പ്രതികൂല ഘടകങ്ങള്‍ ഏറെ, എങ്കിലും വിദേശ പണത്തില്‍ ബുള്‍ പ്രതീക്ഷ

യഥാര്‍ഥത്തില്‍ അധികം പണം ചെലവഴിക്കാത്ത ഒരു ദുര്‍ബല ഉത്തേജക പദ്ധതി, വര്‍ധിച്ചു വരുന്ന ചില്ലറ വിലക്കയറ്റം, താഴ്ചയില്‍ നിന്നു കരകയറാന്‍ കഴിയാത്ത വ്യവസായ ഉല്‍പ്പാദനം: ഓഹരി വിപണിക്കു തിരുത്തലിനു വേണ്ട ഘടകങ്ങളെല്ലാം ഉണ്ട്. എങ്കിലും വിദേശ പണം വിപണിയെ ഉയര്‍ത്തി നിര്‍ത്തുമെന്ന് ബുള്ളുകള്‍ കരുതുന്നു.

* * * * * * * *

ദുര്‍ബല ഉയര്‍ച്ചയില്‍അനിശ്ചിതത്വ സൂചന

തുടര്‍ച്ചയായ എട്ടാം ദിവസവും ഓഹരി സൂചികകള്‍ കയറി. പക്ഷേ തിങ്കളാഴ്ചത്തെ ഉയര്‍ച്ച ദുര്‍ബലമായിരുന്നു. 12,022 വരെ കയറിയ നിഫ്റ്റി ഒടുവില്‍ 16.75 പോയിന്റ് ഉയര്‍ച്ചയോടെ 11,930.95 ലാണു ക്ലോസ് ചെയ്തത്. കയറ്റത്തിന്റെ തോത് തുടര്‍ച്ചയായി കുറഞ്ഞു വരുന്ന ഡോജി കാന്‍ഡില്‍ പ്രവണത. നിക്ഷേപകരുടെ അനിശ്ചിതത്വമാണ് ഇതില്‍ കാണുന്നത്. ചെറിയ വിഷയമുണ്ടായാല്‍ തിരുത്തലിലേക്കു വിപണി മാറാം.

12,000 തലത്തില്‍ നിഫ്റ്റിക്കു ശക്തമായ തടസം സാങ്കേതിക വിശകലനക്കാര്‍ കാണുന്നു. 11,850-ലും 11,700-ലും അവര്‍ പിന്‍ബലം പ്രതീക്ഷിക്കുന്നു.
സെന്‍സെക്‌സും തുടക്കത്തില്‍ വലിയ കയറ്റം നടത്തിയിട്ട് ഒടുവില്‍ നേരിയ ഉയര്‍ച്ചയോടെയാണു ക്ലോസ് ചെയ്തത്.
അമേരിക്കയില്‍ ഉത്തേജക ചര്‍ച്ച മുന്നോട്ടു നീങ്ങുന്നത് വിപണിയെ സഹായിച്ചു. ഓഹരി സൂചികകള്‍ ഒന്നര ശതമാനം നേട്ടം കുറിച്ചു.

* * * * * * * *

ചൈന - ഓസീസ് പോരില്‍ ഏഷ്യന്‍ വിപണികള്‍ക്കു ക്ഷീണം

ഓസ്‌ട്രേലിയയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി ചൈന വിലക്കി. അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ ചൈനാ സമുദ്രത്തില്‍ ഓസ്ട്രേലിയന്‍ നേവി പ്രവര്‍ത്തിക്കുന്നതിലും മറ്റുമുള്ള എതിര്‍പ്പാണു പിന്നില്‍. രാജ്യാന്തര തലത്തില്‍ സംഘര്‍ഷം വളരുന്ന ദിവസങ്ങളാണിത്.

ഈ പശ്ചാത്തലത്തില്‍ ഏഷ്യന്‍ ഓഹരികളും ഇന്നു രാവിലെ താഴോട്ടാണ്. എസ് ജി എക്‌സ് നിഫ്റ്റി നല്‍കുന്ന സൂചന ഇന്ത്യന്‍ ഓഹരികള്‍ക്കു ദുര്‍ബല തുടക്കമായിരിക്കുമെന്നാണ്.

* * * * * * * *

ബൈഡന്‍ ജയിച്ചാല്‍ ഡോളര്‍ താഴും, സ്വര്‍ണം കയറും

അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ മേല്‍ ജോ ബൈഡന്റെ ലീഡ് വര്‍ധിച്ചു. ബൈഡന്‍ ജയിക്കുന്ന സാഹചര്യത്തെ പലരും മുന്നില്‍ കാണുന്നു.

ഇതിനിടെ കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ശുഭസൂചനകള്‍ വര്‍ധിക്കുന്നു. ഓക്‌സ്ഫഡ് - അസ്ട്ര സെനക്ക ഗവേഷണം ജനുവരിയോടെ വാക്‌സിന്‍ ഉപയോഗം അനുവദിക്കാവുന്ന നിലയില്‍ പുരോഗമിക്കുന്നു. ഫൈസര്‍, മോഡേണ എന്നിവയുടെ പരീക്ഷണങ്ങളും നല്ല സൂചന കാണിക്കുന്നു.

ബൈഡന്‍ ജയിക്കുകയും വാക്‌സിന്‍ ജനുവരിയോടെ വിപണിയിലെത്തുകയും ചെയ്താല്‍ ഡോളര്‍ വില താഴുമെന്നു പലരും പ്രവചിക്കുന്നു. ബൈഡന്‍ ജയിച്ചാല്‍ വലിയ ഉത്തേജക പദ്ധതി വരും. അത് ഓഹരികളെ സഹായിക്കും. സ്വര്‍ണ വിലയും കൂടും.
യുഎസ് വിപണിയില്‍ ഇന്നലെ 1933 ഡോളര്‍ വരെ കയറിയ സ്വര്‍ണം 1919 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളില്‍ സ്വര്‍ണം 1920 വരെ എത്തി.
ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വീപ്പയ്ക്കു 41.3 ഡോളര്‍ വരെ താണെങ്കിലും ഇന്നു രാവിലെ ഏഷ്യന്‍ വിപണികളില്‍ കയറ്റം കാണിച്ചു.

* * * * * * * *

രൂപ താണു

ഇറക്കുമതിക്കാര്‍ കൂടുതല്‍ ഡോളര്‍ വാങ്ങിയത് ഇന്നലെ രൂപയ്ക്കു ക്ഷീണമായി. ഡോളറിനു 14 പൈസ കൂടി 73.27 രൂപയായി.

* * * * * * * *

മസഗോണ്‍ മെച്ചമായി, വേദാന്ത ഇടിഞ്ഞു

തിങ്കളാഴ്ച ലിസ്റ്റ് ചെയ്ത മസഗോണ്‍ ഡോക്ക് നിക്ഷേപകര്‍ക്കു നേട്ടമായി. ഇഷ്യു വിലയായ 145 രൂപയില്‍ നിന്നു 49 ശതമാനം കയറി 216.25-ല്‍ ആയിരുന്നു ലിസ്റ്റിംഗ്. വ്യാപാരത്തില്‍ കാര്യമായി താഴോട്ടു പോയുമില്ല. നഷ്ടത്തില്‍ ലിസ്റ്റ് ചെയ്യുന്ന പ്രതിരോധ ഓഹരികളുടെ ചരിത്രം മസഗോണ്‍ ഡോക്ക് തിരുത്തി.

തിങ്കളാഴ്ച ലിസ്റ്റ് ചെയ്ത യുടിഐ എ എംസി ക്കു പക്ഷേ കീഴോട്ടായിരുന്നു യാത്ര. 554 രൂപയ്ക്ക് ഇഷ്യു ചെയ്ത ഓഹരി 476 രൂപയിലേക്കു താണു. പൊതുവേ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപകര്‍ക്കു താല്‍പര്യം കുറവാണ്. ഫണ്ടുകളില്‍ നിന്നു വന്‍ തോതില്‍ പണം പിന്‍വലിക്കപ്പെടുന്നുണ്ട്.

ഡീ ലിസ്റ്റിംഗ് ശ്രമം പൊളിഞ്ഞതോടെ വേദാന്തയുടെ വില കുത്തനെ ഇടിഞ്ഞു. 22 ശതമാനം ഇടിവോടെ 96.95 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

* * * * * * * *

വിപ്രോയിലും കോടതിയിലും കണ്ണ്

വിപ്രോ ബോര്‍ഡ് യോഗം ഇന്ന് ഓഹരി തിരിച്ചു വാങ്ങലിന്റെ വ്യവസ്ഥകള്‍ പ്രഖ്യാപിക്കും. കമ്പനിയുടെ ഭാവി സാധ്യതാ പ്രവചനവും വിപണി ഉറ്റുനോക്കുന്നു. വിപ്രോയും ഇന്‍ഫോസിസും അടക്കമുള്ള ടെക് ഓഹരികള്‍ റിക്കാര്‍ഡ് നേട്ടത്തിലാണ്.

മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച കേസ് ഇന്നു സുപ്രീം കോടതി പരിഗണിക്കും. ബാങ്കുകള്‍ അനുകൂല വിധി പ്രതീക്ഷിക്കുന്നു. ബാങ്കുകള്‍ക്കു രണ്ടാം പാദ ഫലങ്ങള്‍ തയാറാക്കാന്‍ പലിശ കാര്യത്തില്‍ തീരുമാനം ഉണ്ടാകണം.

* * * * * * * *

ഉത്തേജനം പകരാത്ത പുതിയ ഉത്തേജകം

രാജ്യത്ത് ഉപഭോഗവും അതുവഴി സാമ്പത്തിക വളര്‍ച്ചയും കൂട്ടാന്‍ നടപടികള്‍ വേണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. സാമ്പത്തിക ഉത്തേജക പദ്ധതി എന്ന പേരില്‍ നേരത്തേ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളൊന്നും യഥാര്‍ഥത്തില്‍ ഉത്തേജകങ്ങള്‍ ആയിരുന്നില്ലെന്നു തെളിഞ്ഞു. ഇന്നലെ ഒരു മൂന്നാം ഘട്ട പദ്ധതി പ്രഖ്യാപിച്ചു. അതും മുന്‍പദ്ധതികളുടെ വഴിയില്‍ തന്നെ.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര പൊതുമേഖലാ ജീവനക്കാര്‍ക്കും നാലു വര്‍ഷത്തിലൊരിക്കല്‍ ഉള്ള ലീവ് ട്രാവല്‍ കണ്‍സഷനും അതിന്റെ ലീവ് എന്‍കാഷ്‌മെന്റും യാത്ര ചെയ്യാതെ തന്നെ നല്കുന്നതാണ് ഒരു പദ്ധതി. ഈ കിട്ടുന്ന പണം ഉപയോഗിച്ച് 12 ശതമാനം ജി എസ് ടി ഉള്ള സാധനങ്ങള്‍ വാങ്ങണം. എങ്കില്‍ കിട്ടുന്ന പണത്തിനു നികുതി വേണ്ട.

നികുതി ലാഭിക്കാന്‍ ആള്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങും, അപ്പോള്‍ രാജ്യത്തു വില്‍പ്പന കൂടും, അത് ഉല്‍പ്പാദനം കൂട്ടും. ഇതാണു ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്. ഒപ്പം ജി എസ് ടി യും കൂടുമെന്നു മന്ത്രി കരുതുന്നു.
ഉപാധികളും ഉണ്ട്. യാത്രാ ആനുകൂല്യമായി കിട്ടുന്ന തുകയില്‍ യാത്രക്കൂലി എത്രയാണോ അതിന്റെ മൂന്നിരട്ടി തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങണം. 40,000 രൂപ യാത്രക്കൂലി കിട്ടാനുള്ളയാള്‍ 1.2 ലക്ഷം രൂപയുടെ സാധനം വാങ്ങണം.

എത്ര പേര്‍ ഈ ഉപാധി സ്വീകാര്യമായി കരുതും എന്നതു കണ്ടറിയേണ്ടിയിരിക്കുന്നു. കേന്ദ്രവും പൊതുമേഖലയും കൂടി 9000 കോടി രൂപ ഈയിനത്തില്‍ ചെലവാക്കും. അപ്പോള്‍ മൂന്നിരട്ടിയായ 27,000 കോടി രൂപയുടെ വ്യാപാരം നടക്കുമെന്ന് മന്ത്രി പ്രതീക്ഷിക്കുന്നു. എത്ര മനോഹരമായ (നടക്കാത്ത ) സ്വപ്നം എന്ന് ആരും പറഞ്ഞു പോകും

ധനകാര്യ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയ ഫെസ്റ്റിവല്‍ അഡ്വാന്‍സ് ഇക്കൊല്ലത്തേക്കു മാത്രമായി പുന:സ്ഥാപിച്ചതാണു മറ്റൊന്ന്. 10 മാസം കൊണ്ടു പലിശയില്ലാതെ തിരിച്ചടയ്ക്കേണ്ട 10,000 രൂപയുടെ അഡ്വാന്‍സ് കേന്ദ്ര ജീവനക്കാര്‍ക്ക് നല്കും. ഇതു ചെലവഴിക്കും എന്ന് ഉറപ്പു വരുത്താന്‍ റുപേ കാര്‍ഡുകളായാണു പണം നല്‍കുന്നത്. ഇത് വഴി 8000 കോടി രൂപ വിപണിയിലെത്തുമെന്നു മന്ത്രി കണക്കുകൂട്ടുന്നു.

കേന്ദ്രം മൂലധനച്ചെലവ് 25,000 കോടി രൂപ വര്‍ധിപ്പിക്കും. ബജറ്റിലെ 4.12 ലക്ഷം കോടിക്കു പുറമെയാണിത്. സംസ്ഥാനങ്ങള്‍ മൂലധനച്ചെലവ് കൂട്ടാന്‍ ഉപാധികള്‍ക്കു വിധേയമായി 12,000 കോടി രൂപ വായ്പ നല്കും. പലിശയില്ലാതെ 50 വര്‍ഷം കൊണ്ടു തിരിച്ചടച്ചാല്‍ മതി.

നികുതി വരവ് പ്രതീക്ഷയിലും വളരെ കുറവായിരിക്കെ ബജറ്റില്‍ പറഞ്ഞിരുന്ന മൂലധനച്ചെലവ് നടത്താന്‍ പറ്റുമോ എന്നതു തന്നെ സംശയത്തിലാണ്. അപ്പോള്‍ അധിക 25,000 കോടി എവിടെ നിന്നു കണ്ടെത്തും എന്നതു വലിയ ചോദ്യമാണ്. മാന്ദ്യം കഴിഞ്ഞു, ഇനി നല്ല വളര്‍ച്ചയാണെന്ന തെറ്റിധാരണ സര്‍ക്കാരില്‍ വ്യാപകമാണോ എന്നു സംശയിക്കണം.

ഏതായാലും ധനമന്ത്രിയുടെ പുതിയ ഉത്തേജക പദ്ധതി എങ്ങും ഉത്തേജനം പകര്‍ന്നില്ല. കോവിഡ് കാലത്തു വരുമാന നഷ്ടം വരാത്ത ഏക വിഭാഗമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കുറേ പണം നല്‍കുന്നതു കൊണ്ട് എന്തു സാമ്പത്തിക ഉത്തേജനം ഉണ്ടാകാന്‍? വിപണിയും പ്രതികൂലമായാണു പ്രതികരിച്ചത്.

* * * * * * * *

വില കുതിക്കുന്നു, വ്യവസായം തളരുന്നു

വിലക്കയറ്റത്തെപ്പറ്റിയും വളര്‍ച്ചയെപ്പറ്റിയും സര്‍ക്കാരിനും റിസര്‍വ് ബാങ്കിനുമുള്ള ധാരണകള്‍ ശരിയല്ലെന്ന് വീണ്ടും തെളിയുന്നു. ഉപഭോക്തൃ വില സൂചിക (സി പി ഐ) ആധാരമാക്കിയുള്ള ചില്ലറ വിലക്കയറ്റം സെപ്റ്റംബറില്‍ 7.34 ശതമാനത്തിലേക്കു കയറി. തലേ മാസം 6.6 ശതമാനമായിരുന്നു. അതേ സമയം ഓഗസ്റ്റിലെ വ്യവസായ ഉല്‍പ്പാദന സൂചിക (ഐഐപി) എട്ടു ശതമാനം താഴ്ന്നു. ജൂലൈയില്‍ 10.7 ശതമാനമായിരുന്നു സൂചികയിലെ ഇടിവ്.

ഉല്‍പ്പന്നലഭ്യതയുടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുന്നു എന്നാണു വിലക്കയറ്റത്തിലെ നിരന്തര വര്‍ധന കാണിക്കുന്നത്. ഭക്ഷ്യ വിലക്കയറ്റം ഓഗസ്റ്റിലെ 9.05 ല്‍ നിന്ന് സെപ്റ്റംബറില്‍ 10.68 ശതമാനമായി. പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍, മുട്ട, മത്സ്യം, ഭക്ഷ്യ എണ്ണ തുടങ്ങിയവയ്‌ക്കെല്ലാം വിലകയറുകയാണ്.

രാജ്യത്തു ഡിമാന്‍ഡ് വര്‍ധിച്ചിട്ടില്ല എന്നാണ് ഓഗസ്റ്റിലെ ഐ ഐ പി കാണിക്കുന്നത്. ഫാക്ടറി ഉല്‍പ്പാദനത്തില്‍ 8.6 ശതമാനം ഇടിവുള്ളതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഖനനത്തില്‍ 9.8 ശതമാനം ഇടിവുണ്ട്.

* * * * * * * *

ഇന്നത്തെ വാക്ക് : വില സൂചിക

രാജ്യത്തു വില നിലവാരം രേഖപ്പെടുത്തുന്ന രണ്ടു സൂചികകളാണുള്ളത്. മൊത്ത വില സൂചിക (Wholesale Price Index) യും ഉപഭോക്തൃ വില സൂചിക (Consumer Price Index) യും. മൊത്ത വില സൂചിക ഫാക്ടറിയില്‍ നിന്നു മൊത്തവ്യാപാരികള്‍ക്കു ചരക്ക് നല്‍കുമ്പോഴുള്ള വില രേഖപ്പെടുത്തുന്നു. ഉപഭോക്തൃ വില സൂചികയില്‍ ചില്ലറവ്യാപാരികള്‍ ഉപഭോക്താക്കള്‍ക്കു സാധനങ്ങള്‍ വില രേഖപ്പെടുത്തുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it