വിപണി ഉയരാന്‍ ആഗോള മൂലധനം തുണയാകും; ജിഎസ്ടിയില്‍ കേന്ദ്രം വഴങ്ങുന്നു, മൂഡീസിന്റെ അപായ സൂചന!

പുതിയ സംഭവങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും വ്യാഴാഴ്ച ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. പക്ഷേ അതു വലിയ തിരുത്തലിനുള്ള തുടക്കമല്ല. വീണ്ടും മുകളിലേക്കു നീങ്ങുന്നതിനുള്ള സൂചനയാണ് എസ് ജി എക്സ് നിഫ്റ്റി യുടെയും ഡൗ ജോൺസ് ഫ്യൂച്ചേഴ്സിൻ്റെയും വെള്ളിയാഴ്ച രാവിലത്തെ നില നല്കുന്നത്. സ്വർണം, ക്രൂഡ്, ഡോളർ വിപണികളും സ്ഥിരത കാണിക്കുന്നു.

ഇതിനർഥം വിപണിയിൽ എല്ലാം ഭദ്രം എന്നല്ല. ആഗോള യാത്ര നടത്തുന്ന ധനകാര്യ മൂലധനം വിപണികളെ ഉയർത്തി നിർത്തും എന്നു മാത്രമാണ്. ആ മൂലധനമൊഴുക്കിനു തടസം വരുന്നുണ്ടോ എന്നു നിക്ഷേപകർ ജാഗ്രതയോടെ നോക്കണം.

* * * * * * * *

ധനമൂലധനം ഒഴുകുന്നതിനു പിന്നിലെ രഹസ്യം

വിപണിയെ നയിക്കുന്നത് ആഗോളയാത്ര നടത്തുന്ന ധനമൂലധനമാണെന്നു പറഞ്ഞല്ലോ? എന്താണ് ഈ ധനമൂലധനം? എന്തിനാണ് അത് ആഗോള യാത്ര നടത്തുന്നത്? എന്നൊക്കെ ചോദ്യങ്ങൾ ഉയരാം.

വികസിത രാജ്യങ്ങളിലെ വ്യക്തികളുടെ സമ്പാദ്യമാണു ധനമൂലധനത്തിൻ്റെ ഉറവിടം. അതു പെൻഷൻ ഫണ്ടുകളിലും മ്യൂച്വൽ ഫണ്ടുകളിലും ഇൻഷ്വറൻസ് പോളിസികളിലും നിക്ഷേപ ഫണ്ടുകളിലും നിക്ഷേപിക്കുന്നു. വികസിത രാജ്യങ്ങളിൽ പലിശ തീരെ കുറവായതിനാൽ പലിശ കൂടുതലുള്ള ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ നിക്ഷേപിക്കാൻ ഫണ്ടുകൾ ഉത്സാഹിക്കുന്നു. ഓഹരി വിപണിയിൽ മാത്രമല്ല ഇങ്ങനെ നിക്ഷേപിക്കുന്നത്‌. വെഞ്ചർ കാപ്പിറ്റൽ എന്ന ഓമനപ്പേരിൽ കമ്പനികളിലും സ്റ്റാർട്ടപ്പുകളിലും അവർ പണമിറക്കും. ദീർഘകാല അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും ടോൾ പിരിവു കമ്പനികളിലുമൊക്കെ ലാഭം തേടി ഈ മൂലധനം വരും. റിലയൻസ് ജിയോയും റീട്ടെയ്ലുമൊക്കെ വലിയ നിക്ഷേപം നേടുന്നതും അദാനിയെപ്പോലുള്ളവർ ലക്ഷക്കണക്കിനു ടൺ ധാന്യങ്ങൾ സൂക്ഷിക്കാവുന്ന പടുകൂറ്റൻ ധാന്യപ്പുര (Silo) കൾ ഉത്തരേന്ത്യയിലുടനീളം നിർമിക്കുന്നതും വിമാനത്താവളങ്ങൾ വാങ്ങിക്കൂട്ടുന്നതും ഈ ഫണ്ടുകൾ ഉപയോഗിച്ചാണ്.

ഈ മൂലധനത്തിൽ ഒരു പങ്ക് ഓഹരി - കടപ്പത്രവിപണികളിലും വരുന്നു. വരവിൻ്റെയും പോക്കിൻ്റെയും തോതനുസരിച്ച് വിപണികൾ ഉയരുകയും താഴുകയും ചെയ്യുന്നു.

* * * * * * * *

ജിഎസ്ടി നഷ്ടപരിഹാരത്തിൽ കേന്ദ്രം വഴങ്ങി

ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്ര സർക്കാർ ഒടുവിൽ ബിജെപി ഇതര പാർട്ടികളുടെ ന്യായമായ ആവശ്യത്തിനു വഴങ്ങി. ബി ജെ പി സംസ്ഥാനങ്ങൾ ജി എസ് ടി കൗൺസിലിൽ കേന്ദ്രത്തോടൊപ്പം നിന്നെങ്കിലും രഹസ്യമായി കേന്ദ്ര നിലപാടിനെതിരായിരുന്നു.

ഭരണഘടനാപരമായി കേന്ദ്രത്തിൻ്റെ ബാധ്യതയാണു വരുമാന നഷ്ടം നികത്തൽ. അതിനു പകരം നിങ്ങൾ കടമെടുത്തോളൂ, ഭാവിയിൽ ഞങ്ങൾ അതു വീട്ടാനുള്ള പണം തരാം എന്നാണു കേന്ദ്രം നിലപാടെടുത്തത്. ഇതു തെറ്റാണെന്നു പ്രതിപക്ഷ കക്ഷികളുടെ സംസ്ഥാനങ്ങൾ ഒന്നിച്ചു വാദിച്ചു.

ഇപ്പോൾ കേന്ദ്രം വായ്പ എടുത്തു സംസ്ഥാനങ്ങൾക്കു മൂലധനവായ്പയായി നൽകും. കേന്ദ്രത്തിൻ്റെ പൊതു കടമെടുപ്പിൽ വരാത്ത ഒന്നാകുമിത്. ധനകമ്മി കൂടാത്ത വിധം പ്രത്യേക ഫണ്ടായിട്ടാണു കടമെടുക്കുക. സംസ്ഥാനങ്ങൾക്കു കമ്മിയിൽ പെടുത്തേണ്ടി വരും.

റേറ്റിംഗ് ഏജൻസികളെ തെറ്റിധരിപ്പിക്കാനും പലിശ നിലവാരം ഉയരാതിരിക്കാനുമാണ് ഈ സങ്കീർണ ക്രമീകരണമെന്നു വിശദീകരണം.

* * * * * * * *

കയറ്റുമതി കൂടി, അമിതാവേശം വേണ്ട

ആറു മാസത്തിനു ശേഷം ഇന്ത്യയുടെ കയറ്റുമതിയിൽ ചെറിയ വർധന. സെപ്റ്റംബറിൽ തലേ സെപ്റ്റംബറിലേക്കാൾ ആറു ശതമാനം വർധനയാണുള്ളത്. ഇറക്കുമതിയിൽ 19.6 ശതമാനം കുറവുണ്ടായി. തന്മൂലം വിദേശ വ്യാപാര കമ്മി കുത്തനെ കുറഞ്ഞു.

സെപ്റ്റംബറിൽ കയറ്റുമതി വർധിച്ചതിനെ ഒരു പ്രവണതയായി കാണേണ്ടതില്ല. പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ.

* * * * * * * *

വിപണിയിൽ നഷ്ടം 3.28 ലക്ഷം കോടി രൂപ

വ്യാഴാഴ്ചത്തെ കൂട്ടത്തകർച്ചയിൽ ഇന്ത്യൻ ഓഹരി വിപണിക്കു 3.28 ലക്ഷം കോടി രൂപ നഷ്ടമായി. അതിൽ 1.05 ലക്ഷം കോടി റിലയൻസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ മൂന്ന് ഓഹരികളിലാണ്.

* * * * * * * *

ഫ്യൂച്ചേഴ്സിൽ നേട്ടം

ഇന്നലെ ഇന്ത്യൻ സൂചികകൾ ശരാശരി രണ്ടര ശതമാനം താണു. യൂറോപ്പിലും സമാന താഴ്ച ഉണ്ടായി. അമേരിക്കയിൽ വ്യാപാരം തുടങ്ങിയതു തകർച്ചയോടെയായിരുന്നെങ്കിലും ക്ലോസിംഗിൽ നേരിയ ഇടിവേ കാണിച്ചുള്ളൂ. ഇന്നു രാവിലെ ഡൗ ഫ്യൂച്ചേഴ്സ് പോസിറ്റീവാണ്. ഏഷ്യൻ വിപണികൾ നേരിയ ഇടിവോടെ തുടങ്ങിയിട്ട് പിന്നെ മെച്ചപ്പെട്ടു.

എസ് ജി എക്സ് നിഫ്റ്റി 55 പോയിൻറ് ഉയർന്നത് ഇന്ത്യൻ വിപണികൾ ഉയരുമെന്നു സൂചിപ്പിക്കുന്നു.

* * * * * * * *

സ്വർണം, ക്രൂഡ് സ്റ്റെഡി

സ്വർണം രാജ്യാന്തര വിപണികളിൽ ഔൺസിന് 1911 ഡോളർ വരെ കയറിയിട്ട് 1906-ലേക്കു താണു. യു എസ് ഇലക് ഷൻ കഴിയുന്നതോടെ വില ഗണ്യമായി കൂടുമെന്ന അഭ്യൂഹം നിലവിലുണ്ട്.

ക്രൂഡ് വില ഇന്നലെ ആറു ശതമാനം ചാഞ്ചാടി. ഒടുവിൽ ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 43 ഡോളറിലെത്തി സ്റ്റെഡിയായി.

* * * * * * * *

ഡോളർ കയറി.

രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ഇന്നലെ ആദ്യം താണിട്ടു തിരിച്ചു കയറി. 73.38 രൂപയിലാണു ഡോളർ.

* * * * * * * *

മൂഡീസും പറയുന്നു, ഇന്ത്യ താഴോട്ടെന്ന്

ആഗോള റേറ്റിംഗ് ഏജൻസി മൂഡീസും ഇന്ത്യയുടെ ജിഡിപി കുത്തനെ താഴുമെന്നു വിലയിരുത്തി. 11.5 ശതമാനം കുറവാണ് അവർ പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്കും ( 9.5 ശതമാനം) ലോകബാങ്കും ( 9.6 ശതമാനം) ഐ എം എഫും ( 10.3 ശതമാനം) പറഞ്ഞതിലും വലിയ ഇടിവാണ് മൂഡീസ് കണക്കാക്കുന്നത്.

സെപ്റ്റംബറിൽ കണ്ട ഉണർവ് ഒക്ടോബർ ആദ്യ ആഴ്ചയിൽ കണ്ടില്ലെന്നു നൊമുറ റിപ്പോർട്ട് ചെയ്തതും ഗൂഗിൾ മൊബിലിറ്റി ഇൻഡെക്സ് ഈയാഴ്ചകളിൽ താഴോട്ടു പോന്നതും നല്കുന്ന സൂചനകളും ശുഭകരമല്ല.

ഇക്കൊല്ലം കേന്ദ്ര സർക്കാരിൻ്റെ കമ്മി ജിഡിപിയുടെ 12 ശതമാനമാകുമെന്നും മൂഡീസ് വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഉത്തേജകം കാര്യമായ ഒരു ഫലവും ഉണ്ടാക്കില്ലെന്നും അവർ കരുതുന്നു. സർക്കാരിൻ്റെ ധനകാര്യ നില അങ്ങേയറ്റം അപായ നിലയിലാണെന്ന മുന്നറിയിപ്പും മൂഡീസ് നലകി.

* * * * * * * *

രസകരം, ഒപ്പം വേദനിപ്പിക്കുന്നത്

പത്രങ്ങളുടെ മുഖപ്രസംഗ പേജ് അഭിപ്രായ പ്രകടനത്തിനുള്ളതാണ്. പത്രാധിപരുടെ അഭിപ്രായവും ലേഖകരുടെ അഭിപ്രായങ്ങളുമൊക്കെ ആ പേജിൽ വരും. ഈ ദിവസങ്ങളിൽ കണ്ട രണ്ട് അഭിപ്രായങ്ങൾ രസകരവും ഒപ്പം വേദനിപ്പിക്കുന്നതുമാണ്.

ഒന്ന്: (ജിഡിപി വളർച്ച ഇ ടിയുമെന്ന ഐ എം എഫ് പ്രവചനത്തെ അധികരിച്ച്) " രാജ്യത്തു മൂലധന നിക്ഷേപം, പറ്റുമെങ്കിൽ പുറത്തു നിന്ന്, വർധിപ്പിക്കുകയാണു ഗവണ്മെൻ്റ് ചെയ്യേണ്ടത്. അതു ചെയ്യുന്നില്ലെങ്കിൽ, സമ്പദ്ഘടനയ്ക്ക് എന്തു സംഭവിച്ചാലും ശാന്തരും വികാരരഹിതരുമായി കഴിയാൻ ജനങ്ങളെ പരിശീലിപ്പിച്ചാൽ മതി.

രണ്ട്: നമ്മുടെ സമ്പദ്ഘടന ശരിയാംവണ്ണം പ്രവർത്തിക്കുന്നില്ല. ധനമന്ത്രാലയത്തിൻ്റെ കഴിവുകേടിനെയല്ലാതെ മറ്റൊന്നിനെയും ഇതിൽ പഴിക്കാനില്ല. നല്ല ധനശാസ്ത്രജ്ഞരെയെല്ലാം അവർ പുറത്താക്കി, പകരം സ്വന്തക്കാരെ കൊണ്ട് ആത്മ നിർഭർ (സ്വയംപര്യാപ്തർ) ആയി.

* * * * * * * *

ഇന്നത്തെ വാക്ക് : മാന്ദ്യം, തീവ്രമാന്ദ്യം

സാമ്പത്തിക മാന്ദ്യത്തെ കുറിക്കാൻ ഇംഗ്ലീഷിൽ രണ്ടു പദങ്ങൾ ഉപയോഗിക്കും. ഒന്ന് മാന്ദ്യം (Recession), രണ്ടാമത്തേതു തീവ്ര മാന്ദ്യം (Depression). തുടർച്ചയായ രണ്ടു പാദങ്ങളിൽ ജിഡിപി ( മൊത്ത ആഭ്യന്തര ഉൽപാദനം) കുറഞ്ഞാൽ അതിനെ മാന്ദ്യം എന്നു പറയുന്നു. ഈ മാന്ദ്യം ആഴത്തിലാവുകയും നീണ്ടു നിൽക്കുകയും ചെയ്താൽ തീവ്ര മാന്ദ്യം എന്നു പറയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it