കേരളത്തില്‍ നിന്നും ഐപിഓയ്ക്ക് ഒരുങ്ങുന്ന കമ്പനികള്‍ ഇവയാണ്

ദേശീയ തലത്തില്‍ റെക്കോര്‍ഡുകള്‍ കടത്തിവെട്ടി മുന്നേറുന്ന ഐപിഒ മാമാങ്കത്തിലേക്ക് കേരളം ആസ്ഥാനമായ പല കമ്പനികളും ഇതിനോടകം തന്നെ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ വാര്‍ത്ത ഇനിയും നിരവധി കേരള കമ്പനികള്‍ ഐപിഓയ്ക്കായി തയ്യാറെടുക്കുന്നതായാണ്. നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഒന്ന്.

രാണ്ടാമതും സെബിക്ക് പ്രോസ്‌പെക്റ്റസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇസാഫ്. നേരത്തെ കരടുരേഖ സമര്‍പ്പിച്ചിരുന്നെങ്കിലും രാജ്യവ്യാപകമായി നേരിട്ട കോവിഡ് പ്രതിസന്ധിയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കണക്കിലെടുത്ത് ഐപിഒ മാറ്റിവയ്ക്കുകയായിരുന്നു.
998 കോടി രൂപയുടെ മൂലധന സമാഹരണമാണ് ഇസാഫ് ലക്ഷ്യമിട്ടിരിക്കുന്നത്. 800 കോടി രൂപയുടെ പുതിയ ഇഷ്യുവും നിലവിലെ ഓഹരി ഉടമകളുടെ ഓഹരികളുടെ വില്‍പനയുമാകും ഇസാഫിന്റെ ഐപിഓയില്‍ ഉള്‍പ്പെടുക. പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ്, പിഐ വെഞ്ച്വേഴ്സ്, ജോണ്‍ ചാക്കോള എന്നിവരാണ് നിലവിലെ ഓഹരി ഉടമകളില്‍ പ്രമുഖര്‍.
ഡോ. എംഐ സഹദുള്ളയുടെ നേതൃത്വത്തിലുള്ള കിംസ് ഹെല്‍ത്ത് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആണ് ഐപിഓയ്ക്ക് ഒരുങ്ങുന്ന മറ്റൊരു കേരള കമ്പനി. ആതുര സേവന രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കിംസ് എംഐ സഹദുള്ളയ്‌ക്കൊപ്പം പ്രൊഫ. ഡോ. ജി വിജയരാഘവന്‍, ഇ എം നജീബ്, ഡോ. ഷെറിഫ് സഹദുള്ള എന്നിവരുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ്.
ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലും തിരുവനന്തപുരം, കൊല്ലം , കോട്ടയം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലുമായി വിവിധ മെഡിക്കല്‍ സെന്ററുകളും സ്‌പെഷാലിറ്റി ആശുപത്രികളുമുള്ള ഗ്രൂപ്പാണ് കിംസ്. ഓഹരി വിപണിയിലേക്ക് എത്താനൊരുങ്ങുന്നുണ്ടെങ്കിലും പ്രാഥമിക പബ്ലിക് ഓഫറിംഗിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തിറങ്ങേണ്ടിയിരിക്കുന്നു.
പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് ഐപിഓയ്ക്ക് ഒരുങ്ങുന്നതായും സൂചനകളുണ്ട്. വാര്‍ത്ത ശരിയെങ്കില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്നും ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്ന ശക്തമായ മറ്റൊരു കമ്പനിയായിരിക്കും പോപ്പുലര്‍ വെഹിക്ക്ള്‍സ്. കെ പി പോള്‍ സ്ഥാപിച്ച ജോണ്‍ കെ പോള്‍ മാനേജിംഗ് ഡയറക്റ്ററായ പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് കാട്ടുക്കാരന്‍ ഗ്രൂപ്പിന് കീഴിലുള്ള വിവിധ വാഹനങ്ങളുടെ ഡീലേഴ്‌സ് ആന്‍ഡ് സര്‍വീസ് പ്രൊവൈഡേഴ്‌സ് ആണ്.
ഹാച്ച്ബാക്ക്‌സ്, സെഡാന്‍, വാന്‍, എസ് യു വി, എം യു വി , സിഎന്‍ജി കാറുകള്‍ എന്നിവയോടൊപ്പം നെക്‌സ കാറുകള്‍, പ്രധാന ബ്രാന്‍ഡുകളുടെ റീസെയ്ല്‍, സര്‍വീസ്, ഇന്‍ഷുറന്‍സ്, ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങി നിരവധി ഓട്ടോമൊബൈല്‍ സര്‍വീസുകള്‍ പ്രദാനം ചെയ്യുന്ന കമ്പനിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാരുതി ഡീലര്‍മാരായ കമ്പനിയുടെ ഐപിഒ വിവരങ്ങള്‍ ഉടന്‍ പുറത്തു വന്നേക്കാം. ഐപിഒ നടന്നാല്‍ ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് ആന്‍ഡ് സര്‍വീസസ് രംഗത്തെ ഒരുപക്ഷെ രാജ്യത്തെ തന്നെ ആദ്യ കമ്പനി ആയിരിക്കും പോപ്പുലര്‍.
കേരളത്തില്‍ നിന്ന് ഒടുവില്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനി കല്യാണ്‍ ജൂവല്ലേഴ്‌സ് ആയിരുന്നു. മാര്‍ച്ച് 2021 ലായിരുന്നു ഇത്. കേരളത്തില്‍ നിന്നും ലിസ്റ്റിംഗ് നടത്തിയ ആദ്യ ജൂവല്‍റിയും കല്യാണ്‍ ജൂവല്ലേഴ്‌സാണ്. കേരളത്തില്‍ നിന്നുള്ള കൊശമറ്റം ഫിനാന്‍സ്, മുത്തൂറ്റ് മിനി എന്നിവയുടെ ഐപിഒകളും വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അവ ഉടന്‍ ഉണ്ടായേക്കാനിടയില്ല.
ഐപിഒ മാമാങ്കത്തിന്റെ ദേശീയതലത്തിലുള്ള വന്‍ വിജയങ്ങളായിരിക്കാം കൂടുതല്‍ കമ്പനികളെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇന്ത്യയിലെ കമ്പനികള്‍ ഐപിഒ വഴി നടത്തിയ മൂലധനസമാഹരണത്തില്‍ ഈ വര്‍ഷം വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2007 ന് ശേഷം ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ മൂലധനം സമാഹരിച്ച വര്‍ഷവും 2021 ആണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it