ഇന്ത്യ ബംഗ്ലാദേശിന്റെ പിന്നിലാകും; എന്ത്‌കൊണ്ട് അതിഥി തൊഴിലാളികള്‍ തിരിച്ചുവരുന്നില്ല?

അന്താരാഷ്ട്ര നാണയനിധിയുടെ മലയാളിയായ ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് ഞെട്ടിക്കുന്ന ഒരു സത്യം ഇന്നലെ പറഞ്ഞു: ഇക്കൊല്ലം ബംഗ്ലാദേശ് ആളോഹരി വരുമാന (Per capita Income) ത്തിൽ ഇന്ത്യയെ മറികടക്കും. റിസർവ് ബാങ്ക് പറഞ്ഞതിലും മോശമാകും ഇന്ത്യയുടെ ഇക്കൊല്ലത്തെ വളർച്ചയെന്നും ഐ എം എഫ് പറഞ്ഞു.

Profound uncertainty about global recovery: GITA GOPINATH

വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ഈ റിപ്പോർട്ടുകൾ. യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ് വീണ്ടും പഴയതുപോലെ വ്യാപിക്കുകയാണ്. ശീതകാലത്തു വ്യാപനം കൂടുമെന്ന ആശങ്ക ശക്തമായി. കോവിഡ് വാക്സിൻ ഗവേഷണത്തിൽ മുന്നിലുണ്ടായിരുന്ന ജോൺസൺ ആൻഡ് ജോൺസൺ, എലി ലിലി കമ്പനികൾക്കു പരീക്ഷണം താൽക്കാലികമായി നിർത്തേണ്ടി വന്നതും ആശങ്ക കൂട്ടി.

* * * * * * * *

ബംഗ്ലാദേശ് കുതിച്ചു, ഇന്ത്യ ഇഴഞ്ഞു

ഗീതാ ഗോപിനാഥ് തയാറാക്കിയ വേൾഡ് ഇക്കണോമിക് ഔട്ട് ലുക്ക്‌ റിപ്പോർട്ട് ഇന്ത്യയുടെ ദയനീയ ചിത്രം നൽകുക മാത്രമല്ല ചെയ്യുന്നത്. ഇന്ത്യൻ വളർച്ച സംബന്ധിച്ച തെറ്റിധാരണകൾ തിരുത്തുകയും അതിഥി തൊഴിലാളികളുടെ ക്ഷാമത്തിനു വിശദീകരണം നല്കുകയും ചെയ്യുന്നുണ്ട് ആ റിപ്പോർട് .

ലോകത്തിലെ ഏറ്റവും വേഗം കൂടിയ ജിഡിപി വളർച്ചയാണ് ഇന്ത്യയിലെന്ന് കുറേ നാളായി പ്രചാരണമുണ്ടായിരുന്നു. വളർച്ചയുടെ ഫലം എങ്ങും കാണുന്നില്ലെന്ന പരാതി എല്ലാവരും കൂടി അടിച്ചൊതുക്കുമായിരുന്നു. ഇപ്പോൾ ഐ എം എഫ് പറയുന്നതു നോക്കുക.

ഈ വർഷം ബംഗ്ലാദേശിൻ്റെ ആളോഹരി വരുമാനം നാലു ശതമാനം വർധിച്ച് 1888 ഡോളറാകും. ഇന്ത്യയുടേതു 10.5 ശതമാനം കുറഞ്ഞ് 1877 ഡോളറിലെത്തും.

* * * * * * * *

ഇതെങ്ങനെ സംഭവിച്ചു?

കഴിഞ്ഞ അഞ്ചു വർഷം ഇന്ത്യയുടെ ആളോഹരി വരുമാനം പ്രതിവർഷം 3.2 ശതമാനം നിരക്കിൽ മാത്രമേ കൂടിയുള്ളൂ. ബംഗ്ലാദേശിൻ്റേത് 9.1 ശതമാനം നിരക്കിൽ വർധിച്ചു.

* * * * * * * *

എങ്ങനെയുണ്ട് നമ്മുടെ ഒന്നാം സ്ഥാനം?

അതിഥി തൊഴിലാളികൾ തിരിച്ചു പോയാൽ വീണ്ടും വരുന്നില്ലെന്ന പരാതി കേരളത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അതിഥി തൊഴിലാളികളിൽ വലിയ പങ്ക് ബംഗ്ലാദേശിൽ നിന്നു വന്നവരാണെന്ന് എല്ലാവർക്കും അറിയാം. മടങ്ങിച്ചെല്ലുന്നവർക്ക് അവിടെ വരുമാനമുള്ള പണി കിട്ടുന്നതു കൊണ്ടാണ് അവർ വീണ്ടും ഇവിടേക്കു വരാത്തത്. അതിൻ്റെ വിശദീകരണമാണ് ആളോഹരി വരുമാനത്തിലെ വളർച്ച.

* * * * * * * *

ഐഎംഎഫ് നൽകുന്നത് ഇരുണ്ട ചിത്രം

കോവിഡനന്തര സാമ്പത്തിക വളർച്ചയെപ്പറ്റിയുള്ള ഐ എം എഫ് വിലയിരുത്തൽ ആശങ്ക വളർത്തുന്നതായി. ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 10.3 ശതമാനം കുറയുമെന്നാണ് അവർ പറയുന്നത്. 2021-22-ൽ 8.8 ശതമാനം വളർച്ചയോടെ വീണ്ടും ചൈനയേക്കാൾ വളർച്ചത്തോത് ഇന്ത്യക്കുണ്ടാകുമെന്നും ഫണ്ട് വിലയിരുത്തുന്നു.

ജൂണിൽ ഫണ്ട് കണക്കാക്കിയത് ഇന്ത്യക്കു 4.5 ശതമാനം ഇടിവാണ്. അതിനു ശേഷമാണ് ഒന്നാം പാദത്തിൽ ഇന്ത്യയുടെ ജി ഡി പി 23.9 ശതമാനം താണെന്ന കണക്കു സി എസ് ഒ പുറത്തുവിട്ടത്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥാണ് അവതരിപ്പിച്ചത്.

റിസർവ് ബാങ്ക് 9.5 ശതമാനവും ലോകബാങ്ക് 9.6 ശതമാനവും തളർച്ച പ്രവചിച്ച സ്ഥാനത്താണ് ഐ എം എഫിൻ്റെ 10.3 ശതമാനം. പല റേറ്റിംഗ് ഏജൻസികളും ഇതിനടുത്ത സംഖ്യയാണു പ്രവചിച്ചിട്ടുള്ളത്.

ലോക ജി ഡി പി ഇക്കൊല്ലം 4.4 ശതമാനം ഇടിയും എന്നു ഫണ്ട് കണക്കാക്കുന്നു. നേരത്തേ കണക്കാക്കിയ 5.2 ശതമാനം തളർച്ചയേക്കാൾ മെച്ചമാണെന്നു പറയുമ്പോഴും ആഴമേറിയ തളർച്ചയാണു ലോകം നേരിടുന്നത് എന്ന വസ്തുത നിലനിൽക്കുന്നു. വികസിത രാജ്യങ്ങളുടെ തളർച്ച 5.8 ശതമാനമാകും എന്നാണു ഫണ്ട് പറയുന്നത്. ഇതിനർഥം ലോക വാണിജ്യം നേരത്തേ കരുതിയതിലും കുറവാകുമെന്നാണ്.
അമേരിക്ക ഈ വർഷം 5.8 ശതമാനം ചുരുങ്ങുമെന്നും 202 1-ൽ 3.9 ശതമാനം വളരുമെന്നും ഐ എം എഫ് പറയുന്നു. ചൈന ഈ വർഷം 1.9 ശതമാനം വളരുമെന്നും 202l -ൽ 8.2 ശതമാനം വളർച്ച കാണിക്കുമെന്നും ഫണ്ട് കണക്കാക്കുന്നു.

* * * * * * * *

വിപണികളിൽ ചാഞ്ചല്യം കൂടുന്നു

ഇതെല്ലാം വിപണികളിൽ ചാഞ്ചല്യം വർധിപ്പിച്ചു. യൂറോപ്പിലും അമേരിക്കയിലും സൂചികകൾ ഇന്നലെ താഴോട്ടു പോന്നു. ഇന്നു രാവിലെ ഏഷ്യൻ ഓഹരികളും ദുർബലമാണ്. എസ് ജി എക്സ് നിഫ്റ്റി നല്കുന്ന സൂചന ഇന്ത്യയിലും തുടക്കം ദുർബലമാകുമെന്നാണ് .

സാങ്കേതിക വിശകലനക്കാർ ഇന്ത്യൻ വിപണി അനിശ്ചിതത്വത്തിൽ നിന്നു താഴോട്ടു നീങ്ങുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നു. തുടർച്ചയായ ഒൻപതാം ദിവസവും സൂചികകൾ ഉയർന്നാണ് ക്ലോസ് ചെയ്തത്. പക്ഷേ ഓരോ ദിവസവും ഉയർച്ചയുടെ തോതു കുറഞ്ഞു വരികയാണ്. ഇന്നലെ നിഫ്റ്റി 11,934.50 ൽ ക്ലോസ് ചെയ്തപ്പോൾ ഉയർച്ച 3.55 പോയിൻ്റ് മാത്രം. സെൻസെക്സ് 31.71 കയറി 40,625.51 ലാണു ക്ലോസ് ചെയ്തത്.

ഇന്നു 11,870-നു താഴോട്ടു നിഫ്റ്റി പോന്നാൽ 11,800 ലേ താങ്ങു ലഭിക്കൂ. ഒരു തിരുത്തലിന് അവസരമെന്നു ചുരുക്കം........

* * * * * * * *

സ്വർണം താഴെ

അമേരിക്കയിൽ പ്രസിഡൻ്റ് ട്രംപിനെ ഡെമോക്രാറ്റ് സ്ഥാനാർഥി ജോസഫ് ബൈഡൻ തോൽപിക്കുമെന്ന ധാരണ പ്രബലമായത് ഉത്തേജക ചർച്ചകളെ മന്ദഗതിയിലാക്കി. ട്രംപ് മാറിയാൽ വലിയ ചർച്ച കൂടാതെ വലിയ ഉത്തേജകം നടപ്പാക്കാമെന്നു ഡെമോക്രാറ്റുകൾ കരുതുന്നു. ഈ സമീപനം സ്വർണ വില താഴ്ത്തി. ഔൺസിന് 1892 ഡോളറാണ് ഇന്നു രാവിലെ വില.

ഈ വർഷം സ്വർണ ഖനനം കുറവാകുമെന്നു റിപ്പോർട്ടുണ്ട്. എന്നാൽ ആവശ്യവും കുറവാണ്. കേന്ദ്ര ബാങ്കുകൾ ഇപ്പോൾ വാങ്ങലുകാരല്ല.

* * * * * * * *

ക്രൂഡ് സ്റ്റെഡി

ലോക വിപണിയിൽ ക്രൂഡ് ഓയ്ൽ സ്റ്റെഡിയായി തുടരുന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 42.45 ഡോളറും ഡബ്ള്യു ടി ഐ ഇനം 40.20 ഡോളറുമാണു രാവിലത്തെ വ്യാപാരത്തിൽ .

* * * * * * * *

വിപ്രോ പ്രതീക്ഷയോളം വന്നില്ല

വിപ്രോയുടെ രണ്ടാം ക്വാർട്ടർ ഫലവും ഷെയർ തിരിച്ചു വാങ്ങലും വിപണിയുടെ പ്രതീക്ഷയോളമെത്തിയില്ല. ഓഹരിയൊന്നിന് 400 രൂപ വച്ച് 23.75 കോടി ഓഹരി വാങ്ങാൻ 9500 കോടി രൂപയാണു കമ്പനി മുടക്കുക. മൊത്തം ഓഹരികളിൽ 4.16 ശതമാനമാണു തിരിച്ചു വാങ്ങുന്നത്. ഇന്നലത്തെ ക്ലോസിംഗ് വിലയായ 375.5 രൂപയിൽ നിന്ന് 6.4 ശതമാനം മാത്രം കൂടിയതാണു തിരിച്ചു വാങ്ങൽ വില.
കമ്പനിയുടെ രണ്ടാം പാദ വരുമാനത്തിൽ വർധനയില്ല. അറ്റാദായം 3.4 ശതമാനം കുറഞ്ഞു.
അടുത്ത പാദത്തിൽ 1.5 മുതൽ 3.5 വരെ ശതമാനം വളർച്ചയാണു കമ്പനി വരുമാനത്തിൽ പ്രതീക്ഷിക്കുന്നത്.

* * * * * * * *

വിമാനയാത്രക്കൂലി നിയന്ത്രണം നീക്കിയേക്കും

ആഭ്യന്തര വിമാന സർവീസുകൾക്കു യാത്രക്കൂലിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയേക്കുമെന്നു റിപ്പോർട്ട്. ദീപാവലിക്കു മുമ്പേ നടപടി പ്രതീക്ഷിക്കുന്നു. ഇൻഡിഗോ ഉടമകളായ ഇൻ്റർഗ്ലോബിനും മറ്റും നല്ല വാർത്തയാണിത്.

* * * * * * * *

ഉത്തേജനം: ഇനിയും ഗഡു?

കേന്ദ്ര സർക്കാരിൻ്റെ ചീഫ് ഇക്കണോമിക് അഡ്വൈസർ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ ഇന്നലെ ഒരു ടി വി അഭിമുഖത്തിൽ പറഞ്ഞത് സാമ്പത്തിക വളർച്ചയ്ക്കു വേണ്ടി ബജറ്റിലൂടെ ഇനിയും പലതും ചെയ്യുമെന്നാണ്‌. ഗഡുക്കളായി മാത്രമേ ഇതൊക്കെ ചെയ്യാൻ പറ്റുകയുള്ളോ? വൻ തകർച്ചയിലായ സമ്പദ്ഘടനയെ ഉയർത്താൻ വളരെ വലിയ ഉത്തേജകങ്ങളാണ് ആവശ്യം. പക്ഷേ പ്രഖ്യാപിക്കുന്നതു നാമമാത്ര പദ്ധതികൾ മാത്രം.

ഇന്നത്തെ വാക്ക്: ആളോഹരി വരുമാനം

രാജ്യത്ത് ഒരു വർഷം ഉണ്ടാകുന്ന സമ്പത്ത് അഥവാ ജിഡിപി രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും തുല്യമായി വീതിച്ചാൽ ഒരാൾക്കു കിട്ടുന്നതാണ് ആളോഹരി വരുമാനം (Per capita Income). സമ്പന്ന - ദരിദ്ര വിഭജനം കൂടുതൽ ഉള്ള രാജ്യങ്ങളിൽ ആളോഹരി വരുമാനത്തേക്കാൾ വളരെ കുറവാകും ഭൂരിപക്ഷം പേർക്കും കിട്ടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it