ഫ്‌ളോറിൻ ഇന്റർനാഷണൽ, സ്ട്രിഡ്സ് ഫാർമ സയൻസ്, ദീപക് നൈട്രൈറ്റ്, ജെ ബി കെമിക്കൽസ്, സെൻട്രൽ ഡെപ്പോസിറ്ററി സെർവിസ്സ്, ടാറ്റ ഏലസ്‌സി, ഇന്റലക്ട് ഡിസൈൻ അറീന, പെർസിസ്റ്റന്റ് സിസ്റ്റംസ്, ആംബർ എന്റർപ്രൈസസ് ഇന്ത്യ, എപിഎൽ അപ്പോളോ ട്യൂബ്സ്, ലാർസൺ & ടൂബ്രോ ഇൻഫോടെക്, ഇന്ത്യ സിമന്റ്സ്, ഡിവിസ് ലാബ്, ജിഎംഎം പ്‌ഫോൾഡർ, മൈൻഡ്ട്രീ, ധനുക അഗ്രിടെക്.

ബെഞ്ച്മാർക്ക് നിഫ്റ്റി-50 സൂചിക ജനുവരിയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 12,431-ൽ എത്തിയതിനു ശേഷമാണ് കൊറോണയുടെ ആവിര്ഭാവത്തോടെയും തുടർന്നുണ്ടായ ലോക്ക്ഡൌൺ നടപടികളെയും തുടർന്ന് 7,511 എന്ന നിലയിലേക്ക് മാർച്ചിൽ കൂപ്പുകുത്തിയത്.
സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധികളെയും അമേരിക്കയിലും യൂറോപ്പിലും ഉണ്ടായ വൈറസിന്റെ രണ്ടാം വരവിനെയും ഒക്കെ അതിജീവിച്ചു ഓഹരി വിപണികൾ ജനുവരിയിൽ കുറിച്ച റെക്കോർഡ് നേട്ടം കടന്നു പുതിയ ഉയരങ്ങൾ കീഴടക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.
40 ദിവസം കൊണ്ട് 40 ശതമാനം ഇടിവുണ്ടായ ഓഹരി വിപണി അത്ര തന്നെ വേഗത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്നതിനു ഈ വര്ഷം സാക്ഷിയായി.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ നിരന്തര സാന്നിധ്യം, സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുമെന്ന പ്രതീക്ഷ, കൊറോണ കേസുകൾ കുറയുന്നതിലുള്ള ആശ്വാസം, വാക്സിന്റെ വരവ് എന്നിവ ദലാൽ സ്ട്രീറ്റിൽ ഉണർവുണ്ടാക്കി. ബെഞ്ച്മാർക് സൂചികകൾ ഏകദേശം 15 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് ഈ വര്ഷം നേടി കൊടുത്തത്.

ഈ മാസം ആദ്യം പുറത്തിറക്കിയ ഒക്ടോബർ ഐഐപി ഡാറ്റ സൂചിപ്പിക്കുന്നത് ഫാക്ടറി ഉൽ‌പാദനം ഫെബ്രുവരിക്ക് ശേഷം ഏറ്റവുമധികം വർധിച്ചുവെന്നാണ്.

എഫ്പി‌ഐകൾ തുടർച്ചയായ മൂന്നാം മാസവും ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി. ഏകദേശം ഒരു ട്രില്യൺ രൂപയിൽ കൂടുതൽ ഓഹരികൾ അവർ വാങ്ങി.

ഒരു മില്യന് 7,397 കേസുകൾ എന്ന നിലയിലുള്ള ഇന്ത്യയുടെ കോവിഡ് -19 കണക്കുകൾ ആഗോള ശരാശരിയായ 10,149 എന്ന നിലയെക്കാൾ വളരെ താഴെയാണ് എന്നതും ഗുണം ചെയ്തു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it