ഇക്കാര്യങ്ങള്‍ ഓഹരിവിപണിയെ ബാധിച്ചേക്കാം, നിക്ഷേപകര്‍ ശ്രദ്ധിക്കുക! പ്രിന്‍സ് ജോര്‍ജ് എഴുതുന്നു

ഇപ്പോഴത്തെ സാഹചര്യം വിശകലനം ചെയ്താല്‍ ആദ്യപാദത്തില്‍ ജിഡിപി 23 ശതമാനം ചുരുങ്ങിയിരിക്കുകയാണ്. മാനുഫാക്ചറിംഗ് 10 ശതമാനം താഴേക്കുപോയിരിക്കുന്നു. ആഗോളതലത്തിലുള്ള സാമ്പത്തികവ്യവസ്ഥയും മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ നിന്ന് മുക്തമായിട്ടില്ല. സാമ്പത്തികവ്യവസ്ഥയില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടില്ലെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

ഇത് സ്വാഭാവികമാണ്. നാം ലോക്ഡൗണില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല. സാമ്പത്തികമാന്ദ്യത്തിന്റെ സൂചനകള്‍ കോവിഡിന് മുന്നേ തന്നെ ഉണ്ടായിരുന്നു. കോവിഡ് വന്നതോടെ അത് കൂടുതല്‍ രൂക്ഷമായി.

കോവിഡ് വന്നപ്പോള്‍ ബിസിനസ് രംഗത്ത് ചില മാറ്റങ്ങള്‍ സംഭവിച്ചു. ചില മേഖലകള്‍ വളരെയേറെ താഴേക്ക് പോയി. അതേസമയം കുറച്ച് ഉയര്‍ന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്കും ഓട്ടോമേഷനിലേക്കുമൊക്കെ മാറിയ കമ്പനികള്‍ക്ക് തിരിച്ചുവരാന്‍ സാധിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍, ടെക്‌നോളജി, എഫ്എംസിജി തുടങ്ങിയ മേഖലകള്‍ പൊസിറ്റീവ് വളര്‍ച്ച കാണിക്കാന്‍ തുടങ്ങി. ചില കമ്പനികള്‍ ബിസിനസ് മോഡല്‍ തന്നെ മാറ്റി. അത്തരം അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തിയ സ്ഥാപനങ്ങള്‍ കോവിഡ് കാലം കഴിഞ്ഞാലും കുതിക്കും. അത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തി നിക്ഷേപിക്കുമ്പോഴാണ് നിക്ഷേപകന് നേട്ടം കിട്ടുന്നത്.

എയര്‍ലൈന്‍ പോലുള്ള ഇപ്പോള്‍ ഏറെ പ്രതിസന്ധിയിലിരിക്കുന്ന മേഖലകളിലുള്ള വലിയ വായ്പയൊക്കെ എടുത്തിട്ടുള്ള കമ്പനികളുടെ സാമ്പത്തികശക്തി കോവിഡ് കാലം കഴിയുന്നതോടെ നശിച്ചുപോകാനുള്ള സാധ്യതയുണ്ട്. കോവിഡ് കഴിയുമ്പോള്‍ ചില സ്ഥാപനങ്ങള്‍ തങ്ങളുടെ ബിസിനസ് മോഡലൊക്കെ മാറ്റി കൂടുതല്‍ ശക്തമായി വളരും. എന്നാല്‍ ചില കമ്പനികള്‍ക്ക് നിര്‍ഭാഗ്യവശാല്‍ എന്നന്നേക്കുമായി പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നേക്കാം.

സര്‍ക്കാര്‍ ബിസിനസ് രംഗത്തെ പിന്തുണയ്ക്കുന്ന നയങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൈയില്‍ പണമില്ലെന്നതാണ് ഇതിലെ പ്രധാനപ്രശ്‌നം. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പണം മുടക്കേണ്ടതുണ്ട്.

2021 അവസാനത്തോടെയേ സാമ്പത്തികവ്യവസ്ഥ തിരിച്ചുവരുകയുള്ളു എന്നാണ് എന്റെ കണക്കുകൂട്ടല്‍. എന്തായാലും ഒരു വര്‍ഷം എടുക്കാനുള്ള സാധ്യതയുണ്ട്. ജനുവരി മുതല്‍ പതിയെ സാമ്പത്തികവ്യവസ്ഥ പൊസിറ്റീവായി തുടങ്ങിയേക്കാം.

ഇവ ഓഹരിവിപണിയെ ബാധിച്ചേക്കാം

വരും നാളുകളില്‍ ഓഹരിവിപണിയെ സ്വാധീനിക്കാന്‍ സാധ്യതയുള്ള രണ്ട് ഘടകങ്ങളാണുള്ളത്. ഒന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. അടുത്തത് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍. കാര്യമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ അത് രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയില്‍ പ്രതിഫലിക്കുകയുള്ളു. അത്തരം തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ സാമ്പത്തികവ്യവസ്ഥയുടെ തിരിച്ചുവരവ് വൈകും. ചൈന, പാക്കിസ്ഥാന്‍ പോലുള്ള അയല്‍രാജ്യങ്ങളുമായി യുദ്ധമുണ്ടാകുന്ന അവസ്ഥയുണ്ടായാല്‍ അതും സാമ്പത്തികവ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകും. ഏറെ വിഭവങ്ങള്‍ അതിനായി വിനിയോഗിക്കേണ്ടിവരും.

ഇപ്പോള്‍ വിപണിയില്‍ ഒരു ഉണര്‍വ് ഉണ്ടായതിന്റെയും സ്വര്‍ണ്ണം പോലെയുള്ള അസറ്റ് ക്ലാസുകളുടെ വില ഉയരുകയും ചെയ്തതിന് ഒരു കാരണം അമേരിക്ക പോലുള്ള രാജ്യങ്ങള്‍ സാമ്പത്തികവ്യവസ്ഥയെ പിന്തുണയ്ക്കുന്ന രീതിയിലുള്ള നയങ്ങള്‍ കൊണ്ടുവന്നതാണ്. അമേരിക്കയില്‍ പുതിയ സര്‍ക്കാര്‍ വന്ന് നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ അത് ഓഹരിവിപണിയെ ബാധിക്കും.

സാമ്പത്തികവ്യവസ്ഥ ഇപ്പോള്‍ തന്നെ വളരെ താഴെയാണ്. അത് ഇനിയും താഴേക്കുപോകാനുള്ള സാധ്യതയില്ല. തിരിച്ചുവരവ് എന്നാണെന്നാണ് അറിയേണ്ടത്. ഈ സാഹചര്യത്തില്‍ നാം നേരത്തെ പറഞ്ഞ ഇപ്പോഴത്തെ പ്രതിസന്ധി ബാധിക്കാത്ത ഫാര്‍മ, ഐടി, കണ്‍സ്യൂമര്‍ തുടങ്ങിയ മേഖലകളിലെ നല്ല കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കാം.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ (നവംബര്‍ നാലിനാണ് തെരഞ്ഞെടുപ്പ്) സ്വര്‍ണ്ണത്തിന്റെ വില ഇതേ രീതിയില്‍ വലിയ കയറ്റിറക്കങ്ങളില്ലാതെ തുടരാം. പുതിയ സര്‍ക്കാര്‍ പലിശനിരക്ക് കൂട്ടുന്ന നയമാണ് സ്വീകരിക്കുന്നതെങ്കില്‍ വില ഇടിയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അങ്ങനെ സംഭവിച്ചാലും വീണ്ടും സ്വര്‍ണ്ണവില കൂടും. രണ്ട് വര്‍ഷം കൊണ്ട് ഒരു ഔണ്‍സിന് സ്വര്‍ണ്ണവില 2500ലേക്ക് എത്തുമെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ സ്വര്‍ണ്ണം നല്ലൊരു നിക്ഷേപമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Prince George
Prince George  

മാനേജിങ് ഡയറക്ടർ, ഡിബിഎഫ്എസ്

Related Articles

Next Story

Videos

Share it